നിറഭേദങ്ങൾ അറിയാത്തവർ നിറം ചാർത്തിയപ്പോൾ…

നിറഭേദങ്ങൾ തിരിച്ചറിയുവാൻ സാധിക്കാത്തവർ ചാലിച്ചെടുത്ത സ്നേഹത്തിന്റെ തൂലികയിൽ വിരിഞ്ഞത് വർണ്ണത്തിന്റെ ശലഭങ്ങൾ. 

സി. സൗമ്യ DSHJ

കുടമാളൂരിൽ മീനച്ചിലാറിന്റെ തീരത്തെ ശാന്തതയിൽ സംപ്രീതി എന്ന ഭവനത്തിനു ചുറ്റും എപ്പോഴും മുഴങ്ങിക്കേൾക്കാം കളിചിരിയുടെ അലയൊലികൾ. മാനസികമായി വൈകല്യമുള്ള ദൈവത്തിന്റെ മാലാഖമാരുടെ ശബ്‌ദമാണത്. ഈ ഭവനത്തിൽ 20 മക്കളെ എംസിബിഎസ് അച്ചന്മാരുടെ മേൽനോട്ടത്തിൽ വളർത്തുന്നു.

ഓട്ടിസം, ഡൗൺ സിൻഡ്രോം, ഹൈപ്പർ ആക്റ്റിവ് എന്നീ മാനസിക ബുദ്ധിമുട്ടുകളുള്ള ആൺകുട്ടികളാണ് ഇവിടുള്ളത്. മതമോ ജാതിയോ നിറമോ നോക്കാതെ എല്ലാവരെയും ദൈവമക്കളായി കണ്ട് ഈ ഭവനത്തിൽ സ്വീകരിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നും ആരും നോക്കാനില്ലാതെ പുറന്തള്ളപ്പെട്ട മക്കളെ സ്വന്തമായി കണ്ട് ഈ ഭവനത്തിൽ പരിപാലിക്കുന്നു. ഒപ്പം, സ്വന്തം കുടുബങ്ങളിൽ ഇവരെ നോക്കുവാൻ പ്രായോഗികമായ ബുദ്ധിമുട്ട് നേരിടുന്നവരും ഈ ഭവനത്തിലെ അംഗമാണ്.

ദൈവത്തിന്റെ മാലാഖമാരെ ശുശ്രൂഷിക്കുന്നവർ

ഫാ. റ്റിജോ മുണ്ടുനടയ്ക്കൽ. ഇദ്ദേഹമാണ് ഈ ഇരുപത് പേരെ സ്വന്തമായിക്കണ്ട് പരിപാലിക്കുവാൻ നേതൃത്വം കൊടുക്കുന്നത്. ഇവരുടെ വളർച്ചയുടെ ഉയർച്ച-താഴ്ചകളെ വ്യക്തമായി മനസിലാക്കി ഇവരോട് ഇടപെടുന്നു. സദാ ഇവരോടൊപ്പം ആയിരിക്കുന്നു. 19 വയസു മുതൽ 52 വയസ്സു വരെ പ്രായമുള്ളവരാണെങ്കിലും ഇവർക്ക് അഞ്ചു വയസ്സിന്റെ ബുദ്ധിവളർച്ച ആയിട്ടില്ല. ബ്ര. റിജോയും ഇവരുടെ സഹായത്തിനായി ഒപ്പമുണ്ട്.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഇവർക്കു വേണ്ടിയുള്ള സ്പെഷ്യൽ സ്കൂളിൽ പോകും. ഉച്ചഭക്ഷണവും കൈയ്യിലെടുത്ത് യൂണിഫോമും ധരിച്ച് ഇവർ സ്കൂളുകളിലേയ്ക്ക് പോകുന്നത് നിറഞ്ഞ സംതൃപ്തിയോടെയാണ്. അക്ഷരങ്ങൾ ഒന്നും പഠിക്കാൻ പറ്റിയില്ലെങ്കിലും സോപ്പ് പൊടി നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, തിരി ഉണ്ടാക്കൽ തുടങ്ങിയവയുടെ പരിശീലനങ്ങൾ സ്കൂളിൽ നിന്നും ഇവര്‍ക്ക് ലഭിക്കുന്നു. ഒപ്പം ‘സംപ്രീതി’ യും വിവിധ രീതിയിൽ ഇവർ വർണ്ണമയമാക്കുന്നു.

ചെണ്ട പരിശീലനം, ഡ്രോയിങ്, കമ്പ്യൂട്ടർ ഗെയിം പരിശീലനം, റൈൻ ഡാൻസിനുള്ള സജ്ജീകരണം എന്നിവയൊക്കെ ഇവിടെയുണ്ട്. കോഴി, കാട എന്നിവയെ വളർത്തുന്നതും ഇവരുടെ ഒഴിവുവേളകളെ നിറമുള്ളതാക്കുന്നു. ഇവയെ കാണുവാനും പരിചരിക്കാനും വലിയ താല്‍പര്യവും സന്തോഷവും ഇവർക്കുണ്ട്.

തിരിച്ചറിയാത്ത വർണ്ണങ്ങൾക്ക് നിറം കൊടുക്കുന്നവർ 

യഥാർത്ഥത്തിൽ, ഇവരില്‍ ഒരാൾക്കൊഴികെ മറ്റാർക്കും നിറങ്ങളെ തിരിച്ചറിയുവാൻ സാധിക്കുകയില്ല. എങ്കിലും അവർ കൈയ്യിൽ കിട്ടുന്ന ക്രയോൺസ് ഉപയോഗിച്ച്, വരച്ചു കിട്ടുന്ന ചിത്രങ്ങൾക്ക് നിറം കൊടുക്കും. ഇതിനുള്ള പരിശീലനം നൽകുകയും സഹായിക്കുകയും ചെയ്യുന്നത് ബ്ര. റിജോയാണ്. തങ്ങളെ കാണാൻ വരുന്നവരെ വളരെ സന്തോഷത്തോടെ ഇവർ സ്വീകരിക്കും. ഇവരുടെ പ്രാർത്ഥനകൾ കൂടുതൽ ഫലപ്രാപ്തിയുള്ളതാണെന്ന് അനേകർ വിശ്വസിക്കുന്നു. ഇവിടെ വരുന്നവർ ഇവരോട് പ്രാർത്ഥനാസഹായം ചോദിക്കുന്നു. ഇവരില്‍ പലർക്കും നന്നായി സംസാരിക്കാൻ കഴിയില്ലായെങ്കിലും ദൈവം തന്ന സ്വരമുപയോഗിച്ച് പാട്ട് പാടുകയും പ്രാർത്ഥനകൾ ഉറക്കെ ചൊല്ലുന്നതുമൊക്കെ കേൾക്കുമ്പോൾ ഇവർ ദൈവത്തിന്റെ മാലാഖമാർ തന്നെയെന്ന് നിസംശയം പറയാം.

ദൈവപരിപാലനയിൽ ആശ്രയിച്ചു മുന്നോട്ടു പോകുന്നവർ

മൂന്ന്-നാലു പേരൊഴികെ മറ്റാരെയും ഇടയ്ക്ക് വീട്ടിൽ നിന്ന് വന്നു കൊണ്ടുപോകാറില്ല. മുഴുവൻ സമയവും ഈ ഭവനത്തിൽ തന്നെ അവര്‍ ചിലവഴിക്കുന്നു. ഇവരുടെ ചികിത്സയ്ക്കും മറ്റെല്ലാ ആവശ്യങ്ങൾക്കുമുള്ള പണവും മറ്റു സഹായങ്ങളും തികച്ചും ദൈവപരിപാലനയിൽ മാത്രം ആശ്രയിച്ചാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. എംസിബിഎസ് സഭയിൽ നിന്നുള്ള സഹായവും മറ്റു സഹായമനസ്കരായ ആളുകളിൽ നിന്നും ദാനമായി കിട്ടുന്നതിൽ നിന്നുമാണ് ഈ സ്ഥാപനം മുമ്പോട്ട് നടത്തികൊണ്ടു പോകുന്നത്.

ദിവ്യകാരുണ്യത്തിൽ കേന്ദ്രീകൃതമായ MCBS സഭയിലെ അച്ചന്മാർ ഈശോയുടെ കാരുണ്യം പങ്കുവെയ്ക്കുന്നത് മാനസികമായി പൂർണ്ണവളർച്ചയെത്താത്ത ഈ ഇരുപത് മാലാഖമാരോടാണ്. ഇവരുടെ കളിചിരിയിലും ചെറിയ ശാഠ്യങ്ങളിലും റ്റിജോ അച്ചനും കൂടെയുള്ളവരുമുണ്ട്. കാരണം, അവർ അച്ചന് മക്കളാണ്… മാലാഖമാരാണ്… അങ്ങനെ നിറങ്ങൾ മങ്ങിയ ജീവിതങ്ങൾക്ക് നിറമേകുവാനും അവർക്ക് ചിറകുകൾ നൽകുവാനും ക്രിസ്തുവിന്റെ സ്നേഹം ഉപാധികളില്ലാതെ പകരുവാനും അച്ചൻ തീക്ഷ്ണതയോടെ പരിശ്രമിക്കുന്നു.

സി. സൗമ്യ DSHJ