തിന്മയെ നന്മയായി മുദ്രവച്ച കറുത്ത ദിനം 1971 ആഗസ്റ്റ്‌ 10

ഇന്ത്യയിൽ എക്കാലവും കറുത്ത ലിപിയിൽ രേഖപ്പെടുത്തേണ്ട ദിനമാണിത്. അന്നാണ് ധർമ്മികത ഉയർത്തിപ്പിടിച്ചിരുന്ന ഈ രാജ്യത്ത് തിന്മയെ നന്മയായി ചിത്രീകരിച്ച് പാർലമെന്റിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിച്ചു മുദ്രവച്ച ദിവസം – ഒരമ്മയുടെ പരിശുദ്ധമായ ഗർഭപാത്രത്തിൽ ഉരുവായ നിഷ്‌ക്കളങ്കയായ കുഞ്ഞിനെ നിർദാക്ഷിണ്യം നശിപ്പിക്കാൻ അനുവദിച്ച ദിനം – ഈ ഭൂമിയിൽ ജനിക്കാനും ജീവിക്കാനും അവകാശമുള്ള ഗർഭസ്ഥശിശുവിന്റെ മേൽ കത്തിവയ്ക്കാൻ ആരാച്ചാരന്മാർക്ക് അനുവാദം കൊടുത്ത കറുത്തദിനം.

ജീവന്റെ ആദ്യനിമിഷം മുതൽ ജീവനെ സംരക്ഷിച്ചുകൊള്ളാമെന്ന് ഹിപ്പൊക്രാറ്റിക് പ്രതിജ്ഞ എടുത്ത് ഡോക്ടറായി മാറിയവർക്കു തന്നെയാണ് ഈ നിയമത്തിലൂടെ ഗർഭസ്ഥശിശുവിനെ കൊല്ലാൻ അനുവാദം നൽകിയിരിക്കുന്നത്. അവരുടെ പ്രതിജ്ഞക്ക് എന്തു വിലയാണ് ഗവണ്മെന്റ് നൽകുന്നത്.

1971 -നു മുമ്പ്, 1860 -ലെ ഇന്ത്യൻ പീനൽ കോഡിന്റെ സെക്ഷൻ 312 പ്രകാരം ഗർഭച്ഛിദ്രം കുറ്റകരമാക്കിയിരുന്നു. ആരെങ്കിലും, സ്വമേധയാലോ പ്രേരണയാലോ ഗർഭിണിയായ ഒരു സ്ത്രീ ഗർഭം അലസിപ്പിച്ചാൽ മൂന്നു വർഷം തടവും കൂടാതെ/അല്ലെങ്കിൽ പിഴയും, ഏഴ് വർഷം തടവോ/ അല്ലെങ്കിൽ പിഴയും നേരിടേണ്ടിവരുന്ന ശിക്ഷയാണ് നൽകിയിരുന്നത്.

15 രാജ്യങ്ങളിൽ ഗർഭച്ഛിദ്രം നിയമാനുസൃതമായിരുന്ന 1960 -കളിലാണ് ഇന്ത്യയിൽ ഗർഭച്ഛിദ്രത്തിന് അനുവദിക്കുന്നതിനുള്ള നിയമപരമായ ചർച്ച ആരംഭിച്ചത്. വർദ്ധിച്ചുവരുന്ന ഗർഭച്ഛിദ്രങ്ങളുടെ എണ്ണം ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെട്ടപ്പോഴാണ് ഇത് പരിഹരിക്കാനായി 1964 -ൽ ശാന്തിലാൽ ഷായുടെ നേതൃത്വത്തിലുള്ള ഒരു കമ്മറ്റിയെ ഇന്ത്യ സർക്കാർ നിയമിച്ചത്. ഈ കമ്മിറ്റിയുടെ ശുപാർശകൾ 1970 -ൽ അംഗീകരിക്കുകയും പാർലമെന്റിൽ ഗർഭച്ഛിദ്രത്തിനുള്ള മെഡിക്കൽ ടെർമിനേഷൻ ബില്ലായി അവതരിപ്പിക്കുകയും ചെയ്തു. ഈ ബിൽ ‘വിഡ്ഢിദിനമായ 1971 ഏപ്രിൽ 1’ -ന് അവതരിപ്പിക്കുകയും ‘ആഗസ്റ്റ് 10’ -ന് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് ആയി പാസാക്കുകയും ചെയ്തു.

ഓരോ വർഷവും ഇന്ത്യയിൽ 15.6 ദശലക്ഷം ഗർഭച്ഛിദ്രങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്ക്. അതായത് ഓരോ ദിവസവും ഏകദേശം 44000 അബോർഷൻ ഇന്ത്യയിൽ നടക്കുന്നു. 1971 രാജ്യത്തെ എം.പി -മാർ ഒന്നുചേർന്ന് പാസാക്കിയ ക്രൂരമായ ഈ നിയമം മൂലം 50 വർഷങ്ങൾ എത്തുമ്പോൾ 60 കോടിയിൽ കൂടുതൽ കുഞ്ഞുങ്ങളുടെ നിഷ്കളങ്കരക്തം ഈ ഭാരതമണ്ണിൽ പതിക്കാനിടയായി. ഉൽപത്തി പുസ്തകത്തിൽ “കര്‍ത്താവ് പറഞ്ഞു: നീ എന്താണ് ചെയ്‌തത്‌? നിന്റെ സഹോദരന്റെ രക്‌തം മണ്ണില്‍ നിന്ന്‌ എന്നെ വിളിച്ചു കരയുന്നു” (ഉല്‍. 4:10).

ഈ നിയമം കൊണ്ടുവരാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മദർ തെരേസ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധിയോട്, ‘ഒരമ്മയുടെ ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാൻ അനുവദിക്കരുതേ, ഉള്ളിലുള്ള കുഞ്ഞിന്റെയും പുറത്തുള്ള നമ്മുടെയും ജീവൻ ഒരേ ജീവൻ തന്നെയാണ്. അത് ആയിരിക്കുന്ന സ്ഥലത്തിന്റെ വ്യത്യാസമേയുള്ളൂ. അത് ഗർഭത്തിലും നമ്മൾ പുറത്തും. ഈ കിരാതനിയമം പാസ്സാക്കരുതേ’ എന്ന് അപേക്ഷിച്ചിരുന്നതാണ്.

വി. മദർ തെരേസ പറയുന്നു: “ഗർഭഛിദ്രം അനുവദിച്ചതുകൊണ്ട് ലോകത്തിൽ നാശനഷ്ട്ടങ്ങൾ വിളിച്ചുവരുത്തി. ഒരമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ ഛിദ്രവധം ചെയ്യാൻ സാധിച്ചാൽ പിന്നെ മറ്റുള്ളവർക്ക് തമ്മിൽത്തമ്മിൽ വധിക്കാൻ എന്തുവേണം.”

ഇന്നത്തെ ലോകത്തിന്റെ അവസ്ഥ നമുക്കെല്ലാം അറിവുള്ളതാണല്ലോ. ലോകം മുഴുവനും ഒരു  അരക്ഷിതാവസ്ഥ നിലനിൽക്കുന്നു. ഒരു സ്ഥലവും ഇന്ന് സുരക്ഷിതമല്ല. “മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം മനുഷ്യന്‍ തന്നെ ചൊരിയും; കാരണം, എന്റെ ഛായയിലാണ് ഞാന്‍ മനുഷ്യനെ സൃഷ്‌ടിച്ചത്‌” (ഉല്‍. 9:6).

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (MTP) 1971 നിയമം വഴി ഒരു ഡോക്ടറുടെ ഉപദേശപ്രകാരം 12 ആഴ്ച വരെയും രണ്ട് ഡോക്ടർമാരുടെ ഉപദേശപ്രകാരം 20 ആഴ്ച വരെയുമാണ് ഗർഭം അവസാനിപ്പിക്കാനുള്ള സമയപരിധി.

ശിശുവിന് അംഗവൈകല്യമോ ബുദ്ധിമാന്ദ്യമോ ഉണ്ടാകുകയോ, ബലാത്സംഗത്തിലൂടെ ഗർഭധാരണം നടന്ന സ്ത്രീക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായാൽ, ഗർഭം സ്ത്രീയുടെ ജീവന് ഭീഷണിയാകുകയോ ചെയ്താൽ, വിവാഹിതയായ സ്ത്രീയോ അവളുടെ ഭർത്താവോ ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗ്ഗങ്ങളുടെ പരാജയപ്പെട്ടാൽ ഗർഭശ്ചിദ്രം നടത്താൻ അനുവാദം ഉണ്ട്.

MTP ഭേദഗതി നിയമം, 2021

2020 ജനുവരി 29 -ന്, ഇന്ത്യൻ സർക്കാർ ആദ്യമായി MTP ഭേദഗതി ബിൽ 2020 അവതരിപ്പിച്ചു. അത് 2020 മാർച്ച് 17 -ന് ലോക്‌സഭയിൽ പാസാക്കി. ഒരു വർഷത്തിനു ശേഷം, ബിൽ രാജ്യസഭയിൽ വയ്ക്കുകയും 2021 മാർച്ച് 16 -ന് പാസാക്കുകയും ചെയ്തു. 2021 MTP ഭേദഗതി നിയമം 2021 ആയി. ഭേദഗതികൾ താഴെ പറയുന്നവയാണ്:

1. ഗർഭനിരോധന മാർഗ്ഗമോ ഉപകരണമോ പരാജയപ്പെട്ടാൽ വിവാഹിതയായ ഒരു സ്ത്രീ ഗർഭം അവസാനിപ്പിക്കാൻ MTP നിയമം നേരത്തെ അനുവദിച്ചിരുന്നു. ഭേദഗതിയിലൂടെ,

2. ഗർഭനിരോധന പരാജയം കാരണം അവിവാഹിതരായ സ്ത്രീകൾക്ക് ഇപ്പോൾ സുരക്ഷിതമായ ഗർഭച്ഛിദ്ര സേവനങ്ങൾ തേടാം.

ഇപ്പോൾ എല്ലാ സ്ത്രീകൾക്കും ഒരു ഡോക്ടറുടെ ഉപദേശപ്രകാരം 24 ആഴ്ച വരെ ഗർഭം അവസാനിപ്പിക്കാം, പ്രത്യേക വിഭാഗത്തിലുള്ള സ്ത്രീകൾക്ക്

1. ലൈംഗികപീഡനത്തിന് ഇരയായവർ
2. പ്രായപൂർത്തി ആകാത്തവർ
3. ബലാത്സംഗത്തിന് ഇരയായവർ
4. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർ, ഭിന്നശേഷിക്കാർ, 24 ആഴ്ച വരെ അവസാനിപ്പിക്കാം.

കൂടാതെ 24 ആഴ്ച കഴിഞ്ഞാൽ ഗർഭസ്ഥശിശുവിന്റെ അവസ്ഥ കണ്ടെത്തുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മെഡിക്കൽ ബോർഡുകളെ നിയോഗിച്ചിട്ടുണ്ട്. 24 ആഴ്ചകൾക്കു ശേഷം ഗർഭം അവസാനിപ്പിക്കണമോ വേണ്ടയോ എന്ന് അതിനായി നിയോഗിച്ചിട്ടുള്ള ഈ ബോർഡ് തീരുമാനിക്കും

ഇതിൽ നിന്ന് എന്താണ് നമ്മൾ മനസിലാക്കേണ്ടത്. ഗർഭത്തിന്റെ ഏതവസ്ഥയിലും കുറേ വിദഗ്ധരെന്നു പറയുന്നവർ നിശ്ചയിച്ചാൽ കുഞ്ഞിനെ നശിപ്പിക്കാൻ അനുവദിക്കുന്ന നിയമമാണിവിടെ നിലനിൽക്കുന്നത്. ലോകത്തിൽ വച്ച് ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ഗർഭപത്രം എപ്പോൾ വേണമെങ്കിലും കൊലയറ ആക്കാൻ അനുവദിക്കുന്ന ഈ രാജ്യത്ത് എവിടെയെങ്കിലും മനുഷ്യന് സുരക്ഷിതമായി ജീവിക്കാൻ സാധിക്കുമോ?

ഗർഭഛിദ്രം  എന്തുകൊണ്ട് തെറ്റാകുന്നു? 

ജീവന്റെ ഉറവിടം ദൈവത്തിൽ നിന്നാണ്. അത് ദൈവഛായയും സാദൃശ്യവുമാണ്. “ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്‌ടിച്ചു” (ഉല്‍. 1:27).

“അവിടുന്നാണ്‌ എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്‌; എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന്‌ എന്നെ മെനഞ്ഞു” (സങ്കീ. 139:13).

ഇതൊക്കെ ഇന്ന് മനുഷ്യൻ വിസ്മരിച്ചു. ഇതൊക്കെ ഉൽപാദിക്കപ്പെടുന്നതാണെന്ന് കരുതുന്നു.

1. യുഎൻ പറയുന്നു, അണ്ഠവും ബീജവും ഒന്നിക്കുന്ന ആ നിമിഷം തന്നെ 46 ക്രൊമോസുള്ള മനുഷ്യജീവൻ രൂപപ്പെട്ടുകഴിഞ്ഞു എന്ന്.

2. മനുഷ്യഭ്രൂണത്തിന്റെ ആരംഭം മുതൽ മനുഷ്യവ്യക്തി ആകുവാനുള്ള എല്ലാ കഴിവുകളും അതിനുണ്ട്. ഗർഭശ്ചിദ്രം നടത്തുന്നവർ പലപ്പോഴും ഭ്രൂണത്തെ മറ്റൊരു വ്യക്തിയായി കാണുന്നില്ല.

3. ജീവന്റെ സുവിശേഷം 60 -ആം നമ്പറിൽ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ രേഖപ്പെടുത്തിയിരിക്കുന്നു: “ബീജസങ്കലന നിമിഷം മുതൽ ഒരു പുതിയ ജീവൻ തുടങ്ങുന്നു. അത് ഒരു പുതിയ മനുഷ്യജീവിയുടെ സ്വന്തം വളർച്ചയോടു കൂടിയ ജീവനാണ്. അപ്പോൾ തന്നെ അത് മാനുഷികമല്ലെങ്കിൽ പിന്നെ ഒരിക്കലും അത് മാനുഷികമാകുകയില്ല. മനുഷ്യജീവി ഗർഭധാരണത്തിന്റെ നിമിഷം മുതൽ ഒരു വ്യക്തി എന്ന നിലയിൽ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. അതുകൊണ്ട് ആ നിമിഷം മുതൽ ഒരു വ്യക്തിയെന്ന നിലയിൽ അതിനുള്ള അവകാശങ്ങൾ അംഗീകരിക്കപ്പെടണം.”

ഓരോ വർഷവും 5 കോടി 13 ലക്ഷത്തിനു മേൽ കുഞ്ഞുങ്ങൾ ഗർഭഛിദ്രത്തിലൂടെ കൊല ചെയ്യപ്പെടുമ്പോൾ ജീവനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയും ഉറങ്ങിക്കിടക്കാനുള്ളവനല്ല. നമ്മുടെ ചുറ്റും നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങൾ പിടഞ്ഞുവീണുകൊണ്ടിരിക്കുമ്പോൾ നമുക്കെങ്ങനെ ഉറങ്ങാനും നിസ്സംഗരായിരിക്കാനും സാധിക്കും. നാം ഒരു പ്രത്യേകിച്ച്‌ , പ്രോലൈഫ് ശുശ്രുഷയ്ക്ക് വിളിക്കപ്പെട്ടവർക്ക് എങ്ങനെ ഉറങ്ങിക്കിടക്കാൻ സാധിക്കും.

പ്രോലൈഫ് ഒരു യുദ്ധമുന്നണിയാണ്. ജീവനും മരണവും നന്മയും തിന്മയും തമ്മിലുള്ള ഒരു യുദ്ധമുന്നണി. “ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിന്  ജീവന്‍ തിരഞ്ഞെടുക്കുക” (നിയമാ. 30:19).

“ഇസ്രായേലേ, കേള്‍ക്കുക, ശത്രുക്കള്‍ക്കെതിരായി നിങ്ങള്‍ യുദ്ധത്തിനിറങ്ങുകയാണ്‌. ദുര്‍ബലഹൃദയരാകരുത്‌; അവരുടെ മുമ്പില്‍ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ അരുത്‌. നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് നിങ്ങളുടെ കൂടെ വന്ന്‌ ശത്രുക്കള്‍ക്കെതിരായി യുദ്ധം ചെയ്ത് വിജയം നേടിത്തരുന്നത്‌” (നിയമാ. 20:3-4).

“നീ എഴുന്നേറ്റ്‌ അര മുറുക്കുക. ഞാന്‍ കല്‍പിക്കുന്നതൊക്കെയും അവരോടു പറയുക. അവരെ നീ ഭയപ്പെടേണ്ടാ; ഭയപ്പെട്ടാല്‍ അവരുടെ മുമ്പില്‍ നിന്നെ ഞാന്‍ പരിഭ്രാന്തനാക്കും” (ജറെ. 1:16-17). ദൈവികജീവൻ കുടികൊള്ളുന്ന മനുഷ്യശരീരത്തിനെതിരായ തിന്മകൾ വർദ്ധിക്കുമ്പോൾ നമുക്ക് കയ്യും കെട്ടി നിൽക്കാൻ എങ്ങനെ സാധിക്കും. “അജ്‌ഞത നിമിത്തം എന്റെ ജനം നശിക്കുന്നു” (ഹോസിയാ 4:6).

നമ്മുടെ സമൂഹത്തിൽ വ്യവസ്ഥിതിയുടെ ഭാഗമായി അധർമ്മം വളരുന്നുണ്ടെങ്കിൽ നമുക്ക് എഴുന്നേൽക്കാൻ സമയമായിരിക്കുന്നു. എഴുന്നേറ്റ് സ്വയം വിശുദ്ധീകരിക്കപ്പെടാം. “നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിക്കുക. നാളത്തേക്കു തങ്ങളെത്തന്നെ ശുദ്ധീകരിക്കാന്‍ അവരോടു പറയുക” (ജോഷ്വ 7:13).

ഈ കിരാതനിയമം നിലവിൽ വന്നതിന്റെ 50 -ആമത് വാർഷികദിനത്തിൽ നമുക്ക് ജീവന്റെ സംരക്ഷണത്തിനായി ഒരു പുനർസമർപ്പണം നടത്താം. ജീവൻ ചോർന്നുപോകുന്ന ഇടങ്ങളിലെല്ലാം ജീവന്റെ പ്രവാചകരായി പ്രാർത്ഥനാപൂർവ്വം നമുക്ക് കടന്നുചെല്ലാം.

എബ്രഹാം പുത്തൻകളം
ജീവൻ ജ്യോതിസ് പ്രോലൈഫ് സെൽ കോഓർഡിനേറ്റർ
ചങ്ങനാശ്ശേരി അതിരൂപത, കൃപ പ്രോലൈഫേഴ്സ് ഡയറക്ടർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.