താൻ സുഖം പ്രാപിച്ചു വരുന്നതായി വെടിയേറ്റ് ചികിത്സയിലായിരുന്ന സുഡാനിലെ ബിഷപ്പ്

ദക്ഷിണ സുഡാനിലെ റുംബൈക്കിലെ നിയുക്ത ബിഷപ്പ് ക്രിസ്ത്യൻ കാർലെസ്സായർ സുഖം പ്രാപിച്ചു വരുന്നതായി റിപ്പോർട്ട്. ആറു ശസ്ത്രക്രിയകൾക്ക് വിധേയനായ അദ്ദേഹം എത്രയും വേഗം രൂപതയിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിക്കുന്നതായും രൂപതാധികൃതർ അറിയിച്ചു.

ഏപ്രിൽ മാസം 26 -നു അർദ്ധ രാത്രി ആയുധധാരികൾ നിയുക്ത ബിഷപ്പിന്റെ വസതിയിലെത്തുകയും വെടിയുതിർക്കുകയും ചെയ്തു. കാലിൽ വെടിയേറ്റ അദ്ദേഹത്തെ ഉടൻ തന്നെ നെയ്‌റോബിയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ എപ്പിസ്‌കോപ്പൽ സമർപ്പണം മെയ് 23 നു നടക്കാനിരുന്നതായിരുന്നു. പിന്നീട് അത് മാറ്റിവെച്ചു.

നമ്മുടെ ജീവിതത്തിൽ സുവിശേഷത്തിനായി അവസാനം വരെയും വിശ്വസ്തരായിരിക്കുമ്പോൾ നമ്മുടെ സാക്ഷ്യം വിലപ്പെട്ടതാണെന്നു അവബോധം ഉണ്ടാകും. ഏതാനും ആഴ്ചകൾക്കുള്ളിൽ സുഡാനിലേയ്ക്ക് മടങ്ങി വരാൻ സാധിക്കുമെന്നും തന്നെ ആക്രമിച്ചവരുടെ പിന്നിൽ വംശീയപരമായ കാരണങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. “വംശീയ താത്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിച്ച അക്രമികൾ എന്റെ നിയമനത്തോട് വിയോജിക്കുന്നു. പക്ഷെ ആക്രമണം ആർക്കും പ്രയോജനപ്പെടുന്നില്ല. അവർ ജനങ്ങളുടെ നീരസത്തിനു പാത്രമായി. അതെ സമയം റുംബക്ക്, കെനിയ എന്നിവിടങ്ങളിലെ ജനങ്ങൾ നെയ്‌റോബിയിലെ ആശുപത്രിയിലായിരുന്നപ്പോൾ സന്ദേശങ്ങൾ അയച്ചിരുന്നു. വളരെ ക്രിയാത്മകമായ ഒരു പ്രതികരണമായിരുന്നു അവരുടേത്. വിവേക ശൂന്യമായ അക്രമത്തിനെതിരെ ജനങ്ങൾ പ്രതികരിച്ചതിന് സൂചകമാണത്” അദ്ദേഹം പറഞ്ഞു.

ഇറ്റാലിയൻ കോംബോനി മിഷനറി ആയ അദ്ദേഹം നിരവധി വർഷമായി സുഡാനിൽ മിഷൻ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. ഭൂമിശാസ്ത്രപരമായും ഗോത്രപരമായും ഉള്ള തർക്കങ്ങൾ അതിജീവിച്ച് ജനങ്ങളെ ഒരുമിച്ച് ജീവിക്കാൻ പഠിപ്പിക്കണമെന്നും അതോടൊപ്പം സുരക്ഷാ ഉറപ്പുവരുത്താൻ സർക്കാർ ആവശ്യമായ നടപടികൾ ചെയ്യണമെന്നും നിയുക്ത ബിഷപ്പ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.