ഈസ്റ്റർ മുട്ടകൾ വർണ്ണാഭമാക്കുന്ന സംപ്രീതി മാലാഖമാർ

മാനസികമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികളാണ് കുടമാളൂർ ‘സംപ്രീതി’ ഭവനത്തിലുള്ളത്. ഈസ്റ്ററും ക്രിസ്മസും ഓണവും വിഷുവും ഒരുപോലെ അവർ ആഘോഷിക്കും. ഇത്തവണ ഈസ്റ്റർ മുട്ടകൾ ഉണ്ടാക്കിയാണ് അവരുടെ ആഘോഷം. എന്താണതിൻ്റെ അർത്ഥമെന്ന് അവർക്കറിയില്ല. എങ്കിലും ആഹ്ലാദത്തോടെ അവർ ഈസ്റ്റർ മുട്ടകൾ നിർമ്മിക്കുകയാണ്. നിർമ്മലതയുടെ പ്രതീകമായ ഈ കുട്ടികൾ നമ്മുടെ ഹൃദയങ്ങളേയും നിർമ്മലമാക്കും.

‘ഈസ്റ്റർ എഗ്ഗ്’ വലിയൊരു ഓർമ്മപ്പെടുത്തലാണ്. നാം കടന്നുപോകുന്ന ഓരോ പ്രതിസന്ധിക്കും ആർക്കും സ്വപ്നം കാണാൻ സാധിക്കാത്ത മനോഹരമായ ഒരു അന്ത്യമുണ്ടെന്ന ഓർമ്മപ്പെടുത്തൽ! ഓരോ വേദനയും പുതുജീവന്റെ സ്പന്ദനങ്ങളാണെന്ന ഓർമ്മപ്പെടുത്തൽ. നൊമ്പരത്തിന്റെ പുറംതോടുകൾക്ക് ജീവന്റെ അകക്കാമ്പുണ്ടെന്ന ഓർമപ്പെടുത്തൽ. ഇരുളാർന്ന രാവുകൾക്ക് ഉദയത്തിന്റെ അകമ്പടിയുണ്ടെന്ന ഓർമ്മകൾ.
ഏകാന്തതയുടെ ശവകുടീരങ്ങൾക്കു പോലും ജീവന്റെ തുടിപ്പുണ്ടെന്ന ഓർമ്മകൾ.

കൊറോണക്കാലത്തിനപ്പുറം മാസ്‌കില്ലാത്ത മുഖവും സാനിറ്റൈസർ ഇല്ലാത്ത സ്പർശവുമായി ഒരു പ്രഭാതം ഉടനെത്തുമെന്ന ഓർമ്മപ്പെടുത്തൽ ഈ ഈസ്റ്റർ സമ്മാനിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.

മുകളിൽ കുറിച്ച വരികളുടെ അർത്ഥമറിയാതെ സംപ്രീതിയുടെ മാലാഖമാർ പ്രതീക്ഷകൾക്ക് ചിറകു നൽകാൻ വീണ്ടും ഈസ്റ്റർ മുട്ടകൾക്ക് വർണ്ണമേകിക്കൊണ്ടേയിരിക്കുന്നു.

ഈസ്റ്റർ ആശംസകളോടെ,
ഒത്തിരി സ്നേഹത്തോടെ സംപ്രീതി മാലാഖമാർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.