
1. ഗബ്രിയേൽ
ഗബ്രിയേൽ, നീ വീണ്ടും വരുമോ? ഞങ്ങൾക്കിനിയും സദ്വാർത്തകൾ വേണം. വന്ധ്യമായവ പുഷ്പിക്കുമെന്ന്, കാത്തിരിപ്പുകൾ സഫലമാകുമെന്ന്, കറകൾ മാഞ്ഞുപോകുമെന്ന്, ഇരുൾ നീങ്ങി വെളിച്ചം എത്തുമെന്ന്, വഴിതെളിക്കാൻ നക്ഷത്രം എത്തുമെന്ന്…
ഞങ്ങൾക്ക് അറിയിപ്പുകൾ നല്കാൻ ഇന്ന് ആരുമില്ലാതായിരിക്കുന്നു. ഇരവിലും പകലിലും ഞങ്ങൾ കാത്തിരിക്കുന്നതും തേടുന്നതും നിന്നെപ്പോലെ ഒരുവനെയാണ്.
2. റഫായേൽ
റഫായേൽ നീ വീണ്ടും വരുമോ? അനുയാത്ര ചെയ്യാൻ ഞങ്ങൾക്ക് ആരുമില്ലാതായിരിക്കുന്നു. കണ്ണുകൾ അന്ധമായിരിക്കുന്നു, ആദ്യരാവുകളിൽ പോലും മൃത്യുവിന്റെ ഗന്ധമേറുന്നു, അടച്ചിട്ട മുറികളിൽ പെണ്ണിന്റെ തേങ്ങലുയരുന്നു, വിവാഹ വീടുകളിൽ പിശാച് ഉന്മാദനൃത്തമാടുന്നു, വായ്പ വാങ്ങിയവർ തടിച്ചുകൊഴുക്കുന്നു…
ഇവിടെ, ആർക്കും ആരെയും വിശ്വസിച്ച് കൂട്ടുചേർക്കാനാവാതെ, എങ്ങോട്ടെന്നില്ലാതെ ഞങ്ങൾ യാത്ര തുടരുമ്പോൾ റഫായേൽ, നീ ഒന്നു വീണ്ടും കൂട്ടുവരുമോ?
3. മിഖായേൽ
മിഖായേൽ നീയൊന്നു വരുമോ? ആ വലിയ സർപ്പം ഞങ്ങളെ കീഴടക്കിയിരിക്കുന്നു. എവിടെയും ഉഗ്രവിഷം പുരണ്ടിരിക്കുന്നു. മണ്ണിലും വിണ്ണിലും ഉടലിലും മനസ്സിലുമെല്ലാം കരിനീല നിറമായിരിക്കുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങളെയെല്ലാം വിഴുങ്ങുവാൻ അത് വാ പിളർന്നു നിൽക്കുന്നു. തീവ്രവേദനയാൽ സ്ത്രീ ഞരങ്ങുന്നു. മരുഭൂമിയിൽ അവളെ പോറ്റാൻ ദൈവം സജ്ജമാക്കിയ ഇടങ്ങളിൽപ്പോലും സീൽക്കാരം ഉയരുന്നു. പുരപ്പുറങ്ങളിലും അടച്ചിട്ട മുറികളിലും കൈവെള്ളയിൽ പോലും അത് ഫണമുയർത്തിയാടുന്നു.
മിഖായേൽ, ഇനി നീ വരണം. ആ പുരാതന സർപ്പത്തെ കീഴ്പ്പെടുത്താൻ ഞങ്ങൾക്ക് ആയുധങ്ങൾ തരണം. ദൈവം ഒരുക്കിയ ഇടങ്ങളിലേയ്ക്ക് പറന്നുപോകുവാൻ ചിറകുകൾ തരണം.
from the book “പറയാതിരുന്നത്”
by ഫാ.ജോസഫ് കുമ്പുക്കൽ
മാലാഖമാരുടെ തിരുനാൾ ആശംസകൾ…!