സിസ്റ്റർ ക്ലെയർ ക്രോക്കറ്റിന്റെ ജീവചരിത്രം പുറത്തിറങ്ങുന്നു

2016-ല്‍ ഇക്വഡോറിലുണ്ടായ ഭൂകമ്പത്തിൽ മരണമടഞ്ഞ സന്യാസിനി സി. ക്ലെയർ ക്രോക്കറ്റിനോടുള്ള മദ്ധ്യസ്ഥതയിൽ നിരവധി അത്ഭുതങ്ങള്‍ നടന്നതായി റിപ്പോർട്ടുകൾ ഉണ്ട്. സെർവന്റ്‌സ് ഓഫ് ദി മദർ എന്ന കോൺഗ്രിഗേഷനിലെ അംഗമായ സി. ക്രിസ്റ്റൻ ഗാർഡ്നർ ഇപ്പോൾ സി. ക്ലയറിന്റെ സമ്പൂര്‍ണ്ണ ജീവചരിത്രം പുറത്തിറക്കുകയാണ്.

2016 ഏപ്രിൽ 16-ന് ഇക്വഡോർ പ്രവിശ്യയായ മനാബെയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സി. ക്ലെയർ ക്രോക്കറ്റ് ഉൾപ്പെടെ 673 പേർ മരിച്ചു. മരിച്ച് രണ്ട് വർഷത്തിനുശേഷം, സെർവന്റ്സ് ഓഫ് ദി ഹോം ഓഫ് മദർ സിസ്റ്റേഴ്സ്, സി. ക്ലെയർ ക്രോക്കറ്റിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ഇറക്കുകയുണ്ടായി. അത് യൂട്യൂബിൽ ഇതിനോടകം 2.3 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

സി. ക്ലെയറിന്റെ ആദ്യത്തെ സമ്പൂർണ്ണ ജീവചരിത്രമാണ് ഈ മാസം പുറത്തിറങ്ങുന്ന ‘Mr. Clare Crockett: Alone with Christ Alone’ എന്ന പുസ്തകം. ഇതിൽ സി. ക്ലയറിന്റെ വ്യക്തിപരമായ രചനകളും പേഴ്‌സണൽ ഡയറിയിൽ നിന്നുള്ള ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി എഴുതിയ പ്രാർത്ഥനകളും ഈ സമർപ്പിതയുടെ ആത്മീയജീവിതവും ദൈവവുമായുള്ള ബന്ധവും ഇതിൽ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ജീവിതത്തിൽ ഇരുട്ടിന്റെയും പോരാട്ടത്തിന്റെയും നിമിഷങ്ങളുണ്ടായിരുന്നു. പക്ഷേ ദൈവസ്നേഹം എല്ലായ്പ്പോഴും വിജയിച്ചു – സി. ക്ലയറിന്റെ രചനകളിൽ പറയുന്നു.

1982-ൽ നോർത്തേൺ അയർലൻഡിലെ ഡെറിയിൽ സി. ക്ലെയർ ജനിച്ചു. പതിനാലാമത്തെ വയസു മുതൽ  ടെലിവിഷൻ ചാനലുകളിൽ അവതാരികയായി അവള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പിന്നീടങ്ങോട്ട് പല ചാനലുകളിലെ പല പരിപാടികളിലും അവൾ നിറഞ്ഞുനിന്നു. എന്നാൽ, 2000-ൽ ഒരു ധ്യാനം കൂടിയതിന്റെ ഫലമായി അവളുടെ ജീവിതവിളി ഏതെന്ന് തിരഞ്ഞെടുക്കുവാനുള്ള ഒരു വഴിത്തിരിവുണ്ടായി. അവളുടെ ജീവിതത്തിലെ ഒരു നീണ്ടയാത്രയുടെ തുടക്കമായിരുന്നു സെർവന്റ്സ് ഓഫ് ദി ഹോം ഓഫ് മദർ എന്ന കോൺഗ്രിഗേഷനിൽ അംഗമായി ചേർന്നത്.

“ദൈവത്തോട് പൂർണ്ണമായി രൂപാന്തരപ്പെടുവാൻ ഒരു പരിപൂർണ്ണ ഹൃദയം ഉണ്ടായിരിക്കണം എന്നതായിരുന്നു സി. ക്ലയറിന്റെ വലിയ ആഗ്രഹം. തനിക്ക് അത് സ്വന്തമായി നിർവ്വഹിക്കാൻ കഴിയില്ലെന്ന് അവൾക്കറിയാമായിരുന്നു. അതിനാൽ ദൈവത്തോട് അവൾ സഹായത്തിനായി നിരന്തരം യാചിച്ചു” – സി. ക്രിസ്റ്റൺ പറയുന്നു.

ശക്തമായ ആത്മീയജീവിതവും ദൈവവുമായുള്ള ബന്ധവും തന്റെ ദൈനംദിന ജീവിതത്തിൽ അവൾ കാത്തുസൂക്ഷിച്ചു. സി. ക്ലയറിന്റെ മാദ്ധ്യസ്ഥത്തിലൂടെ ഇന്ന് അനേകം രോഗശാന്തികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സി. ക്ലയറിന്റെ ഡോക്യുമെന്ററി കണ്ട് ആത്മഹത്യയുടെ വക്കിൽനിന്നു പോലും തിരിച്ചുവന്നവരുണ്ടായിരുന്നു. അത്രമാത്രം ആധുനികലോകത്തെ സ്വാധീനിക്കാൻ കഴിഞ്ഞ ഒരു വ്യക്തിയായി ഈ സന്യാസിനി ഇതിനോടകം മാറിക്കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.