ഉത്തരീയം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് രക്തസാക്ഷിയായ പതിനഞ്ചുകാരൻ

“ജയിലിൽ പോകാൻ ഞാൻ തയ്യാറാണ്. പക്ഷേ, ഈ ഉത്തരീയം ഞാൻ ഉപേക്ഷിക്കുകയില്ല” – ധരിച്ചിരുന്ന ഉത്തരീയം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് രക്തസാക്ഷിയായ പതിനഞ്ചു വയസുകാരന്റെ വാക്കുകളാണിത്.

ഒക്ടോബർ 16 -ന് കോർഡോബ രൂപതയിൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട 127 പേരിൽ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയാണ് ഫ്രാൻസിസ്കോ ഗാർസിയ. സ്പാനിഷ് ആഭ്യന്തരയുദ്ധം നടന്ന 1936-1939 കാലഘട്ടത്തിലെ മതപീഡനത്തിനിടെ വധിക്കപ്പെടുമ്പോൾ ആ കൗമാരക്കാരന് പ്രായം വെറും പതിനഞ്ചു വയസ്.

1936 ജൂലൈ 20 -ന്, പിതാവിനെ അറസ്റ്റ് ചെയ്യാൻ പട്ടാളക്കാർ ഫ്രാൻസിസ്കോയുടെ വീട്ടിലെത്തി. അപ്പോഴാണ് ഫ്രാൻസിസ്കോയുടെ പാന്റ്സിന്റെ പോക്കറ്റിൽ ഒരു ഉത്തരീയം ഉള്ളത് അവരുടെ ശ്രദ്ധയിൽപെട്ടത്. അവനോട് അത് ഉപേക്ഷിക്കാൻ പട്ടാളക്കാർ ആവശ്യപ്പെട്ടു. എന്നാൽ, ഫ്രാൻസിസ്‌കോ ഉത്തരീയം ഉപേക്ഷിക്കാൻ തയ്യാറായില്ല. അത് ഉപേക്ഷിച്ചില്ലെങ്കിൽ അവനെ കുടുംബാംഗങ്ങളോടൊപ്പം ജയിലിലേക്ക് കൊണ്ടുപോകുമെന്ന് അവർ അവനോടു പറഞ്ഞു. ഫ്രാൻസിസ്കോ നിശ്ചയദാർഡ്യത്തോടെ മറുപടി പറഞ്ഞു: “ജയിലിൽ പോകാൻ ഞാൻ തയ്യാറാണ്. പക്ഷേ, ഈ ഉത്തരീയം ഞാൻ ഉപേക്ഷിക്കുകയില്ല.” ഫ്രാൻസിസ്കോ അറസ്റ്റിലായി രണ്ട് ദിവസത്തിനു ശേഷം മാർക്സിസ്റ്റ് സായുധസേന അദ്ദേഹത്തെ തടവിലാക്കിയിരുന്ന ബാരക്കിലേക്ക് പ്രവേശിക്കുകയും അദ്ദേഹത്തെ കൊലപ്പെടുത്തുകയുമായിരുന്നു.

ചെറുപ്പം മുതലേ ഫ്രാൻസിസ്കോ ക്രിസ്തീയവിശ്വാസത്തിൽ വളർന്ന ഒരു കുട്ടിയായിരുന്നു. ഇടവക ദൈവാലയത്തിന്റെ എല്ലാ പരിപാടികളിലും സഹകരിക്കുകയും പ്രായമായവർക്കും സഹായം ആവശ്യമുള്ളവർക്കും ദാനധർമ്മങ്ങൾ ചെയ്യുകയും ചെയ്തിരുന്നു. 1936 ജൂലൈയിൽ സ്പാനിഷ് ആഭ്യന്തരയുദ്ധം ആരംഭിക്കുകയും മതപീഡനം ആരംഭിക്കുകയും ചെയ്തു. ഫ്രാൻസിസ്കോ എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമായിരുന്നു. മതപീഡനത്തിന്റെ കാലഘട്ടത്തിലും അവൻ അവക്കൊന്നും മുടക്കം വരുത്തിയില്ല.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.