ഒരുക്കത്തോടെ വി. കുർബാന സ്വീകരിക്കാൻ ഇതാ ഒരു പ്രാർത്ഥന 

ക്രിസ്തു ലോകത്തിന് നൽകിയ ഏറ്റവും വലിയ സമ്മാനമാണ് വി. കുർബാന. വി. കുർബാന സ്വീകരിക്കുമ്പോൾ വേണ്ടത്ര ഒരുക്കവും ഭക്തിയും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. നമ്മുടെ ഹൃദയത്തിൽ എഴുന്നെള്ളി വരുന്ന നാഥനെ സ്നേഹത്തോടെ സ്വീകരിക്കുവാൻ നാം നമ്മുടെ ഹൃദയത്തെ നിർമ്മലമാക്കേണ്ടതുണ്ട്.

യേശുവെന്ന വലിയ സമ്പത്താണ് കുർബാനയായി നമ്മിലേക്ക്‌ കടന്നു വരുന്നത്. നമ്മുടെ കുറവുകൾ നോക്കാതെ നമ്മോടു കരുണ കാണിച്ചു കടന്നു വരുന്ന കുർബാനയിലെ വിശുദ്ധ സാന്നിധ്യത്തെ സന്തോഷത്തോടെ അതിലുപരി ഒരുക്കത്തോടെ നമുക്ക് സ്വീകരിക്കാം. വി. കുർബാനയിലൂടെ നമ്മിലേക്ക്‌ എഴുന്നള്ളി വരുന്ന ക്രിസ്തുവിനെ സ്വീകരിക്കാൻ ഒരു പ്രാർത്ഥനയിതാ. ഈ പ്രാർത്ഥന വി. കുർബാനയിലേക്കു എളിമയോടെ എങ്ങനെ പ്രവേശിക്കാം എന്ന് നമ്മെ പഠിപ്പിക്കുന്നു.

“കാരുണ്യവാനായ കർത്താവേ, ഈ അപ്പത്തിന്റെ മേശയിലേക്ക് പ്രവേശിക്കാൻ ഞങ്ങൾക്ക് യോഗ്യതയില്ല. അങ്ങയുടെ നീതിപൂർണമായ കരുണ ഒന്ന് മാത്രമാണ് ഞങ്ങളെ അങ്ങയുടെ കാരുണ്യത്തിലേക്ക് അടുപ്പിച്ചത്. നിന്റെ മേശക്കരികിലെ വി. കുർബാനയെന്ന അപ്പത്തിന്റെ തരികൾ സ്വീകരിക്കാൻ പോലും ഞങ്ങൾ യോഗ്യരല്ല  എങ്കിലും സകല നന്മകളുടെയും ഇരിപ്പിടമായ നീ ഞങ്ങളോട് നിരന്തരം കരുണ കാണിക്കുന്നു.

കാരുണ്യവാനും കൃപാസമ്പന്നനുമായ കർത്തവേ, പുത്രനായ ഈശോയുടെ ശരീരം ഭക്ഷിക്കുവാനും അവിടുത്തെ രക്തം പാനം ചെയ്യുവാനും പാപപങ്കിലമായ ഞങ്ങളുടെ ശരീരങ്ങളെ   ക്രിസ്തുവിന്റെ തിരുരക്തത്താൽ കഴുകി നിർമ്മലമാക്കണമേ. ആമ്മേൻ.”