മരിയഭക്തിയുടെ നിറവിൽ എയിൽസ്‌ഫോർഡ് തീർത്ഥാടനം നാളെ

ഇംഗ്ലണ്ടിന്റെ വസന്താരമമായ കെന്റിന്റെ ഹൃദയഭാഗത്ത് വിശ്വാസ സൗരഭം പകർന്നു നിലകൊള്ളുന്ന പുണ്യപുരാതനമായ എയ്‌ൽസ്‌ഫോർഡ് പ്രയറിയിലേക്ക് മെയ് 25 ശനിയാഴ്ച യുകെ-യിലെ സീറോ മലബാർ വിശ്വാസ സമൂഹം ഒഴുകിയെത്തും. ദിവ്യരഹസ്യം നിറഞ്ഞുനിൽക്കുന്ന പനിനീർകുസുമമായ എയ്‌ൽസ്‌ഫോർഡ് മാതാവിന്റെ സന്നിധിയിൽ എല്ലാവർഷവും മദ്ധ്യസ്ഥ്യം തേടിയെത്തുന്നത്  ആയിരക്കണക്കിന് വിശ്വാസികളാണ്. ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രമാണ് ആത്മീയതയുടെ വിളനിലമായ ഈ പുണ്യഭൂമി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് രൂപതയിലെ വിശ്വാസികൾ ഒന്നടങ്കം തീർത്ഥാടനമായി ഇവിടെ എത്തുന്നത്.

എയ്‌ൽസ്‌ഫോർഡ് പ്രയറി

ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പ്രശസ്തമായ തീർത്ഥാടനകേന്ദ്രവും കർമ്മലീത്താ സഭയുടെ അതിപുരാതനമായ ആശ്രമവുമാണ് മെഡ്‌വേ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന എയ്‌ൽസ്‌ഫോർഡ് പ്രയറി. മൂന്നാം കുരിശുയുദ്ധത്തിന്റെ അവസാനം മൗണ്ട് കാര്‍മ്മലിൽ രൂപംകൊണ്ട കർമ്മലീത്താ സന്യാസ സമൂഹത്തിലെ  താപസ്വിമാരുടെ ഒരു സംഘമാണ് 1242-ൽ യൂറോപ്പിലെ ആദ്യത്തേതും എയ്‌ൽസ്‌ഫോഡിൽ ഇന്ന് കാണുന്നതുമായ ആശ്രമം സ്ഥാപിച്ചത്.

1247-ൽ ഇവിടെയെത്തിയ യൂറോപ്പിൽ നിന്നുള്ള കർമ്മലൈറ്റുകളുടെ ജനറൽ ചാപ്റ്ററിലാണ്, ദാരിദ്ര്യവ്രതം സ്വീകരിച്ച് ഭിക്ഷുക്കളുടെ ജീവിതരീതി സ്വീകരിച്ച് സഭയെയും സമൂഹത്തെയും സേവിക്കുവാൻ ഈ സന്യാസ സമൂഹം തീരുമാനമെടുത്തത്. കർമ്മലീത്താസഭയുടെ ഭാവി നിശ്ചയിച്ച അടിസ്ഥാനപരമായ ഈ തീരുമാനമെടുത്ത സ്ഥലമെന്ന രീതിയിൽ ആത്മീയപ്രഭവകേന്ദ്രമായും രണ്ടാം കാർമ്മൽ എന്ന വിളിപ്പേരിലും എയ്‌ൽസ്‌ഫോർഡ് അറിയപ്പെടുന്നു.

തീർത്ഥാടകർക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷം സമ്മാനിക്കുന്ന നിരവധി ചാപ്പലുകളും വഴിത്താരകളും നിറഞ്ഞ സുകൃതഭൂമിയാണ് ഈ പ്രയറി. സമാധാനപൂന്തോട്ടം, ജപമാലാരാമം, ഉത്തരീയനാഥയുടെ ഗ്രോട്ടോ, വി. സൈമൺ സ്റ്റോക്കിന്റെ തലയോട്ടി സ്ഥാപിച്ചിരിക്കുന്ന റെലിക് ചാപ്പൽ, ക്വയർ ചാപ്പൽ, സെൻറ് ജോസഫ് ചാപ്പൽ, വി. അന്നാമ്മയുടെ ചാപ്പൽ, സ്വർഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോ ഇവകൂടാതെ അതിപുരാതനമായ കെട്ടിടങ്ങളും പൂമുഖങ്ങളും ഈ ആശ്രമത്തിന്റെ പ്രത്യകതയാണ്. വിവിധ ദേശങ്ങളിൽ നിന്നും വിശ്വാസ സമൂഹം തീർത്ഥാടനമായി ഇവിടെയെത്തി പരിശുദ്ധ അമ്മയുടെ സംരക്ഷണം യാചിച്ച് അനുഗ്രഹം തേടി മടങ്ങുന്ന പതിവ് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ  ജപമാലരാമത്തിലൂടെ നടത്തപ്പെടുന്ന കൊന്തപ്രദക്ഷിണത്തിൽ ജപമാലഭക്തർ ഒന്നടങ്കം പങ്കുചേരും. ജപമാലയ്ക്കു ശേഷം ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ റവ. ഫാ. ജോർജ്ജ് പനയ്ക്കൽ മരിയൻ പ്രഭാഷണം നടത്തും. അതിനുശേഷം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ തിരുനാൾ കുർബാന നടക്കും. സ്വര്‍ഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോയ്‌ക്ക്‌ മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലായിരിക്കും കുർബാന അർപ്പിക്കുക. രൂപതയിലെ വികാരി ജനറാൾമാരും എല്ലാ റീജിയനുകളിൽ നിന്നും വിശ്വാസികൾക്കൊപ്പമെത്തുന്ന വൈദികരും തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികരാകും.

വി. കുർബാനയ്ക്കു ശേഷം വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി കർമ്മലമാതാവിന്റെയും മറ്റ് വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ടുള്ള ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടക്കും.