മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ നിര്യാണത്തില്‍ തൃശ്ശൂര്‍ അതിരൂപത അനുശോചനം അറിയിച്ചു

മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ നിര്യാണത്തില്‍ തൃശ്ശൂര്‍ അതിരൂപത അനുശോചനം അറിയിച്ചു. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും ആര്‍ച്ച്ബിഷപ്പ് എമിരിത്തൂസ് മാര്‍ ജേക്കബ് തൂങ്കുഴിയും സഹായമെത്രാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവിലും അനുശോചനം അറിയിച്ചു.

തൃശ്ശൂര്‍ അതിരൂപത മുന്‍ വികാരി ജനറാള്‍ ആയിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പള്ളി ഇന്നലെ (6.09.2020) വൈകിട്ട് 6.30-നു താമരശ്ശേരി നിര്‍മ്മല ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ അന്തരിച്ചു. തൃശ്ശൂര്‍ അതിരൂപതയില്‍ മറ്റം ഇടവകയില്‍ ചിറ്റിലപ്പള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്പതികളുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി 7-ന് മാര്‍ പോള്‍ ചിറ്റിലപ്പള്ളി ഭൂജാതനായി. 1953 തൃശ്ശൂര്‍ രൂപതയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ച പിതാവ് 1961 ഒക്‌ടോബര്‍ 18-ന് അഭിവന്ദ്യ മാര്‍ മാത്യു കാവുകാട്ടു പിതാവില്‍ നിന്ന് റോമില്‍ വച്ച് പട്ടമേറ്റു.

തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്സ്റ്റിയില്‍ നിന്നും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1967-71 കാലഘട്ടത്തില്‍ കോട്ടയം വടവാതൂര്‍ സെമിനാരി ഫ്രൊഫസര്‍, 1971 മുതല്‍ തൃശ്ശൂര്‍ രൂപത ചാന്‍സലര്‍, 1978-88 കാലഘട്ടത്തില്‍ തൃശ്ശൂര്‍ രൂപത വികാരി ജനറാള്‍ ആയിരിക്കെ1988 ആഗസ്റ്റ് 24-ന് കല്യാണ്‍ രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. 1997 ഫെബ്രൂവരി 8-ന് താമരശ്ശേരി രൂപതയുടെ മെത്രാനായി നിയമിതനായി. 2010 ഏപ്രില്‍ 8-ന് രൂപത അദ്ധ്യക്ഷപദവിയില്‍ നിന്നും വിരമിച്ച് താമരശ്ശേരില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

സഭാനിയമങ്ങളെ വ്യക്തമായ കാഴ്ച്ചപ്പാടുകളോടെ അജപാലനശുശ്രൂഷയുടെ ഭാഗമാക്കിയ മാര്‍ ചിറ്റിലപ്പള്ളി ആരാധനക്രമത്തില്‍ അതീവനൈപുണ്യമുള്ള ഒരു കര്‍മ്മയോഗിയായിരുന്നു. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിന്റെ മുന്‍ മനേജറായിരുന്ന മാര്‍ ചിറ്റിലപ്പിളളി, 1986-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ തൃശ്ശൂര്‍ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യസംഘാടകനായി ചുക്കാന്‍ പിടിച്ചു. തൃശ്ശൂര്‍ അതിരൂപതയിലെ കുടുംബക്കൂട്ടായ്മ സംവിധാനത്തിന് വ്യക്തമായ ദര്‍ശനം നല്‍കുന്നതില്‍ മോണ്‍ ചിറ്റിലപ്പള്ളി അതീവതല്പരനായിരുന്നു.

അതിരൂപതയില്‍ നിന്നുള്ള ധീരസഭാനേതാവായ മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ നിര്യാണത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുശോചനം രേഖപ്പെടുത്തി. വൈദികനെന്ന നിലയില്‍ തൃശ്ശൂര്‍ രൂപതയിലും മെത്രാന്‍ എന്ന നിലയില്‍ സഭയ്ക്കും സമൂഹത്തിന് അമൂല്യമായ സേവനങ്ങളാണ് അദ്ദേഹം ചെയ്തതെന്ന് ആര്‍ച്ച്ബിഷപ് അനുസ്മരിച്ചു. മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ വേര്‍പാടില്‍ ആര്‍ച്ച്ബിഷപ്പ് എമിരിത്തൂസ് മാര്‍ ജേക്കബ് തൂങ്കുഴിയും അഗാധമായ ദു:ഖം പ്രകടിപ്പിച്ചു. അദ്ദേഹം തനിക്ക് ജ്യേഷ്ഠസഹോദരനേപ്പോലെയായിരുന്നെന്ന് സഹായമെത്രാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവിലും അനുസ്മരിച്ചു.

ഫാ. നൈസണ്‍ ഏലന്താനത്ത്, അതിരൂപത പി. ആര്‍. ഒ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.