കുടുംബപ്രാർത്ഥനയിൽ നിഷ്ഠയുള്ളവരാണോ നിങ്ങൾ..? എങ്കിൽ നിങ്ങളുടെ കുടുംബത്തിൽ ഈ ഗുണങ്ങൾ ഉണ്ടാകും

  പലപ്പോഴും സമയമില്ല എന്ന കാരണം പറഞ്ഞ് കത്തോലിക്കാ കുടുംബങ്ങളിൽ നിന്ന് മാറ്റിനിർത്തുന്ന ഒന്നാണ് കുടുംബപ്രാർത്ഥന. മറ്റെന്തു കാരണങ്ങൾക്കു൦ ഓടുവാൻ തയ്യാറുള്ള നാം കുടുംബപ്രാർത്ഥനയുടെ കാര്യത്തിൽ അൽപം മടുപ്പ് പുലർത്താറുണ്ട്. എന്നാൽ, കുടുംബപ്രാർത്ഥനയും അതിനായി നിശ്ചയിച്ചിരിക്കുന്ന സമയവും നിസാരമായ ഒന്നല്ല. അതിന് ഒരു കുടുംബത്തെ മുഴുവൻ ഏതു പ്രതിസന്ധിയിലും പിടിച്ചുനിർത്താൻ കഴിയും. അതിനാൽ തന്നെയാണ് വി. പാട്രിക് പറയുന്നത്: ‘ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒന്നിച്ചു നിലനിൽക്കും’ എന്ന്.

  കുടുംബപ്രാർത്ഥന മുടക്കം കൂടാതെയും ഏറ്റവും ഭക്തിയോടെയും നടത്തുന്ന കുടുംബങ്ങളിൽ കാണുന്ന ഏതാനും പ്രത്യേകതകൾ അല്ലെങ്കിൽ കുടുംബപ്രാർത്ഥനയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

  1. നന്ദിയുടെ മനോഭാവം കുടുംബാംഗങ്ങളിൽ വളർത്തും

  കുടുംബാംഗങ്ങൾ ഒന്നുചേർന്ന് പ്രാർത്ഥിക്കുമ്പോൾ, അത് ദൈവം തന്ന അനുഗ്രഹങ്ങൾക്കായുള്ള നന്ദിപ്രകാശനത്തിന്റെ അവസരമായി മാറുകയാണ്. ദൈവം നമ്മെ എത്രമാത്രം അനുഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കാൻ നന്ദിപറഞ്ഞുള്ള പ്രാർത്ഥന സഹായിക്കും. നമ്മുടെ സന്തോഷങ്ങൾ പങ്കുവയ്ക്കുകയും പരസ്‌പരം അനുഗ്രഹങ്ങളിൽ സന്തോഷിക്കുകയും ചെയ്യുന്നതിനാൽ നന്ദിയും സന്തോഷവും ശുഭാപ്തിവിശ്വാസവും നൽകുന്ന നിമിഷങ്ങളായി ഇത് മാറുന്നു. ഓരോ കുടുംബാംഗത്തിനും നല്ല അനുഭവം നൽകുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനും പ്രതീക്ഷയോടെ മുന്നേറുവാനും കുടുംബപ്രാർത്ഥന സഹായകമാകുന്നു.

  2. കുടുംബപ്രാർത്ഥന ആത്മീയമായി ആശയവിനിമയം നടത്തുന്നു

  കുടുംബപ്രാർത്ഥനയ്ക്ക് മുന്നോടിയായി പ്രാർത്ഥനാവശ്യങ്ങൾ, പ്രാർത്ഥിച്ചു ലഭിച്ച അനുഗ്രങ്ങൾ, എന്നിവ ചർച്ച ചെയ്ത് പ്രാർത്ഥനയ്ക്കായി ഒരുങ്ങാം. അങ്ങനെ ചെയ്യുമ്പോൾ ഓരോരുത്തർക്കും പ്രാർത്ഥിക്കാൻ ഒരു കാരണമുണ്ടാകും. പ്രാർത്ഥന എനിക്കും കൂടെയാണ് എന്നു കരുതിക്കൊണ്ട് സജീവമായി പങ്കെടുക്കുവാൻ പ്രോത്സാഹനം നൽകും. കൂടാതെ, ഇങ്ങനെ ചെയ്യുമ്പോൾ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴപ്പെടുന്നു. ഇത് ദൈവത്തിലുള്ള പ്രതീക്ഷയിലേയ്ക്ക് നയിക്കുന്നതിനും കാരണമാകുന്നു.

  3. ദൈവവും മനുഷ്യരുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നു

  കുടുംബപ്രാർത്ഥന കുടുംബാംഗങ്ങളും ദൈവവുമായുള്ള ഐക്യത്തിലേയ്ക്ക് നമ്മെ വളർത്തുന്നു. ദൈവവുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നതാണ് പല കുടുംബങ്ങളിലേയും പ്രശ്നങ്ങൾക്കു കാരണം. കുടുംബപ്രാർത്ഥനയിൽ പതിവായി പങ്കെടുക്കുകയും ഒരുമിച്ചു പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ആത്മീയജീവിതം മെച്ചപ്പെടുന്നു. അത് ദൈവവുമായി നമ്മെ അടുപ്പിക്കുന്നു. ദൈവവുമായുള്ള ബന്ധം സുഗമമായി കഴിഞ്ഞാൽ കുടുംബത്തിലുള്ളവരോടും മറ്റും നമുക്ക് സ്നേഹത്തോടെ പെരുമാറാൻ പറ്റും. അത് നമ്മുടെ കുടുംബജീവിതത്തെ ശാന്തവും സ്വസ്ഥവും ആക്കും.

  4. മാനസികമായ ആരോഗ്യം നിലനിർത്തുന്നു

  ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബങ്ങളിൽ ഐക്യവും സ്നേഹവും വളരും. ഒപ്പംതന്നെ തനിക്കൊരു പ്രശ്നം ഉണ്ടായാൽ താൻ ഒറ്റയ്ക്കല്ല എന്നും കുടുംബാംഗങ്ങൾ ഒപ്പമുണ്ടാകും എന്ന വിശ്വാസം മാനസികമായി ഒരാളെ ശക്തിപ്പെടുത്തുന്നു. അതുപോലെ പ്രതീക്ഷ കൈവിടാതെ ദൈവത്തിൽ ആശ്രയിക്കാനും പ്രതീക്ഷയോടെ മുന്നേറുവാനും കുടുംബപ്രാർത്ഥന സഹായകമാകുന്നു. മാനസികമായ ആരോഗ്യം ശരിയായി നിലനിൽക്കുന്നതിനാൽ തന്നെ അവരിലെ ശാരീരികാരോഗ്യം എപ്പോഴും മെച്ചപ്പെട്ടു നിൽക്കും.

  5. ഹൃദയം തുറന്നു ക്ഷമിക്കുവാൻ സഹായിക്കുന്നു

  ജീവിതത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ചെറിയ ചില ആശയവ്യത്യാസങ്ങൾ, പൊരുത്തക്കേടുകൾ ഒക്കെ ഒരുപക്ഷേ ദേഷ്യത്തിലേയ്ക്ക് നമ്മെ നയിക്കുന്നതിന് കരണമാകും. ഉദ്ദേശം ഉള്ളിൽ വച്ച് മാറിയിരുന്നാൽ അത് പകയും വിധ്വേഷവുമായി മാറും. എന്നാൽ കുടുംബപ്രാർത്ഥനയുള്ള ഭവനങ്ങളിൽ പ്രാർത്ഥനയ്ക്കായി എല്ലാവരും ഒരുമിച്ചുകൂടുമ്പോൾ ഈ കാര്യങ്ങൾ അന്വേഷിക്കുവാനും സംസാരിക്കുവാനും അങ്ങനെ ക്ഷമിക്കുവാനും അവസരം ഉണ്ടാകുന്നു. ഈ കാര്യത്തിൽ കുട്ടികൾക്ക് ആവശ്യമായ തിരുത്തലുകൾ നൽകുവാൻ മുതിർന്നവർക്കും ഈ സമയം ഫലപ്രദമായി ഉപയോഗിക്കാം.

  6. വ്യത്യസ്തതകളിലും ഒരുമിപ്പിക്കുന്ന പ്രാർത്ഥന

  ഒരു കുടുംബത്തിൽ പത്തു പേരുണ്ടെങ്കിൽ ഓരോരുത്തർക്കും ഓരോ സ്വഭാവം ആയിരിക്കും. ഒരു കൂരയ്ക്കുള്ളിൽ ആയിരിക്കുന്ന വ്യത്യസ്ത സ്വഭാവക്കാരാണ് ഒരു കുടുംബത്തിലുള്ളത്. ഈ വ്യത്യസ്തതകളെ പ്രാർത്ഥനയിൽ ഒന്നാക്കി മാറ്റുകയാണ്. ദൈവത്തിന്റെ സാന്നിധ്യം വ്യത്യസ്തതകളുടെ മതിലുകൾ കുടുംബത്തിൽ നിന്ന് അകറ്റുകയും ദൈവസ്നേഹത്തിൽ ചേർത്തുനിർത്തുകയും ചെയ്യും. കുടുംബത്തിൽ പ്രാർത്ഥിക്കുമ്പോൾ ഭിന്നിപ്പിന്റെയും കാലത്തിന്റെയും ദുരാത്മാവ് അകന്നുപോകുന്നു.

  7. കുഞ്ഞുങ്ങളിലേയ്ക്ക് ദൈവ-വിശ്വാസം പകരുന്നു

  ഇന്നത്തെ കാലത്തിന്റെ ഒരു ശാപമാണ് ദൈവ-വിശ്വാസം ഇല്ലാതെ വളരുന്ന ഇളംതലമുറ. പലപ്പോഴും മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളെ ചേർത്തിരുത്തി പ്രാർത്ഥിക്കുവാൻ സമയമില്ലാത്തതാണ് ഇത്തരമൊരു ആത്മീയ അധഃപതനത്തിന് പ്രധാന കാരണം. കുടുംബപ്രാർത്ഥനകൾ വീണ്ടും ശക്തിപ്പെടുത്തുന്നത് ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സഹായിക്കുന്ന ഒരു ശക്തമായ മാർഗ്ഗമാണ്. കുടുംബപ്രാർത്ഥനയിൽ കുടുംബാംഗങ്ങൾ മറ്റെല്ലാം മാറ്റിവച്ച് എത്തുമ്പോൾ, അത് കൃത്യമായി നിറവേറ്റുമ്പോൾ, പ്രാർത്ഥന ദൈവവുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നുള്ള ചിന്ത കുട്ടികളിൽ വളർത്തുന്നു. കൂടാതെ കുഞ്ഞുങ്ങളിൽ ദൈവത്തെ തേടേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നു. ഒപ്പംതന്നെ ആഴമായ വിശ്വാസത്തിലൂന്നിയ ജീവിതം നയിക്കുവാൻ അവരെ പ്രാപ്തരാക്കുന്നു.

  8. ദൈവം തന്ന അനുഗ്രഹങ്ങളെ ഓർക്കുവാൻ അവസരം ഒരുക്കുന്നു

  നന്ദി പറയുക ഏറ്റവും ഉചിതമായ ഒരു മനോഭാവമാണ്. പ്രത്യേകിച്ച്‌ യോഗ്യതകളൊന്നും ഇല്ലാതിരുന്നിട്ടും ദൈവത്തിന്റെ മക്കളുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് നമ്മെ കൈപിടിച്ചുയർത്തിയ ദൈവത്തിന് നിരന്തരം നന്ദി പറയണം. ഒപ്പംതന്നെ ഓരോ കുടുംബപ്രാർത്ഥനയും, ഇതുവരെ ദൈവം നൽകിയ അനുഗ്രഹങ്ങൾക്കുള്ള നന്ദി യർപ്പണം ആകണം. അപ്പോൾ നാം നമ്മുടെ വളർച്ചയിൽ, ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലിന്റെ ഓർമ്മയിൽ നിലനിൽക്കും.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.