“ഐസിയുവിലെ ബീപ് ശബ്ദം എനിക്ക് കത്തീഡ്രൽ മണി പോലെ” – തീവ്രപരിചരണ വിഭാഗത്തിൽ നിന്നും ഒരു വൈദികൻ

നീണ്ട നാളത്തെ ആശുപത്രി വാസം നൽകിയ ദൈവാനുഭവം പങ്കുവെയ്ക്കുകയാണ് ഫാ. മർലോൺ മ്യൂസിയോ എന്ന ബ്രസീലിയൻ വൈദികൻ. അപൂർവ രോഗത്തിന്റെ സങ്കീർണതകൾ കാരണം അദ്ദേഹം ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ആണ്. ന്യൂറനോപ്പതി രോഗം നാഡീകോശങ്ങളെ ബാധിക്കുകയും വലിയ തോതിലുള്ള ശാരീരിക ക്ഷീണം, കാലുകളുടെ ബലഹീനത, ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ മൂലം കഴിഞ്ഞ ഏഴ് മാസമായി അദ്ദേഹം സ്ഥിരമായി തീവ്രപരിചരണ വിഭാഗത്തിൽ ആണ്. അവിടുത്തെ ‘ബീപ്, ബീപ്’ ശബ്ദം തനിക്ക് പള്ളി മണികൾ പോലെയാണ് അനുഭവപ്പെടുന്നതെന്ന് ഈ വൈദികൻ പറയുന്നു.

ഫാ. മർലോൺ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വൈദികനായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ പൗലോ ഗുസ്താവോയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയും ഫാ. മർലോണിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഫോളോവെഴ്‌സിനെ അറിയിക്കുകയും ചെയ്യുന്നത്. പൗരോഹിത്യത്തോടും വിശുദ്ധ കുർബാനയോടുമുള്ള സ്നേഹം എന്നും ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന ഒരു വൈദികനാണ് ഇദ്ദേഹം.

ഐസിയുവിലെ മെഷീനുകളുടെയും മോണിറ്ററുകളുടെയും ബീപ് ശബ്ദം അരോചകം ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമാണ്: “ഐസിയുവിലെ ബീപ് ശബ്ദം എനിക്ക് കത്തീഡ്രൽ മണി പോലെയാണ്. ഞാൻ ഒരു പാവപ്പെട്ട മനുഷ്യനാണെന്നും അത്യാവശ്യമായി പ്രാർത്ഥിക്കേണ്ടതുണ്ടെന്നും ഈ ശബ്ദം എന്നെ ഓർമ്മിപ്പിക്കുന്നു.” സഹോദരൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആണ് ഇപ്രകാരം പറയുന്നത്. ഒരു ബീപ് ശബ്ദം കേൾക്കുമ്പോൾ ഫാ. മർലോൺ പ്രാർത്ഥിക്കുന്നു. ഐസിയുവിൽ ഈ ശബ്ദങ്ങൾ സ്ഥിരമായിരിക്കുന്നതിനാൽ, അദ്ദേഹം എപ്പോഴും പ്രാർത്ഥിക്കുന്നുണ്ടെന്ന് നമുക്ക് അനുമാനിക്കാം. സഹോദരൻ പറയുന്നു.

ഫാ. മർലോൺ ജപമാല, യാമ പ്രാർത്ഥനകൾ, വിശുദ്ധ കുർബാന എന്നിവ മാറി മാറി ചൊല്ലിക്കൊണ്ടാണ് തന്റെ ആശുപത്രി വാസം ചെലവഴിക്കുന്നത്. ഓരോ ബീപ് ശബ്ദത്തിനും അനുസരിച്ച് ചെറിയ ചെറിയ സുകൃത ജപങ്ങൾ അദ്ദേഹം ഉരുവിടുന്നു. ‘യേശുവേ, അങ്ങയെ ഞാൻ ആശ്രയിക്കുന്നു,’ ‘മറിയമേ, എന്റെ ആശ്രയമേ,’ ഹൃദയ ശാന്തതയും എളിമയും നിറഞ്ഞ ഈശോയെ എന്റെ ഹൃദയത്തെയും അങ്ങയെ ഹൃദയം പോലയാക്കണമേ,’

ബീപ് ശബ്ദത്തെ അരോചകമായി കാണാതെ, ആത്മാവിനെ രക്ഷിക്കാനുള്ള ഒരു പദ്ധതിയായിട്ടാണ് ഈ വൈദികൻ കാണുന്നത്. ഒറ്റ ദിവസം പോലും വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ ഈ പുരോഹിതൻ മുടക്കം വരുത്തിയിട്ടില്ല. ഏഴ് മാസത്തെ ആശുപത്രി വാസം ഉൾപ്പെടെ കഴിഞ്ഞ 20 വർഷമായി അദ്ദേഹം മുടങ്ങാതെ വിശുദ്ധ കുർബാന അർപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.