ലോകവുമായി എന്നെ ബന്ധിപ്പിച്ചു നിർത്തുന്നതിന് നന്ദി: ഫ്രാന്‍സിസ് പാപ്പാ

ലോകവുമായി തന്നെ എപ്പോഴും ബന്ധിപ്പിച്ചുനിർത്തുന്നതിന് വത്തിക്കാനിലെ പോസ്റ്റൽ സർവീസിനും ടെലിഫോൺ സർവ്വീസിനും നന്ദി അറിയിച്ച് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിൽ, ഈ രണ്ട് സേവനങ്ങളുടെയും മേൽനോട്ടം വഹിക്കുന്ന കർദ്ദിനാൾ ഗുസപ്പെ ബർട്ടലേയോയെ, പാപ്പാ അഭിനന്ദനവും നന്ദിയും അറിയിക്കുകയും ചെയ്തു.

കുടുംബാംഗങ്ങളോടൊപ്പമാണ് ഈ രണ്ട് സർവ്വീസിലെയും ജോലിക്കാർ പാപ്പായെ കാണാനെത്തിയത്. പുറംലോകവുമായി തന്നെ അടുപ്പിക്കുന്നതിന് ഓരോരുത്തരും ചെയ്യുന്ന ത്യാഗത്തിന് പാപ്പാ തന്റെ നന്ദി അറിയിച്ചു. “ആളുകളുമായി നിരന്തരം സമ്പർക്കം പുലർത്താൻ സാധിക്കുന്നതിനും എന്റെ ദൗത്യം നിറവേറ്റാൻ എന്നെ സഹായിക്കുന്നതിനും നിങ്ങളോട് ഞാൻ നന്ദി പറയുന്നു”- പാപ്പാ പറഞ്ഞു. തൊഴിലിലൂടെ സാക്ഷ്യം നൽകുകയാണ് നിങ്ങൾ ചെയ്യുന്നതെന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു.