ജീവന്റെ സംസ്കാരത്തിന് ഊന്നൽ നൽകി തലശേരി രൂപത

അണുകുടുംബങ്ങള്‍ വര്‍ധിച്ചുവരുന്ന ആധുനിക ലോകത്ത് ജീവന്റെ മഹത്വം ഉദ്‌ഘോഷിച്ച് തലശേരി രൂപത. അതിരൂപത ഫാമിലി അപ്പോസ്തലേറ്റും മാതൃവേദിയും പ്രോലൈഫ് സമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച ജീവോത്സവം -2018 ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു.

ജീവന്റെ മൂല്യത്തെക്കുറിച്ചും സമൂഹത്തില്‍ വലിയ കുടുംബങ്ങളുടെ പ്രസക്തിയെക്കുറിച്ചും മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പ്രാര്‍ത്ഥനാശുശ്രൂഷ നടത്തുകയും സംഗമത്തില്‍ പങ്കെടുത്ത എല്ലാവരുടെയും ശിരസില്‍ കരങ്ങള്‍വച്ച് ആശീര്‍വാദം നല്‍കുകയും ചെയ്തു. വലിയ കുടുംബങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് സഭയുടെ മുഴുവന്‍ ഉത്തരവാദിത്വമാണെന്നും ഇത് അടിയന്തര പ്രാധാന്യത്തോടെ ശ്രദ്ധിക്കണമെന്നും ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഇട്ടിയപ്പാറ വ്യക്തമാക്കി.

ജീവന്റെ മൂല്യത്തെ ഉയര്‍ത്തിക്കാട്ടി നാലും അതില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളെ ചടങ്ങില്‍ ആദരിച്ചു. ഒപ്പം കൂടുതൽ മക്കൾ ഉള്ള കുടുംബങ്ങളെ സഹായിക്കുവാനുള്ള പദ്ധതികൾ ഉടൻ തന്നെ ആവിഷ്കരിക്കും എന്നും സമ്മേളനത്തിൽ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.