ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് കോട്ടയം അതിരൂപത നിവേദനം സമര്‍പ്പിച്ചു

കേരളത്തിലെ ക്രൈസ്തവരുടെ വിദ്യാഭ്യാസ – സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവയെക്കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ബഹു. ജസ്റ്റീസ് (റിട്ടയേര്‍ഡ്) ജെ.ബി. കോശി, ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐ.എ.എസ്, ജേക്കബ് പുന്നൂസ് ഐ.പി.എസ് എന്നിവരടങ്ങിയ കമ്മീഷന്‍  മുമ്പാകെ കോട്ടയം അതിരൂപത നിവേദനം സമര്‍പ്പിച്ചു.

കമ്മീഷന്‍, തെളിവെടുപ്പിനായി കോട്ടയം ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോള്‍ കോട്ടയം അതിരൂപതയെ പ്രതിനിധീകരിച്ച് വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അതിരൂപത പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. റ്റി.എം. ജോസഫ്, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍,  കെ.സി.സി മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം എന്നിവരാണ് കമ്മീഷനെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിക്കുകയും നിവേദനത്തിലെ പ്രസക്തഭാഗങ്ങള്‍ കമ്മീഷന്‍ മുമ്പാകെ അവതരിപ്പിക്കുകയും ചെയ്തത്.

എ.ഡി. 345 മുതല്‍ ക്‌നാനായ സമുദായം പിന്തുടരുന്ന വൈവിധ്യമാര്‍ന്ന ക്‌നാനായ പൈതൃകങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ സര്‍ക്കാര്‍ വിജ്ഞാപനം ഉള്‍പ്പടെ സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസമേഖലകളില്‍ ക്‌നാനായ സമുദായത്തിനു തനതായി ലഭിക്കേണ്ട പരിഗണനകളെക്കുറിച്ചുള്ള ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനമാണ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചത്. കമ്മീഷന്‍ മുമ്പാകെ അവതരിപ്പിച്ച ആവശ്യങ്ങള്‍ സവിസ്തരം ചര്‍ച്ച ചെയ്യുന്നതിനായി അതിരൂപതാ പ്രതിനിധികളെ വീണ്ടും കാണുന്നതാണെന്ന് ജസ്റ്റീസ് ജെ.ബി. കോശി അറിയിച്ചു.

അതിരൂപതാദ്ധ്യക്ഷന്‍ രൂപം നല്‍കിയ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി അംഗങ്ങളും അതിരൂപതയില്‍ നിന്നും  പൊതുവായി സ്വീകരിച്ച നിര്‍ദ്ദേശങ്ങളും വിദഗ്ദ്ധ സമിതി പരിശോധിച്ചാണ് നിവേദനം തയ്യാറാക്കി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.