ദൈവത്തെ സ്നേഹിച്ച ഏഴു വയസുകാരന്റെ മനോഹരമായ ജീവിതവും മരണവും

“മകനേ, ഈ ഏഴു വർഷം കൊണ്ട് നീ ഞങ്ങൾക്ക് ഒരുപാട് സന്തോഷം നൽകി. നിന്റെ കൂടെ ചിലവഴിച്ച ഓരോ നിമിഷവും ഞങ്ങൾ വ്യക്തമായി ഓർമ്മിക്കുന്നു. നിന്റെ അമ്മ അത് ഏറ്റവും ആർദ്രതയോടെയാണ് ഓർമ്മിക്കുന്നത്. ജസ്‌ന ഗോര തീർത്ഥാടനകേന്ദ്രത്തിലേക്ക് നിന്റെയൊപ്പം നടത്തിയ ഓരോ യാത്രയും ഞങ്ങൾ പ്രത്യേകമായി ഓർമ്മിക്കുന്നു. രണ്ടു വയസ്സാകുന്നതിനു മുൻപ് നീ കാൽനടയായി അവിടേയ്ക്ക് യാത്ര ചെയ്തത് ഞങ്ങൾ മറക്കില്ല. നാലു തവണയാണ് നീ അവിടെ എത്തിയത്. നിന്റെ കൂടെയുള്ള കഴിഞ്ഞ ഒൻപതു മാസങ്ങൾ ഏറ്റവും ബുദ്ധിമുട്ടേറിയതും എന്നാൽ മനോഹരവുമായിരുന്നു. ആ സമയത്ത് ആശുപത്രിയിൽ ഞങ്ങൾ കൂടുതൽ അടുത്തു, ആഴത്തിലുള്ള ചർച്ചകൾ നടത്തി.

ആശുപത്രിയിൽ നിന്ന് ഓരോ തവണ വീട്ടിൽ തിരികെയെത്തുമ്പോഴും നിന്റെ സഹോദരന്മാർക്ക് എന്തെങ്കിലുമൊക്കെ കരുതാൻ നീ മറക്കാറില്ലായിരുന്നു. ചിലപ്പോൾ ഒരു ച്യൂയിങ്ഗമോ മറ്റു ചിലപ്പോൾ ജ്യൂസോ, മിഠയിയോ ആയിരുന്നു. നിന്റെ കൈയ്യിലുള്ള പണം കൊണ്ടായിരുന്നു അവർക്കുള്ള സമ്മാനം നീ വാങ്ങിയിരുന്നത്. ആശുപത്രിയിലെ വാർഡിൽ ആയിരുന്നപ്പോഴും നീ ഇങ്ങനെ തന്നെയായിരുന്നു. നീ എല്ലായ്പ്പോഴും എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

ഫ്രാനെക്കിന്റെ കുഞ്ഞുസഹോദരന്മാരേ, ദൈവമല്ല നിങ്ങളുടെ കുഞ്ഞനിയനെ കൊണ്ടുപോയത്; രോഗമാണ്. നമ്മുടെ ദൈവം ജീവന്റെ ദൈവമാണ്, മരണത്തിന്റേതല്ല” – ഒരു ഏഴു വയസ്സുകാരന്റെ മൃതസംസ്കാര ചടങ്ങിൽ ഫ്രാനെക്ക് എന്ന ഏഴു വയസുകാരന്റെ പിതാവ് പൗവെലിന്റെ അനുസ്മരണസന്ദേശമാണ് ഇത്.

2021 ജൂലൈ 26 -ന് പോളണ്ടിലെ സ്വിഡ്‌നിക്കയിലെ ഹോളി സ്പിരിറ്റ് ദൈവാലയത്തിൽ വളരെ വ്യത്യസ്തമായ ഒരു മൃതസംസ്കാര ചടങ്ങ് നടന്നു. കണ്ണീർ അകമ്പടിയായുണ്ടായിരുന്നെങ്കിലും ചടങ്ങിന് എത്തിച്ചേർന്നവർ മധുരം കഴിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രിയപ്പെട്ടവർ പരേതനെ യാത്രയാക്കിയത്. കാരണം മരണമടഞ്ഞ ഏഴു വയസുകാരൻ അത് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു.

ഫ്രാനെക്ക് എന്ന ഏഴു വയസുകാരന്റെ ജീവിതവും ആഗ്രഹവും മധുരം പോലെ തന്നെയായിരുന്നു. അവൻ വ്യത്യസ്തനായിരുന്നു. ദൈവത്തെ അതിയായി സ്നേഹിച്ച ഒരു കൊച്ചുകുഞ്ഞ്. രണ്ടു വയസുള്ളപ്പോൾ തന്നെ കാൽനടയായി പരിശുദ്ധ അമ്മയുടെ ജാൻസ ഗോരാ ദൈവാലയത്തിലേക്ക് തീർത്ഥാടനത്തിനു പോയിരുന്നു ഫ്രാനെക്ക്; അതും ഒരു തവണയല്ല, നാലു തവണ.

രോഗബാധിതനായി ആശുപത്രിക്കിടക്കയിൽ ആയിരുന്നപ്പോൾ പോലും ഏറ്റവും കരുണയോടെയും സ്നേഹത്തോടെയും അവൻ പെരുമാറി. അതിനാൽ തന്നെയാകണം ആ കുഞ്ഞിനു വേണ്ടി ലോകം മുഴുവനും പ്രാർത്ഥിച്ചു. അത്ഭുതകരമായ ഒരു രോഗശാന്തിക്കു വേണ്ടി നിരവധി വിശ്വാസികളും തീർത്ഥാടകരുമാണ് പ്രാർത്ഥിച്ചത്. എങ്കിലും ഫ്രാനെക് എന്ന മാലാഖയുടെ കാര്യത്തിൽ ദൈവത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. അവനെ അവിടുന്ന് സ്വർഗ്ഗത്തിലേക്ക് വിളിച്ചു.

ഫ്രാനെക്കിനെ ദിവ്യകാരുണ്യ സ്വീകരണത്തിനും കഴിഞ്ഞ ഒൻപതു മാസമായി നിത്യതയിലേക്ക് യാത്ര ചെയ്യാനുമായി ഒരുക്കിയ ഫാ. റ്റോമസ് ഫിലിനോവിച്ചിനും ഒരുപാട് പറയാനുണ്ടായിരുന്നു: “കുഞ്ഞുങ്ങളുടെ സഹനത്തിനും മരണത്തിനും പിന്നിലെ രഹസ്യത്തെക്കുറിച്ച് ചോദിച്ചാൽ ഞാൻ തികച്ചും നിസ്സഹായനാകാറുണ്ട്. അത് ഉയർത്തുന്ന നിരവധി ചോദ്യങ്ങൾക്ക് എളിമയോടെ ‘എനിക്കറിയില്ല’ എന്ന് മറുപടി പറയാൻ മാത്രമേ സാധിക്കുകയുള്ളൂ.

ഈ അടുത്ത കാലത്തു തന്നെ ഞാൻ ഫ്രാനെക്കിനെ ആദ്യകുർബാന സ്വീകരണത്തിന് ഒരുക്കുകയായിരുന്നു. ഞങ്ങളുടെ ഒരു കൂടിക്കാഴ്ചയിൽ ഞാൻ അവനോട് പറഞ്ഞു: ‘ഒരു മനുഷ്യന്റെ ജീവിതം ഒരു യാത്ര പോലെയാണ്. നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ നമ്മെ സഹായിക്കുന്ന ദൈവകല്പനകളും അടയാളങ്ങളുമുണ്ട്. അടയാളങ്ങൾ എല്ലാവർക്കും ഒരുപോലെയാണെങ്കിലും ഓരോ യാത്രയും വ്യത്യസ്തമാണ്.’

ഫ്രാനെക്കിന്റെ യാത്ര വ്യത്യസ്തമായിരുന്നു. കാരണം അവൻ തന്നെ വ്യത്യസ്തനായിരുന്നു. അവന്റെ യാത്ര ചെറുതായിരുന്നു. പൂർത്തിയാക്കാൻ എട്ടു വർഷത്തിൽ താഴെ മാത്രം സമയമെടുത്ത വളരെ ചെറുതും എന്നാൽ സഹനങ്ങൾ നിറഞ്ഞതുമായ ഒരു യാത്ര.”

യേശുവിന്റെ പീഡാസഹങ്ങൾ പോലെയായിരുന്നു ഫ്രാനെക്കിന്റെ സഹനങ്ങളും. എങ്കിലും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മനഃശാസ്ത്രജ്ഞരുടെയും പിന്തുണ അവന് വളരെയധികം ലഭിച്ചിരുന്നു. അവരെല്ലാവരും അവന്റെ സഹനത്തിന്റെയും വേദനയുടെയും കുരിശിന്റെ ഭാരം കുറയ്ക്കാനായി അവന്റെ സമീപത്തു തന്നെയുണ്ടായിരുന്നു. ആദ്യകുർബാന സ്വീകരണത്തിന്റെ സമയത്ത് വേദനയായിരുന്നെങ്കിൽ കൂടിയും അവൻ അത് ഒരു പുഞ്ചിരിയാൽ മൂടി. പക്ഷേ, ഈശോ കുരിശു കൊണ്ട് വീണതുപോലെ അവനും അവന്റെ സഹനങ്ങളുടെ യാത്രയിൽ ഇടയ്ക്കിടെ സംശയത്താലും നിസഹായതയാലും വീണുപോയി. അവസാനശ്വാസം വരെയും യേശുവിന്റെ കൂടെയുണ്ടായിരുന്ന പരിശുദ്ധ അമ്മയോടാണ് ഫാ. റ്റോമസ് ഫ്രാനെക്കിന്റെ അമ്മയെ താരതമ്യപ്പെടുത്തിയിരിക്കുന്നത്.

“രോഗശാന്തിയുടെ ഒരു അത്ഭുതം ഞങ്ങൾക്ക് നേടാനായില്ലെങ്കിലും ഫ്രാനെക്കിനായി ദൈവം നൽകിയത് ഒരു ആത്മീയ പിൻവാങ്ങലായിരുന്നു” – ഫാ. റ്റോമസ് പറഞ്ഞു. രോഗകിടക്കയിൽ വച്ചു പോലും മറ്റുള്ളവരെ ശ്രദ്ധിക്കുകയും അവരെ ആശ്വസിപ്പിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്ത ഏഴു വയസുള്ള മാലാഖ തീർച്ചയായും ഇപ്പോൾ സ്വർഗ്ഗത്തിൽ പരിശുദ്ധ അമ്മയുടെ മടിയിലിരുന്ന് പുഞ്ചിരിക്കുന്നുണ്ടാകും.

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.