വിശുദ്ധ കോൾബെ പരിചയപ്പെടുത്തുന്ന ക്രിസ്ത്യാനിയുടെ അത്ഭുത ആയുധം

രണ്ടാം ലോക മഹായുദ്ധത്തിൽ പോളണ്ടിൽ വി. മാക്സിമില്ല്യൻ കോൾബെ ആത്മാക്കൾക്കു വേണ്ടി യുദ്ധം ചെയ്തത് രണ്ടേ രണ്ട് ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു. ഒന്ന് പുസ്തകങ്ങളും മറ്റൊന്ന് മാതാവിന്റെ അത്ഭുത മെഡലും. പിന്നീട് അദ്ദേഹത്തെ രക്തസാക്ഷിത്വത്തിലേയ്ക്കു വളർത്തിയതിന്റെ പിന്നിൽ ഉണ്ടായിരുന്നതും ഈ ആയുധങ്ങളുടെ ശക്തി തന്നെ.

“ഒരു വ്യക്തി അയാളുടെ ജീവിതത്തിന്റെ ഏറ്റവും വിഷമഘട്ടത്തിൽ ഈ അത്ഭുത മെഡൽ ഉപയോഗിച്ചു പ്രാർത്ഥിച്ചാൽ ആ നിമിഷം തന്നെ അമ്മയുടെ സാന്നിധ്യം ഏറ്റവും അടുത്ത് അയാൾക്ക്‌ അനുഭവപ്പെടും. എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും സംരക്ഷണം നൽകും. ഇത് യഥാർത്ഥത്തിൽ നമ്മുടെ സ്വർഗീയ ആയുധമാണ്. ഒരു വിശ്വാസമുള്ള സൈനികന് ശത്രുക്കൾക്കെതിരെ ഉപയോഗിക്കാനുള്ള  ബുള്ളറ്റ് ആണിത്” – വി. മാക്സിമില്ല്യൻ കോൾബെ സാക്ഷ്യപ്പെടുത്തുന്നു. 

നിരീശ്വരവാദിയായ റാറ്റിസ്‌ബോന്നെയുടെ മാനസാന്തരം സംഭവിച്ചത് ഒരു കത്തോലിക്ക സുഹൃത്ത് സമ്മാനിച്ച ഈ അത്ഭുത മെഡൽ വഴിയാണ്. ഒരു ഫ്രീ മേസനും നിരീശ്വരവാദിയുമായിരുന്നു റാറ്റിസ്‌ബോന്നെ. ഒരു കത്തോലിക്കാ സുഹൃത്ത് സമ്മാനിച്ച മാതാവിന്റെ അത്ഭുത മെഡൽ അദ്ദേഹം ധരിച്ചതിനു ശേഷം പരിശുദ്ധ അമ്മ റാറ്റിസ്‌ബോന്നെയ്ക്ക് പ്രത്യക്ഷപ്പെട്ടു. 1842 ജനുവരി 20-നായിരുന്നു അത്. മാനസാന്തരപ്പെട്ട അദ്ദേഹം, വൈദികനാവുകയും മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്തെ അൾത്താരയിൽ ആദ്യ ബലിയർപ്പണം നടത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം ഒരു പുതിയ കോൺഗ്രിഗേഷൻ സ്ഥാപിക്കുകയും ചെയ്തു.

ഫാ. കോൾബെയുടെ ജീവിതത്തെ വളരെ സ്വാധീനിച്ച ഒന്നായിരുന്നു ഇത്. ഈ ഒരു ഭക്തിയാണ് പിന്നീട് അദ്ദേഹത്തെ ഔഷ്‌വിറ്റ്‌സിലെ തടങ്കൽ പാളയത്തിൽ സഹോദരനുവേണ്ടി മരിക്കാൻ പോലുമുള്ള സ്നേഹത്തിലേയ്ക്ക് വളർത്തിയത്.   

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.