പരിഹാരം ബൈബിളിൽ ഉണ്ട്: വൈറലായി ഇസ്രായേൽ അംബാസിഡറിന്റെ ബൈബിൾ പ്രഭാഷണം

അവസാനമില്ലാതെ തുടരുന്ന ഇസ്രായേൽ – പാലസ്തീൻ പ്രശ്‌നപരിഹാരം യാഥാർത്ഥ്യമാക്കാനുള്ള മാർഗ്ഗം ബൈബിളിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിലിൽ ഇസ്രായേൽ അംബാസഡർ ഡാനി ഡാനൻ നടത്തിയ ബൈബിൾ പ്രഭാഷണം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. ഉൽ. 17: 7-8 വരെയുള്ള വാക്യങ്ങളെ ഉദ്ധരിച്ചാണ് അദ്ദേഹം ഇസ്രയേലില്‍ യഹൂദർക്കുള്ള അവകാശം ചൂണ്ടിക്കാട്ടിയത്.

ഗാസയിൽ നിന്നും ഇസ്രായേൽ പിൻവാങ്ങിയാലും സമാധാനം പുനഃസ്ഥാപിക്കപ്പെടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഇസ്രയേൽ, യഹൂദരാഷ്ട്രമായി പലസ്തീൻ അംഗീകരിക്കുക, പലസ്തീന്റെ പ്രകോപനപരമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക, പ്രാദേശികതലത്തിലുള്ള സഹകരണം ഉറപ്പാക്കുക, ഇസ്രായേലിന്റെ സുരക്ഷാസംവിധാനങ്ങളെ അംഗീകരിക്കുക എന്നീ നാല് കാര്യങ്ങൾ അംഗീകരിച്ചാൽ സമാധാനം പുനഃസ്ഥാപിക്കപ്പെടും’ എന്ന് ഉയർത്തിപ്പിടിച്ച ബൈബിളുമായി അദ്ദേഹം വ്യക്തമാക്കി.

യഹൂദരെക്കുറിച്ചും ഇസ്രായേൽദേശവുമായി അവര്‍ക്കുള്ള ബന്ധത്തെക്കുറിച്ചും വ്യക്തമായ ചിത്രം ബൈബിൾ തരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം നടത്തിയ പ്രഭാഷണം ഇതിനകം വിവിധ ഭാഷകളിലേക്ക് തർജ്ജിമ ചെയ്യപ്പെട്ടു കഴിഞ്ഞു.