ഇല്ലായ്മയിൽ നിന്നൊരു സമർപ്പണം 

സി. അനിത വര്‍ഗ്ഗീസ് എസ്.ജെ.

കഴിഞ്ഞ ഒരു മാസക്കാലം ജാര്‍ഘണ്ഡിലുള്ള ഞങ്ങളുടെ പുതിയൊരു മിഷന്‍ സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നതിനും ഒരു മാസക്കാലം അവിടെ ചെലവഴിക്കുന്നതിനുമായി ഒരവസരം കിട്ടി. ഏറിയ തണുപ്പോ, ഏറിയ ചൂടോ ഇല്ലാത്ത ഒരു നല്ല കാലാവസ്ഥ. ജാര്‍ഘണ്ഡിലെ റാഞ്ചി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം 200 കി.മീ. ബസ് യാത്ര കഴിഞ്ഞാണ് സിമംടേഗാ എന്നുപറയുന്ന ഞങ്ങളുടെ പുതിയ മിഷന്‍ സ്റ്റേഷനിലെത്താന്‍. ചുറ്റുമുള്ള ജനസംഖ്യയില്‍ പകുതിയിലധികവും ക്രിസ്ത്യന്‍ ആദിവാസികളാണ്.

പുതിയ മഠത്തിന്റെ പണി തുടങ്ങാനുള്ള ഒരു കത്തിനുവേണ്ടി പാവപ്പെട്ട മനുഷ്യര്‍ ഞങ്ങള്‍ക്ക് സന്തോഷപൂര്‍വ്വം നല്‍കിയ ഒരു കൊച്ചുമുറിയിലായിരുന്നു ഞങ്ങളുടെ താമസം. ചോറും കറിയും പാകം ചെയ്യാനുള്ള 2 ലിറ്ററിന്റെ ഒരു ചെറിയ കുക്കറും, ചായ ഉണ്ടാക്കാനുള്ള ചെറിയൊരു പാത്രവും, ഭക്ഷണത്തിനായി രണ്ടു പ്ലേറ്റ്, രണ്ടു ഗ്ലാസ്, കുടിവെള്ളം വെയ്ക്കാന്‍ ചെറിയൊരു അലൂമിനിയം പാത്രം ഇത്രയുമായിരുന്നു ഞങ്ങളുടെ അടുക്കള സാമഗ്രികള്‍. എന്നും രാവിലെ 4.30 ന് എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങള്‍ നടത്തി പ്രാര്‍ത്ഥനയും കഴിഞ്ഞ് 5.15 ന് ഞങ്ങള്‍ കൊന്തചൊല്ലി കാല്‍നടയായി അരമണിക്കൂര്‍ ദൂരെയുള്ള ഞങ്ങളുടെ ഏറ്റവും അടുത്ത പാരിഷില്‍ വി. ബലിയ്ക്കായി പോവുക പതിവായിരുന്നു. 5.45 ന് ഞങ്ങള്‍ എത്തിയാല്‍ ഉടനെ വി. ബലിയാണ്. ലാറ്റിന്‍ കുര്‍ബാനയായതു കൊണ്ട് സാധാരണ ദിവസം 20 മിനിറ്റാണ്. കുര്‍ബാനയുടെ സമയം ഞായറാഴ്ചകളില്‍ മാത്രമാണ് പൊതുജനം വരികയുള്ളൂ. ഞങ്ങള്‍ ചെന്നതിന്റെ തൊട്ടടുത്ത ഞായറാഴ്ച പുത്തിരിപെരുനാള്‍ ആഘോഷമായിരുന്നു.

പഴയനിയമ പുസ്തകം പുറപ്പാട് 23 അധ്യായം 14-19 വരെയുള്ള വാക്യങ്ങളിലൂടെ നാം കണ്ണോടിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും പുത്തിരി പെരുന്നാള്‍ ആഘോഷം എന്താണ് എന്ന്. ഇതില്‍ ദൈവമായ കര്‍ത്താവ് അരുളിചെയ്യുന്നുണ്ട്. തന്റെ ബഹുമാനത്തിനായി വര്‍ഷംതോറും മൂന്നുതവണ ഉത്സവം ആഘോഷിക്കണം എന്ന്. അതില്‍ ഒരു ആഘോഷം പുത്തിരിപെരുന്നാള്‍ ആഘോഷമായിരുന്നു. വീണ്ടും പുറപ്പാട് 23:16 ല്‍ പറയുന്നു നിങ്ങള്‍ വയലില്‍നിന്ന് ആദ്യഫലങ്ങള്‍ കൊയ്‌തെടുക്കുമ്പോള്‍ പുത്തിരിപെരുന്നാളും, വര്‍ഷാവസാന പ്രയത്‌നം ഫലം ശേഖരിച്ചു കഴിയുമ്പോള്‍ സംഭരണതിരുനാളും ആഘോഷിക്കണം. 19-ാം തിരുവചനം വീണ്ടും തുടരുന്നു വയലിലെ ആദ്യവിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ കര്‍ത്താവിന്റെ ഭവനത്തിലേക്ക് കൊണ്ടുവരണം.

പുതിയൊരു സംസ്‌കാരം കാണാനും അവരുടെ സന്തോഷത്തില്‍ പങ്കുചേരാനുമുള്ള ആഗ്രഹം മൂലം അതിരാവിലെ ഉണര്‍ന്ന് തിടുക്കത്തില്‍ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. അങ്ങുമിങ്ങും തിങ്ങി വളര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന പടുകൂറ്റന്‍ മരങ്ങളുടെ ഇടയിലാണ് പാവപ്പെട്ട ജനങ്ങളുടെ അദ്ധ്വാനത്താല്‍ കൈകൊണ്ട് പണിതുയര്‍ത്തിയ ദൈവസാന്നിധ്യം വിളിച്ചോതുന്ന ചെറിയ പള്ളി സ്ഥിതി ചെയ്യുന്നത്. മണ്ണുപൊത്തി ചാണകം മെഴുകി ഏറ്റവും വില കുറവുള്ളതും, തുരുമ്പുപിടിച്ചതുമായ ടിന്‍ ഷീറ്റടിച്ച ആ കൊച്ചുസ്ഥലം ബലിയര്‍പ്പണവേദിയായി മാറിയപ്പോള്‍, പഴയനിയമത്തില്‍ മോശയ്ക്ക് പ്രത്യക്ഷപ്പെട്ട അതേ ദൈവത്തിന്റെ മഹിമ ആ പരിസരമാകെ നിറഞ്ഞ പ്രതീതി. രാവിലെ ആറര മണിയോടുകൂടി ഏകദേശം ആയിരത്തിലേറെ ജനങ്ങള്‍ അടുത്തും അകലെയുമായ ഗ്രാമത്തില്‍ നിന്നും എത്തിച്ചേര്‍ന്നു. അകലെയുള്ളവരൊക്കെ ചെറിയ കുട്ടികളെ പുറത്തു തുണിയില്‍ കെട്ടിതൂക്കിയും, കൈയ്യില്‍ കുട്ടികള്‍ക്ക് വിശക്കുമ്പോള്‍ കൊടുക്കാനുള്ള ഭക്ഷണസാധനങ്ങള്‍ കീറിപറിഞ്ഞ സഞ്ചിയിലാക്കിയും, ഒരു ചെറിയ പഴയകുപ്പിയില്‍ കുട്ടികള്‍ക്ക് കുടിക്കാനുള്ള വെള്ളവും, കൂടെ വീട്ടിലുള്ള പട്ടിയെയും കൂട്ടികൊണ്ടുള്ള  ഗര്‍വ്വോടു കൂടിയ അവരുടെ നടത്തം നോക്കിനില്‍ക്കാന്‍ നല്ലൊരു ഇമ്പമാണ്. കൂടാതെ എല്ലാവരുടെ കൈയ്യില്‍ പുതിയ ഫലങ്ങള്‍ സംഭരിച്ച സഞ്ചിയും തൂക്കിപിടിച്ചിട്ടുണ്ട്. കപ്പലണ്ടി, അരി, നെല്ല്, ഉഴുന്ന് ഇങ്ങനെ പോകുന്ന കാഴ്ചയര്‍പ്പണവസ്തുക്കളുടെ ലിസ്റ്റ് കൂടാതെ എല്ലാവരുടെയും സഞ്ചിയില്‍ ഒരു കഷണം തുണിയുമുണ്ടായിരിയ്ക്കും. അതു നിലത്ത് വിരിച്ചാണ് അവരുടെ ഇരിപ്പ്. ഇടതൂര്‍ന്ന മരങ്ങളുള്ളതിനാല്‍ ശരീരമാകെ കുളിരണിയിയ്ക്കുന്ന നല്ലൊരു ഇളംതെന്നല്‍.

ആരാരും പ്രാക്ടീസ് കൊടുക്കാത്ത ജന്മസിദ്ധമായ കാലാവാസനയുള്ള ചെറുപ്പക്കാരായ യുവതീയുവാക്കള്‍ ഒരുകൂട്ടമായി നിന്ന് അവരുടേതായ വാദ്യോപകരണങ്ങള്‍ മീട്ടി സാന്തിരിഭാഷയില്‍ ഗാനമാരംഭിച്ചു. പുരോഹിതന്‍ പരിശുദ്ധമായ കുര്‍ബ്ബാന കുപ്പായമണിഞ്ഞ്, കുന്തിരിക്കം പുകച്ചുകൊണ്ട് നടന്നുവരുന്ന രണ്ടുകുട്ടികളുടെ നടുവില്‍. മുന്നില്‍ വളരെ മനോഹരമായ ചുവപ്പ് വീതിയുള്ള കരയോടുകൂടിയ വെള്ള സാരിയും, ബ്രൗണ്‍ കളര്‍ ബ്ലൗസും, മുടി ഉയര്‍ത്തി കെട്ടി ചുറ്റും മഞ്ഞനിറമുള്ള കടലാസ് മാലയും, വീതിയുള്ള വളപോലെ മഞ്ഞനിറമുള്ള കടലാസ് മാല കൈത്തണ്ടയിലും ചാര്‍ത്തി, ഉയര്‍ത്തിക്കെട്ടിയ മുടിയുണ്ടയില്‍ മയില്‍പ്പീലിയും ചാര്‍ത്തി ചെറിയ ചുവടു വെച്ചുകൊണ്ടുള്ള നൃത്തത്തോടു കൂടിയാണ് പുരോഹിതനെ ബലിപീഠത്തിലേയ്ക്ക് എതിരേറ്റ് കൊണ്ടുവരുന്നത്. ഏകദേശം 15 മിനിറ്റോടു കൂടി ഇവര്‍ ബലിവേദിയുടെ അരികെ എത്തുമ്പോള്‍ പുരോഹിതന്‍ മുന്നില്‍ വരുന്നതനുസരിച്ച് രണ്ടുവശങ്ങളിലൂടെ മാറി നൃത്തക്കാര്‍ വഴിമാറുന്നു. എന്നിട്ട് ബലിവേദിയിലെത്തിയ പുരോഹിതന്‍ വിശുദ്ധജലം ഭക്തജനങ്ങളുടെ മേല്‍ തളിച്ച് വിശുദ്ധീകരിച്ചതിനു ശേഷമാണ് ബലിയര്‍പ്പണം തുടരുന്നത്. പിന്നീട് ഒരാള്‍ ബൈബിള്‍ കൈയ്യില്‍ പൊക്കിപ്പിടിച്ച് രണ്ടുവശത്തും കത്തിച്ച തിരിപിടിച്ച്, മറ്റൊരാള്‍ വചനപീഠത്തില്‍ ഇടാനുള്ള കൈകൊണ്ട് ഉണ്ടാക്കിയ വര്‍ണ്ണശബളമായ മാലയും പിടിച്ച്, വെള്ള ഡ്രസ്സണിഞ്ഞ ചെറിയ പെണ്‍കുട്ടികളും, ആദിവാസി ആണുങ്ങളുടെ ഡ്രസ്സ് അണിഞ്ഞ ചെറിയ ആണ്‍കുട്ടികളും (തലയില്‍ വെള്ളതുണികൊണ്ട് കെട്ടി, കാലുകള്‍ പകുതി പുറത്താക്കി ഒരു പ്രത്യേകരീതിയില്‍ വെള്ളമുണ്ട് ഉടുക്കുകയാണ് ആണുങ്ങളുടെ ഡ്രസ്സ് സംവിധാനം) ഒരു പ്രത്യേക രീതിയില്‍ പതുക്കെ ശരീരം താളാത്മകമായി ചലിപ്പിച്ചുകൊണ്ടുള്ള അവരുടെ ഡാന്‍സ് കാണുമ്പോള്‍ നാമും അറിയാതെ താളം വച്ചുപോകും. അത്രയ്ക്കും താളാത്മകമാണ് അവരുടെ ഡാന്‍സ്.

ബൈബിള്‍ പിടിച്ചുകൊണ്ട് ബലിവേദിയിലേയ്ക്ക് വരുന്ന വ്യക്തിയുടെ ശിരസ്സില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചതിനുശഷം പുരോഹിതന്‍ ബൈബിള്‍ വാങ്ങി വായിക്കുന്നതിന് ബൈബിള്‍ സ്റ്റാന്റിനെ മാലകൊണ്ട് അലങ്കരിച്ച് വായന ആരംഭിയ്ക്കുകയായി. പിന്നീട് പ്രസംഗത്തിനു ശേഷം വലിയൊരു ആഘോഷം വീണ്ടും തുടരുകയായി. താന്താങ്ങളുടെ വീട്ടില്‍നിന്നും കൊണ്ടുവന്നിട്ടുള്ള പുതിയ ധാന്യഫലങ്ങള്‍ എല്ലാവരും കൈയ്യില്‍പിടിച്ച് മുന്നില്‍ വീണ്ടും ഡാന്‍സുകാര്‍ മുന്‍പറഞ്ഞ പോലെ ഡ്രസ്സണിഞ്ഞ് താളാത്മകമായ നൃത്ത ചുവടുകള്‍ വെച്ച് പൂജാവേദിയിലേക്കണയുന്നു. പുരോഹിതന്‍ ഓരോരുത്തരെയും അനുഗ്രഹിച്ച് മുന്‍കൂട്ടി ഒരുക്കിവച്ചിരിയ്ക്കുന്ന വലിയ വ്യത്യസ്ഥപാത്രങ്ങളില്‍ തങ്ങളുടെ സമര്‍പ്പണഫലങ്ങള്‍ കാഴ്ചവെയ്ക്കുന്നു. എത്രയോ അര്‍ത്ഥവത്തായ പങ്കുവയ്ക്കല്‍. ഉള്ളവരും ഇല്ലാത്തവരും ഒരു മനമോടെ ഒന്നായി നില്‍ക്കുന്നതു കാണുമ്പോള്‍ തോന്നും ഭൂമിയിലെ സ്വര്‍ഗ്ഗമാണിതെന്ന്. മനം തുറന്നുള്ള കാഴ്ച സമര്‍പ്പണം. തങ്ങളുടെ പ്രയത്‌നത്തിന്റെ നല്ലൊരു അംഗം ദൈവത്തിന് സമര്‍പ്പിയ്ക്കുന്നു. വിധവയുടെ കൊച്ചുകാശുപോലെ.

എത്രയോ ബലികളിലാണ് നാം ഓരോരുത്തരും പങ്കെടുത്തിരിയ്ക്കുന്നത്. നമ്മുടെ സൃഷ്ടാവിന്റെ മുന്നില്‍ എല്ലാം സമര്‍പ്പിച്ച്, നമ്മുടെ ജീവിതത്തെ ബലിയര്‍പ്പണത്തിന്റെ ഒരു ആഘോഷമാക്കി മാറ്റാന്‍ എനിക്ക് സാധിക്കാറുണ്ടോ? ബലിയര്‍പ്പണത്തിലെ ബലിവസ്തുക്കള്‍ നമ്മുടെ ജീവിതത്തിലെ സുഖദുഃഖങ്ങളാണ്, ജയപരാജയമാണ്, എന്നിലെ മാറ്റാന്‍ കഴിയാത്ത കുറവുകളാണ്, നമ്മുടെ ദാരിദ്ര്യാവസ്ഥയാണ്, നമ്മുടെ രോഗാവസ്ഥയാകാം, ഒരുപക്ഷെ ഉയര്‍ന്ന എന്റെ സാമ്പത്തിക മേഖലയായിരിയ്ക്കാം, നല്ല ജോലിയാകാം, പൊട്ടിനുറുങ്ങിയ എന്റെ വ്യക്തിബന്ധങ്ങളായിരിക്കാം, എന്തുമാകട്ടെ മുന്‍കണ്ട ആ പാവപ്പെട്ട ജനങ്ങളെപ്പോലെ സ്വതന്ത്രമായി നമ്മെതന്നെ മറന്ന് നമ്മുടെ സൃഷ്ടാവിന്റെ മുന്നില്‍ ജീവിതം വിട്ടുകൊടുത്താലേ നമ്മുടെയൊക്കെ ജീവിതങ്ങള്‍ ധന്യമാകൂ

വി. ഫ്രാന്‍സീസ് അസ്സീസിയെപ്പോലെ എല്ലാം മറന്ന് സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ എന്ന് പറഞ്ഞ് സൃഷ്ടാവിന്റെ മുന്നില്‍ സ്വയം വിട്ടുകൊടുത്ത് ലയിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിഞ്ഞെങ്കില്‍ അതായിരിക്കും നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ കാഴ്ചസമര്‍പ്പണം. ഓരോ വിശുദ്ധ ബലിയിലെയും പങ്കെടുക്കല്‍ ബോധപൂര്‍വ്വമാകട്ടെ. അതു നമ്മെ ആത്മീയസമ്പന്നതയിലേയ്ക്ക് ഉയര്‍ത്തട്ടെ. നമ്മുടെ ഉള്ളും ഉള്ളായ്മയും അവിടുത്തെ പാദാന്ത്യത്തില്‍ സമര്‍പ്പിക്കാനും അങ്ങനെ നമ്മുടെ സൃഷ്ടികര്‍ത്താവിന്റെ സന്നിധിയില്‍ എല്ലാം മറന്നിരിക്കാം… പുതിയൊരു ആത്മനിര്‍വൃതി… ആത്മീയ ലയനം… ആത്മസന്തോഷം… പുതിയൊരു ജീവന്‍…

സിസ്റ്റര്‍ അനിത വര്‍ഗ്ഗീസ് എസ്.ജെ സാഗർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.