അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്ക് വിശ്വാസികളുടെ പ്രവാഹം തുടങ്ങി

ചേര്‍ത്തല: അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ ഇന്നു മകരം തിരുനാളിനു കൊടി കയറുന്നതോടെ വിശ്വാസികളുടെ പ്രവാഹം തുടങ്ങും. മതമൈത്രിയുടെ സംഗമ സ്ഥാനമായ അര്‍ത്തുങ്കലേക്ക് ഇന്നലെ മുതല്‍ തന്നെ വിശ്വാസികള്‍ എത്തിത്തുടങ്ങി. ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെ 372ാമതു മകരം തിരുനാളിനാണ് ഇന്നു കൊടിയേറുന്നത്.

അര്‍ത്തുങ്കലിനെ പുണ്യഭൂമിയാക്കുന്നതു അര്‍ത്തുങ്കല്‍ വെളുത്തച്ചന്‍ എന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ സാന്നിധ്യമാണ്. ജീവിതത്തില്‍ ദുരിതങ്ങള്‍ നിറയുമ്പോള്‍ ‘അര്‍ത്തുങ്കല്‍ വാഴും പുണ്യവാനേ, ഞങ്ങളെ രക്ഷിക്കണേ’ എന്ന പ്രാര്‍ഥനയോടെ വെളുത്തച്ചന്റെ സന്നിധിയില്‍ എത്തുന്നതോടെ മനസ്സ് ശാന്തമാകുമെന്നാണ് വിശ്വാസം.

ഇന്നു പുലര്‍ച്ചെ 5.30നു ദിവ്യബലി, ഏഴിനു പ്രഭാതപ്രാര്‍ഥന, ദിവ്യബലി. ഉച്ചകഴിഞ്ഞു 2.30നു പാലായില്‍നിന്നും തിരുനാള്‍ പതാക ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ഉച്ചകഴിഞ്ഞു മൂന്നിനു കത്തീഡ്രല്‍ ദേവാലയത്തില്‍നിന്നും പതാക പ്രയാണം അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്കു ആരംഭിക്കും. വൈകുന്നേരം ആറിനു ജപമാല, നൊവേന, ലിറ്റനി. രാത്രി ഏഴിനു കൊടിയേറ്റ്, ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍. തുടര്‍ന്ന് ഫാ. സേവ്യര്‍ കുടിയാംശേരില്‍ വചന സന്ദേശം നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.