ജപമാല സമാധാനത്തിനുള്ള മാർഗ്ഗമാക്കിയ അഭിനേത്രി

ഗായികയും അഭിനേത്രിയുമായ റോമിന തന്റെ പ്രതിസന്ധികളില്‍ ജപമാലയിൽ നിന്നാണ് സമാധാനം കണ്ടെത്തിയത്. സാധാരണ അഭിനേത്രിമാർ പറയുന്നതുപോലെ സിനിമാ വിശേഷങ്ങളും മോഹങ്ങളും പറയാനല്ലായിരുന്നു റോമിനക്ക് ഇഷ്ടം. അവർ സംസാരിച്ചതു മുഴുവനും പരിശുദ്ധ കന്യകാമാതാവിനെക്കുറിച്ചാണ്, ജപമാലയെക്കുറിച്ചാണ്. റോമിന എന്ന അഭിനേത്രിയുടെ ജീവിതസാക്ഷ്യമിതാ…

റോമിനയുടെ കുടുംബം   

ഇപ്പോൾ എഴുപതു വയസുള്ള റോമിന തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതേ പ്രായത്തിൽ തന്നെയാണ് അൽബാനോ കറിസ്സി എന്ന യുവ ഇറ്റാലിയൻ ഗായകനെ വിവാഹം കഴിക്കുന്നതും. റോമിനയുമായുള്ള വിവാഹം അൽബാനോയുടെ അമ്മക്ക് തീരെ താല്പര്യമില്ലായിരുന്നു. എന്നാൽ അവരുടെ കുടുംബജീവിതം എല്ലാവരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. അവർക്ക് എലേനിയ, യാരി, ക്രിസ്റ്റൽ, റോമിനാ എന്നിങ്ങനെ നാല് കുട്ടികളുമുണ്ടായി. വളരെ സന്തുഷ്ടമായ കുടുംബമായിരുന്നു റോമിനയുടേത്.

എലേനിയയുടെ തിരോധാനം

1994 – ൽ 23 വയസ്സുള്ളപ്പോഴാണ് റോമിനയുടെ മകളായ എലേനിയയെ കാണാതാകുന്നത്. മകൾ എവിടെയാണെന്ന് ഒരു വിവരവും ലഭിക്കുന്നില്ല. റോമിനയുടെ സന്തോഷപ്രദമായ കുടുംബത്തെ ഇത് സാരമായി തന്നെ ബാധിച്ചു. എലേനിയ ജീവനോടെയുണ്ടോ, അതോ മരിച്ചോ എന്നുപോലും അറിയില്ല.

എലേനിയ ആത്മഹത്യ ചെയ്തുവെന്നാണ് അൽബാനോ വിശ്വസിക്കുന്നത്. എന്നാൽ അമ്മയായ റോമിനയാവട്ടെ തന്റെ മകൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്. എലേനിയ ഇപ്പോഴും കാണാമറയത്ത് ജീവിക്കുന്നുണ്ടെന്നാണ് റോമിന പറയുന്നത്. പിന്നീട് റോമിനയുടെ കുടുംബത്തിന് അധികം ആയുസ്സ് ഉണ്ടായില്ല. 2012 -ൽ റോമിന അൽബാനോയുമായി വേർപിരിഞ്ഞു.

ഉറക്കമില്ലാത്ത രാത്രികളിൽ കൂട്ടായത് ജപമാല

തന്റെ മകളുടെ തിരോധാനത്തിനു ശേഷം റോമിനക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഉത്തരമില്ലാത്ത പല ചോദ്യങ്ങളായിരുന്നു റോമിനയുടെ മനസ്സിൽ. അപ്പോഴാണ് ന്യൂ ഓർലീൻസിലെ ഒരു ആശ്രമത്തിലേക്ക് റോമിന പോകുന്നത്. അവിടെ ചെന്ന റോമിന, തനിക്കൊരു ജപമാല വേണമെന്ന് ആവശ്യപ്പെടുകയും ജപമാലയുമായി വീട്ടിലേക്ക് പോരുകയും ചെയ്തു.

അന്നു മുതൽ ജപമാല ചൊല്ലുന്നത് റോമിനക്ക് പ്രിയപ്പെട്ടതായി. നഷ്ടപ്പെട്ട ഉറക്കവും ഹൃദയസമാധാനവും അവൾക്ക് വീണ്ടും ലഭിച്ചു. അതു മാത്രമല്ല, പാതിവഴിയിൽ മുറിഞ്ഞുപോയ അവളുടെ കുടുംബജീവിതം വീണ്ടും ആരംഭിച്ചു. അൽബാനോയും റോമിനെയും തങ്ങളുടെ ദാമ്പത്യജീവിതത്തിലേക്ക് തിരികെ വന്നു.

റോമിന എന്ന ചിത്രകാരി

റോമിന ഒരു ചിത്രകാരിയും കൂടിയായിരുന്നു. മരിയഭക്തയായ അവൾ ആദ്യമൊക്കെ മാതാവിന്റെ ചിത്രങ്ങൾ മാത്രമായിരുന്നു വരച്ചിരുന്നത്. പിന്നീട് മാതാവും ഉണ്ണിയേശുവും ഒരുമിച്ചുള്ള ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. താൻ വരയ്ക്കുന്ന മാതാവിന്റെ മുഖത്ത് എപ്പോഴും ഒരു ശോഭ നിലനിർത്താൻ റോമിന ശ്രദ്ധിച്ചിരുന്നു. അതോടൊപ്പം തന്നെ മാതാവിനെ ലോകത്തിന്റെ അമ്മയായിട്ടാണ് റോമിന കണ്ടിരുന്നതും. തന്റെ ചിത്രങ്ങൾ കാണുമ്പോൾ ഒരു അമ്മയുടെ വാത്സല്യം കാണികൾക്ക് അനുഭവവേദ്യമാക്കണമെന്നും റോമിന ആഗ്രഹിച്ചിരുന്നു.

വി. ജോൺപോൾ രണ്ടാമൻ പാപ്പായുമൊത്ത്

പതിനഞ്ചു വർഷം മുൻപാണ് റോമിന വി. ജോൺപോൾ രണ്ടാമൻ പാപ്പായെ കാണുന്നത്. അദ്ദേഹത്തെ കാണണമെന്നും സംസാരിക്കണമെന്നും റോമിനെ ഒരുപാട് ആഗ്രഹിച്ചതാണ്. മരകാനാ സ്റ്റേഡിയത്തിലെ സ്റ്റേജിൽ വച്ച് റോമിന പാപ്പായെ സമീപിച്ചപ്പോൾ, പ്രോട്ടോക്കോൾ അനുസരിച്ച്, പാപ്പായുടെ മോതിരം ചുംബിക്കാൻ റൊമിന കുനിഞ്ഞു. എന്നാൽ പാപ്പാ, റോമിനയെ കുമ്പിടാൻ അനുവദിക്കാതെ അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി. റോമിനയുടെ ഹൃദയം ആ നിമിഷം ആനന്ദത്താൽ തുള്ളിച്ചാടി. മൂന്നു തവണ അദ്ദേഹത്തിൽ നിന്ന് വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള ഭാഗ്യവും റോമിനക്കു  ലഭിച്ചു.

നമ്മൾ സംരക്ഷകരായി മാറണം

ഇന്ന് മനുഷ്യരാശിയെ കൂടുതലായി ഭീഷണിപ്പെടുത്തുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും മാനവികതയെക്കുറിച്ചും റോമിനക്ക് വലിയ പ്രതീക്ഷകളാണുള്ളത്. “മനുഷ്യവർഗ്ഗം ഭൂമിയിൽ വാസം തുടരണമെങ്കിൽ നാം നമ്മുടെ ഉള്ളിലേക്കു നോക്കണം. നമുക്ക് ആത്മീയതയുണ്ട്, ചൂഷണം ചെയ്യുന്നവരേക്കാൾ ഭൂമിയുടെ സംരക്ഷകരായി നമ്മൾ മാറണം” – റോമിന പറയുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.