തളിരണിഞ്ഞ മെഡിക്കൽ കോളേജ് ഇടുക്കിയുടെ ആവശ്യം: മന്ത്രി റോഷി അഗസ്റ്റിൻ

എല്ലാ തലങ്ങളിലും തളിരണിഞ്ഞ ഒരു മെഡിക്കൽ കോളേജാണ് ഇടുക്കിയുടെ ആവശ്യം എന്ന് കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇടുക്കി മെഡിക്കൽ കോളേജ് ക്യാമ്പസില്‍ നടപ്പിലാക്കിയ തളിരണിയിക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

വൃക്ഷത്തൈകൾ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, തെളിഞ്ഞ അന്തരീക്ഷവും ശുദ്ധവായുവും ഈ ക്യാമ്പസിന് അത്യന്താപേക്ഷിതമാണെന്നും അതിനു വേണ്ടി  ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി നടപ്പിലാക്കിയ ഈ പദ്ധതി ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു ഇടങ്ങളിൽ  തണൽ നൽകുന്ന ഫലവൃക്ഷത്തൈകൾ നട്ടുപരിപാലിച്ചു കൊണ്ട് ഒരു കാർഷിക വനവത്കരണ സംസ്കാരത്തിന് തുടക്കം കുറിക്കുക എന്നതാണ് തളിരണിയിക്കൽ പദ്ധതിയിലൂടെ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി ലക്ഷ്യമിട്ടിരിക്കുന്നത്.

ചടങ്ങിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി. സത്യൻ അദ്ധ്യക്ഷനായിരുന്നു. ഇടുക്കി ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് വർഗ്ഗീസ്, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ സിസ്റ്റർ ടീന മുട്ടത്ത്, മാർക്കറ്റിംഗ് മാനേജർ ജസ്റ്റിൻ നന്ദികുന്നേൽ, പി ആർ ഒ ഡോൺ തോമസ്, അനിമേറ്റർമാരായ സിനി സജി, മിനി ജോണി, ടോമി വെട്ടിക്കൽ, ജോർജ് പാലക്കാട്ട് എന്നിവർ പ്രസംഗിച്ചു.

ഇടുക്കി മെഡിക്കൽ കോളേജിൽ ജി.ഡി.എസ് പൊതുജന പങ്കാളിത്തത്തോടെ നടുന്ന ഓരോ വൃക്ഷത്തൈകളും സംരക്ഷിക്കുന്നതിനായി ഇടുക്കി ജില്ലയിലെ 14 പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന 10 ഗ്രാമങ്ങളിലെയും  സ്വാശ്രയസംഘാംഗങ്ങളെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുക. ഇടുക്കി വനം വകുപ്പിന്റെ സഹകരണത്തോടെ ഈ വർഷത്തെ പരിസ്ഥിതിദിനത്തിൽ പ്രവർത്തനഗ്രമങ്ങളിൽ 5000-ഓളം ഫലവൃക്ഷത്തൈകൾ നട്ടുപരിപാലിക്കുമെന്ന് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.