എബ്രാഹാം ലിങ്കൺ ഉപയോഗിച്ചിരുന്ന ബൈബിൾ പ്രദർശനത്തിന്

എബ്രഹാം ലിങ്കന്റേതായി സൂക്ഷിച്ചിരിന്ന ബൈബിള്‍ നൂറ്റിയന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം പരസ്യപ്രദര്‍ശനത്തിന് വച്ചു. അബ്രഹാം ലിങ്കണ് മൊത്തം ആറ് ബൈബിൾ ഉണ്ടായിരുന്നതായിട്ടാണ് ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തുന്നത്. ഇതിൽ ആറാമത്തെ ബൈബിൾ അദ്ദേഹം കൊല്ലപ്പെടുന്നതിന് ഒരു വര്‍ഷം മുൻപ് 1864-ലാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

ഫിലാഡെല്‍ഫിയായില്‍ സൈനികരെ ശുശ്രൂഷിക്കുന്ന ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ ലിങ്കന് സമ്മാനിച്ചതാണ്‌ ആറാമത്തെ ബൈബിള്‍. “അമേരിക്കന്‍ പ്രസിഡന്‍റിന് ദി ലേഡീസ് ഓഫ് ദി സിറ്റിസന്‍സ് വോളണ്ടീര്‍ ഹോസ്പിറ്റല്‍ ഫിലാഡല്‍ഫിയ സമ്മാനിക്കുന്നത്” എന്നാണ് ഈ ബൈബിളിന്റെ പുറംചട്ടയില്‍ ആലേഖനം ചെയ്തിരിക്കുന്നത്.

അമേരിക്കയിലെ എക്കാലത്തെയും മഹാനായ പ്രസിഡന്റിന്റെ ശക്തമായ ദൈവവിശ്വാസം വെളിപ്പെടുത്തുകയാണ് ഈ ബൈബിൾ എന്ന് ലിങ്കന്‍ മ്യൂസിയത്തിന്റെ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ അലൻ ലോവെ പറഞ്ഞു. ലിങ്കന്റെ മരണശേഷം അദ്ദേഹത്തിന്റെ വിധവയായ ഭാര്യ മേരി, ഈ ബൈബിള്‍ തന്റെ കുടുംബസുഹൃത്തും അയല്‍ക്കാരനും ബാപ്റ്റിസ്റ്റ് മിനിസ്റ്ററുമായ റവ. നോയെസ് മൈനറിന് നൽകിയിരുന്നു. ഇതുവരെ ഈ ബൈബിള്‍ രഹസ്യമായി സൂക്ഷിച്ച മൈനര്‍കുടുംബം ഈ അടുത്തകാലത്താണ് ഇത് എബ്രഹാം ലിങ്കന്‍ പ്രസിഡന്‍ഷ്യല്‍ ലൈബ്രറി മ്യൂസിയത്തിന് സമ്മാനമായി നല്‍കുവാന്‍ തീരുമാനിച്ചത്.

ദൈവം മനുഷ്യന് നല്‍കിയിട്ടുള്ളതില്‍ ഏറ്റവും മഹത്തായ സമ്മാനമാണ് ബൈബിളെന്നും ലിങ്കന്‍ പരാമര്‍ശിച്ചിരുന്നു. അദ്ദേഹം ഉപയോഗിച്ച ബൈബിൾ തന്നെയാണ് ട്രംപും മുൻ പ്രസിഡണ്ട് ബറാക് ഒബാമയും അധികാരത്തിൽ എത്തിയപ്പോൾ സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിച്ചത്.