നൈജീരിയയിൽ ബിഷപ്പിനെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയതായി വെളിപ്പെടുത്തൽ

ഒക്‌ടോബർ 31 -ന് ഒരു ബിഷപ്പിനെയും അദ്ദേഹത്തിന്റെ സെക്രട്ടറിമാരെയും തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നൈജീരിയൻ സൈന്യം പരാജയപ്പെടുത്തി. ഒർലു ബിഷപ്പ് അഗസ്റ്റിൻ ഉക്വോമ, അദ്ദേഹത്തിന്റെ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവരെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്. അവർ സുരക്ഷിതരാണെന്നും പരിക്കുകളൊന്നുമില്ലെന്നും ആർമി പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഒന്യേമ നവാച്ചുക്വു പറഞ്ഞു.

പുലർച്ചെ 2.30 -നാണ് സൈന്യത്തിന് ഫോൺ സന്ദേശം ലഭിക്കുന്നത്. സൈന്യം ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിയതിനാൽ അക്രമികൾ രക്ഷപ്പെടാൻ നിർബന്ധിതരാവുകയായിരുന്നു. മുൻപ് ഒവേരിയിലെ സഹായമെത്രാൻ മോസസ് ചിക്വെയെയും അദ്ദേഹത്തിന്റെ ഡ്രൈവറെയും തോക്കുധാരികൾ തട്ടിക്കൊണ്ടു പോവുകയും മൂന്നു ദിവസങ്ങൾക്കു ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് 10 മാസങ്ങൾക്കു ശേഷമാണ് ബിഷപ്പ് ഉക്വോമയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നത്.

ഈ പ്രദേശങ്ങളിൽ സമീപമാസങ്ങളിൽ വിവിധ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഒക്ടോബർ ഒൻപതിന് സൈനികരും യുവാക്കളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പത്തു പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ 16 വീടുകൾ തകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.