വാളയാര്‍ പീഡനക്കേസ് – പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് സംസ്ഥാന തലത്തില്‍ ഒരു വിദഗ്ധസമിതി രൂപവത്കരിക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്

പാലക്കാട്: ക്രിമിനല്‍ കേസുകളില്‍ കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുന്നതിനും രാജ്യത്ത് നിയമവാഴ്ച ഉറപ്പ് വരുത്തുന്നതിനും പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് സംസ്ഥാന തലത്തില്‍ ഒരു വിദഗ്ധസമിതി രൂപവത്കരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാസമിതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

അപ്രകാരം രൂപീകൃതമാകുന്ന വിദഗ്ധസമിതിയില്‍ നിന്നു മാത്രം അനുയോജ്യരായവരെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിക്കണം. മറിച്ച്, മാറിമാറി വരുന്ന സര്‍ക്കാറുകള്‍ക്ക് തങ്ങളുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള സംവിധാനമായി പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം മാറാന്‍ പാടില്ല. വാളയാര്‍ പീഡനക്കേസില്‍ സമഗ്രമായ പുനഃരന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാസമിതി ആവശ്യപ്പെട്ടു.

പാലക്കാട് വാളയാര്‍ സഹോദിമാരില്‍ ഇളയകുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്നും കൊലപാതകസാധ്യത അന്വേഷിക്കണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ടില്‍ പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്താനോ തെളിവുകള്‍ കണ്ടെത്തി കോടതിയില്‍ സമര്‍പ്പിക്കാനോ പോലീസ് തയ്യാറായിട്ടില്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കേണ്ട പോലീസിന്റെ നിഷ്‌ക്രിയത്വം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായ കൃത്യവിലോപത്തെക്കുറിച്ചും അലംഭാവത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാസമിതി ആവശ്യപ്പെട്ടു.

കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി, രൂപതാ ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, വാളയാര്‍ ഇടവക വികാരി ഫാ. സിബിന്‍ കരുത്തി, രൂപതാ വൈസ് പ്രസിഡന്റ് ജോസ് മുക്കട, ബെന്നി ചിറ്റേട്ട്, വാളയാര്‍ യൂണിറ്റ് പ്രസിഡന്റ് ജോയ് കെ.എ. എന്നിവര്‍ വാളയാര്‍ സഹോദിമാരുടെ ഭവനത്തില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചു.