അവർ നിശബ്ദരാണ്; ഒപ്പം തീക്ഷ്ണതയാൽ നിറഞ്ഞവരും: കണ്ണു നിറയ്ക്കുന്ന വിശ്വാസ സാക്ഷ്യവുമായി ഉത്തര കൊറിയൻ ക്രൈസ്തവർ

നിങ്ങളുടെ നിത്യത ഇവിടെ ആരംഭിക്കുന്നു – ഉത്തര കൊറിയയിൽ നിന്നും  നിശബ്ദതയെ മറികടന്ന ചില വിശ്വാസസാക്ഷ്യങ്ങൾ.

ലീ ജൂ ചാൻ, ഇപ്പോൾ പ്രായം 50. താനൊരു ക്രിസ്ത്യാനിയാണെന്നോ ഒരു ക്രൈസ്തവ കുടുംബത്തിലാണ് ജനിച്ചതെന്നോ അറിയാതെ ജീവിക്കുന്ന അനേകായിരം ഉത്തര കൊറിയൻ നിവാസികളുടെ പ്രതിനിധിയാണ് അദ്ദേഹം. ഉത്തര കൊറിയയിൽ ക്രൈസ്തവ വിശ്വാസികൾ ഉണ്ടെന്ന് അറിഞ്ഞാൽ അവരും അവരുടെ ജനിക്കാൻ പോകുന്ന മൂന്നു തലമുറയിലെ കുടുബാംഗങ്ങളും തടവുശിക്ഷ അനുഭവിക്കണം. ശാരീരികവും മാനസികവുമായ എല്ലാവിധ പീഡനങ്ങളും സഹിച്ച് ജയിലറയ്ക്കുള്ളിൽ തലമുറകൾ കഴിയേണ്ട അവസ്ഥ; ചിലപ്പോൾ മരണവും സംഭവിച്ചേക്കാം.

ക്രിസ്തുവിനെ അനുഗമിക്കാനും ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാനും കഴിയാത്ത രാജ്യങ്ങളുടെ ‘വേൾഡ് വാച്ച് ലിസ്റ്റി’ൽ കഴിഞ്ഞ 18 വർഷമായി ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഉത്തര കൊറിയ. മാതാപിതാക്കൾക്ക് അവരുടെ വിശ്വാസം മക്കളോട് പറയാനാകാത്ത അവസ്ഥ. ഈ ഒരു കാര്യത്തിൽ നിന്നു തന്നെ മനസിലാക്കാം ഉത്തര കൊറിയയിലെ ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന പീഡനത്തിന്റെ ഭീകരാവസ്ഥ. ചില മാതാപിതാക്കൾ, മക്കൾ പ്രായമാകുന്ന സമയം വരെയും കാത്തിരിക്കും. ലീയുടെ മാതാപിതാക്കളെപ്പോലെയുള്ളവരാകട്ടെ പ്രായമായാലും അത് പറയാൻ സാധിക്കാതെ ഭയന്നു ജീവിക്കുന്നു.

30 വർഷത്തെ രഹസ്യം വെളിപ്പെടുന്നു

“എനിക്കറിയാം, എന്റെ മാതാപിതാക്കൾ വ്യത്യസ്തരാണെന്ന്. എല്ലാവരും അവരെ ‘കമ്മ്യൂണിസ്റ്റ് മാതാപിതാക്കൾ’ എന്നായിരുന്നു വിളിച്ചിരുന്നത്. കാരണം അവർ രോഗികളായവരെ സംരക്ഷിച്ചിരുന്നു, കഷ്ടതയനുഭവിക്കുന്നവർക്ക് പ്രത്യേക പരിഗണനയും നൽകിയിരുന്നു. രാത്രിയിൽ അവർ രഹസ്യമായി ഒരു പുസ്തകം വായിച്ചിരുന്നു. പക്ഷേ, ഒരിക്കൽപ്പോലും അതൊന്നു സ്പർശിക്കാനോ തുറക്കാനോ എന്നെ അനുവദിച്ചിരുന്നില്ല. എന്നാല്‍ അവർ അത് മന്ത്രിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. എനിക്കറിയാമായിരുന്നു, അവരുടെ ജ്ഞാനത്തിന്റെ ഉറവിടം ആ പുസ്തകമാണെന്ന്. മറ്റൊരു കാര്യം കൂടി അറിയാമായിരുന്നു; ഇത് മറ്റാരോടെങ്കിലും സംസാരിച്ചാൽ ഞങ്ങൾ കുടുംബമടക്കം പിടിക്കപ്പെടുമെന്നും.”

ലീ ജൂ ചാനിന്റെ അമ്മ രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്താണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ആ സമയത്ത് ഉത്തര കൊറിയ ഭരിച്ചിരുന്നത് ജപ്പാൻ ആയിരുന്നു. കിം രണ്ടാമൻ സുങ്, തന്റെ സ്വേച്ഛാധിപത്യം ആരംഭിച്ചതു മുതലാണ് ഉത്തര കൊറിയയിൽ ക്രൈസ്തവപീഡനം ആരംഭിച്ചത്. ആളുകൾ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ദൈവാലയങ്ങൾ അടച്ചു.

1990 കാലഘട്ടത്തിലായിരുന്നു ലീ സ്വന്തം രാജ്യം ഉപേക്ഷിച്ച് ചൈനയിലേക്ക് പോകുന്നത്. അതിനു ശേഷം കുറച്ചുകാലം കഴിഞ്ഞപ്പോൾ അമ്മയും എത്തി. അവരുടെ ആ സമാഗമം അയാൾ ഇപ്രകാരം വിവരിക്കുന്നു: “വളരെ വികാരനിർഭരമായ ഒരു കൂടിക്കഴ്ചയായിരുന്നു അത്. ആദ്യമായിട്ടായിരുന്നു എന്റെ അമ്മ എന്നോട് അത് പറയുന്നത്. കഴിഞ്ഞ 30 വർഷമായി എന്നിൽ നിന്ന് മറച്ചുവച്ച ആ സത്യം. ഞാനൊരു ക്രിസ്ത്യാനിയാണെന്ന്!” അവർ എന്നെ എന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് ശൂന്യമായ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അത് ഒരു ദൈവാലയമായിരുന്നുവെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. അവിടെ വച്ച് അവർ എങ്ങനെയാണ് ക്രിസ്ത്യാനിയായതെന്നും കൊറിയയിൽ ജാപ്പനീസ് അധിനിവേശമുണ്ടായപ്പോൾ തന്റെ മാതാപിതാക്കൾ ക്രൈസ്തവമതം സ്വീകരിച്ചതാണെന്നും അമ്മ എനിക്ക് പറഞ്ഞുതന്നു.

1935 -ൽ തന്റെ ഒൻപതാം വയസ്സിലായിരുന്നു അമ്മ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. യേശു ഈ ലോകത്തിൽ വന്നതും കുരിശിലേറി മരിച്ചതും ഉയിർത്തതുമെല്ലാം എന്തിനു വേണ്ടിയാണെന്ന് അവർ എനിക്ക് വിവരിച്ചുതന്നു. ഞാൻ കേൾക്കാൻ ആഗ്രഹിച്ചതെല്ലാം അവര്‍ എനിക്ക് വിശദമാക്കിത്തന്നു. ഞാൻ ഈ ഭൂമിയിൽ ജനിച്ചപ്പോൾ മുതൽ ദൈവത്തിന്റെ മകനാണെന്നും അവർ എനിക്ക് പറഞ്ഞുതന്നു – ലീ പറഞ്ഞു.

“അവൻ നിന്നെ സംരക്ഷിക്കും. അവൻ നിനക്ക് താമസിക്കാൻ ഒരിടം നൽകും. അവനിൽ വിശ്വസിക്കണം. അവനോട് വിശ്വസ്തത പുലർത്തണം. കാരണം നിന്റെ നിത്യജീവനിലേക്കുള്ള യാത്ര ഇവിടെ തുടങ്ങുകയാണ്” – ഇത്രയും പറഞ്ഞുകൊണ്ട് ലീയുടെ അമ്മ പ്രാർത്ഥിക്കാൻ തുടങ്ങി. വളരെ ഉറക്കെയായിരുന്നു അവർ പ്രാർത്ഥിച്ചിരുന്നത്. ഉറക്കെയുറക്കെ പ്രാർത്ഥിക്കാൻ അവർക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നതായി തോന്നി. ശരീരം മുഴുവൻ വിയർപ്പുകണങ്ങൾ വന്നു മൂടുന്ന സമയം വരെയും ഏകദേശം മൂന്ന് മണിക്കൂറോളം തുടർച്ചയായി അവർ പ്രാർത്ഥിച്ചു. “അവർ എനിക്കു വേണ്ടി പ്രാർത്ഥിച്ചു. ഉത്തര കൊറിയയ്ക്കും അവിടുത്തെ ജനങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചു. അവളുടെ ആളുകളെ സംരക്ഷിക്കാനും അവൾ ദൈവത്തോട് തന്റെ പ്രാർത്ഥനയിലൂടെ ആവശ്യപ്പെട്ടു.”

പിന്നീട് ലീയുടെ അമ്മയും അമ്മയ്‌ക്കൊപ്പം ചൈനയിലേക്ക് വന്ന സഹോദരനും ഉത്തര കൊറിയയിലേക്ക് തിരികെ പോയി. ഈ സമയം ആരൊക്കെയാലോ തങ്ങൾ ഒറ്റുകൊടുക്കപ്പെട്ടുവെന്ന് അവർ അറിഞ്ഞതേ ഇല്ലായിരുന്നു. പക്ഷേ, നദി മുറിച്ചുകടന്നപ്പോഴേയ്ക്കും മറഞ്ഞിരുന്ന നാല് സൈനികർ അവരുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. അതിലൊരാൾ ഒരു നിമിഷം കൊണ്ട് തന്നെ ലീയുടെ അമ്മയെ കയ്യിലുണ്ടായിരുന്ന റൈഫിള്‍ കൊണ്ട് അടിച്ചുകൊന്നു. ബയണറ്റ്‌ കൊണ്ട് കുത്തിയാണ് സഹോദരനെ കൊലപ്പെടുത്തിയത്. നദിക്കിക്കരെ നിന്നുകൊണ്ട് ലീ ആ കാഴ്ചയെല്ലാം കണ്ടു. തന്റെ പിതാവിനെയും സഹോദരങ്ങളെയും അറസ്റ്റ് ചെയ്യുകയും കൊന്നുകളയുകയും ചെയ്തു എന്ന് പിന്നീട് ലീ അറിഞ്ഞു. പിന്നീട് ലീ ദക്ഷിണ കൊറിയയിലെത്തുകയും തന്റെ അമ്മ ആഗ്രഹിച്ചതുപോലെ തന്നെ ക്രിസ്തുവിനെ പ്രസംഗിക്കുന്ന ഒരു പാസ്റ്റർ ആയി മാറുകയും ചെയ്തു.

നിശബ്ദ വിശ്വാസത്തിന് മൂന്നു കാരണങ്ങൾ

1. തെറ്റായ രീതിയിലുള്ള പ്രബോധനങ്ങൾ

ജനിക്കുന്നതു മുതൽ മരിക്കുന്നതു വരെയും പ്രഭാതം മുതൽ അർദ്ധരാത്രി വരെയും ഓരോ ഉത്തര കൊറിയൻ പൗരനും ഗവൺമെന്റിന്റെ തെറ്റായ രീതിയിലുള്ള പഠനങ്ങൾക്കും പ്രബോധനങ്ങൾക്കും പാത്രമാകുകയാണ്. എല്ലാ ദിവസവും ടെലിവിഷൻ, പത്രങ്ങൾ, എന്തിനേറെപ്പറയുന്നു ഉച്ചഭാഷിണികളിൽ കൂടിപ്പോലും അബദ്ധസിദ്ധാന്തങ്ങൾ ജനങ്ങൾ കേട്ടുകൊണ്ടിരുന്നു. ഉത്തര കൊറിയയിൽ ഒരു കുഞ്ഞു ജനിച്ച് സംസാരിക്കാൻ ആരംഭിക്കുന്ന നിമിഷം മുതൽ തന്നെ മാതാപിതാക്കൾ നിർബന്ധമായും പഠിപ്പിക്കേണ്ട ഒരു വാചകമുണ്ട്. അത് ഇപ്രകാരമാണ്: ‘കിംഗ് രണ്ടാമൻ സുങ് പിതാവിന് നന്ദി.’

കിം കുടുംബത്തെക്കുറിച്ചും അവർ രാജ്യത്തിനായി ചെയ്തിട്ടുള്ള വലിയ ‘സംഭാവനകളെ’ കുറിച്ചുമെല്ലാം വളരെ ചെറുപ്പം മുതൽ തന്നെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നുണ്ട്. ചിത്രങ്ങളുടെയും പ്രതിമകളുടെയും മുൻപിൽ തല കുമ്പിട്ടു കടന്നുപോകുവാൻ അവർ വിധിക്കപ്പെട്ടിരിക്കുന്നു. പുസ്തകങ്ങളിലൂടെയും അനിമേഷൻ ചിത്രങ്ങളിലൂടെയും ക്രിസ്ത്യാനികളെ ഏറ്റവും ക്രൂരന്മാരായിട്ടാണ് അവർ ചിത്രീകരിക്കുന്നത്. നിഷ്കളങ്കരായ ഉത്തര കൊറിയൻ കുഞ്ഞുങ്ങളെ കൊന്ന് അവരുടെ അവയവങ്ങളും രക്തവും വിൽക്കുന്ന നരാധമന്മാരായിട്ടാണ് അവർ ക്രിസ്ത്യാനികളെക്കുറിച്ച് പഠിപ്പിക്കുന്നത്.

2. വളരെ അപകടം പിടിച്ച സാഹചര്യം

“ഉത്തര കൊറിയയിലെ എന്റെ ഓരോ ദിവസവും വളരെയധികം പേടിപ്പെടുത്തുന്നതായിരുന്നു” – ലീ ജൂ ചാൻ പറയുന്നു. പക്ഷേ കുട്ടികൾ സുരക്ഷയെക്കുറിച്ച് അത്ര ബോധ്യമുള്ളവരല്ല. ബൈബിൾ കഥകളടങ്ങുന്ന എന്തെങ്കിലും പാട്ടൊക്കെ അവർ തങ്ങളുടെ കൂട്ടുകാരുടെ മുൻപിൽ വച്ച് അബദ്ധത്തിലൊക്കെ പാടാറുണ്ട്. പക്ഷേ, ‘നിങ്ങളുടെ മാതാപിതാക്കൾ ഒരു കറുത്ത പുസ്തകം വായിക്കാറുണ്ടോ’ എന്ന് സ്‌കൂളുകളിൽ അദ്ധ്യാപകർ നിരന്തരം കുട്ടികളോട് ചോദിക്കുന്നുണ്ട്. അതുകൊണ്ട് വീടുകളിൽ പോലും സുവിശേഷം പറയാനും ചർച്ച ചെയ്യാനും വളരെയധികം ബുദ്ധിമുട്ടാണ്.

3. ക്രിസ്ത്യാനികളാണെന്ന് മറ്റാരോടും പറയാനാകാതെ നിരവധി കുഞ്ഞുങ്ങൾ

ഉത്തര കൊറിയയിൽ പതിനായിരത്തിലധികം കുട്ടികളാണ് ഭവനരഹിതരായി ജീവിക്കുന്നത്. അവരുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും ക്രിസ്ത്യാനികളാണെന്ന കാരണത്താൽ കൊല്ലപ്പെട്ടവരും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ടവരുമൊക്കെയാണ്. ചിലർക്കൊക്കെ ചൈനയിൽ എത്തിച്ചേരാൻ സാധിച്ചിട്ടുണ്ട്. പക്ഷേ തിരികെ വരാൻ സാധിക്കാറില്ല. ഇതുപോലുള്ള നിരവധി കുടുംബങ്ങളാണ് അവിടെയുള്ളത്.

ഉത്തര കൊറിയയിൽ ക്രിസ്ത്യാനികളാരും ഇല്ലേ?

ദൈവകൃപയാൽ കുറച്ചു പേരുണ്ട്. ആകസ്മികമായി അവർ സുവിശേഷം കണ്ടെത്തുന്നു. ഉത്തര കൊറിയയിൽ വളർന്ന കിം സാങ് ഹ്വ പറയുന്നു: “ഞങ്ങളുടെ വീട്ടിൽ ഒരു രഹസ്യ അറ ഉണ്ടായിരുന്നു. എനിക്ക് 12 വയസ്സുള്ളപ്പോൾ ആകസ്മികമായാണ് ഞാൻ അത് കണ്ടെത്തിയത്. അബദ്ധത്തിൽ എന്റെ കൈ തട്ടിയാണ് അത് കണ്ടുപിടിച്ചത്. കൈയ്യിൽ പുസ്തകം പോലെ എന്തോ ഒന്ന് തടഞ്ഞപ്പോൾ ഞാൻ അത് പുറത്തെടുത്ത് തുറന്നു വായിച്ചു: ‘ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.’ ഞാൻ വിറയ്ക്കാൻ തുടങ്ങി. എനിക്ക് ഭയമായിരുന്നു. കാരണം പരിണാമസിദ്ധാന്തം പഠിച്ച എനിക്ക് ഈ പുസ്തകം നിയമവിരുദ്ധമാണെന്ന് അറിയാം. എന്റെ കണ്ടെത്തൽ എന്റെ ജീവിതത്തെ നഷ്ടപ്പെടുത്തും. അതിനാൽ തന്നെ ബൈബിൾ തൊടാൻ ഞാൻ ഭയപ്പെട്ടു. പക്ഷേ അത് അവിടെ ഉപേക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ കണ്ണുകളടച്ച് ‘പുസ്തകം’ എടുത്ത് തിരികെവച്ചു. എന്റെ മുൻപിലൂടെ നിരവധി ഓപ്‌ഷനുകൾ കടന്നുപോയി. എന്റെ ടീച്ചറോട് പറയണോ? അതോ സുരക്ഷാ ഉദ്യോഗസ്ഥനോട് പറയണോ? 15 ദിവസത്തേക്ക് എനിക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ കഴിഞ്ഞില്ല. ഈ നിയമവിരുദ്ധ പുസ്തകം റിപ്പോർട്ട് ചെയ്യേണ്ടത് എന്റെ കടമയാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ എന്റെ കുടുംബമാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാലും എന്റെ ഉള്ളിൽ ഒരു ചോദ്യം മുഴങ്ങിക്കൊണ്ടിരുന്നു ‘ആരാണ് ദൈവം?’

ഒടുവിൽ തന്റെ പിതാവിനോട് ചോദിക്കാൻ തന്നെ അവൾ മുതിർന്നു. “എന്റെ ചോദ്യം കേട്ട് അദ്ദേഹം വളരെയധികം അത്ഭുതപ്പെട്ടു. എന്നോട് ചോദിച്ചു: ‘നീ ആ മരങ്ങൾ കാണുന്നുണ്ടോ?’ ഞാൻ തലയാട്ടി. ‘ആരാണ് അവ ഉണ്ടാക്കിയത്?’ അദ്ദേഹം എന്നോട് ചോദിച്ചു. എന്നാൽ ‘എനിക്കറിയില്ല’ എന്നു ഞാൻ മറുപടി പറഞ്ഞു. ദൈവം ആദത്തെയും ഹവ്വയേയും സൃഷ്ടിച്ചു എന്നതുൾപ്പെടെ സൃഷ്ടിയുടെ കഥ അദ്ദേഹം എനിക്ക് വിശദീകരിച്ചു തന്നു. ‘ഏറ്റവും അപകടകരമായ മൃഗം ഏതാണ്’ അദ്ദേഹം എന്നോട് ചോദിച്ചു. എന്തുകൊണ്ടെന്ന് എനിക്കറിയില്ല, ‘പാമ്പ്’ എന്ന് ഞാൻ ഉത്തരം പറഞ്ഞു. ‘അത് ശരിയാണ്’ അദ്ദേഹം മറുപടി നൽകി. പാപം ലോകത്തിലേക്ക് വന്നത് എങ്ങനെയെന്നു അദ്ദേഹം എന്നോട് പറഞ്ഞു. ബൈബിളിനെക്കുറിച്ചും ദൈവത്തെക്കുറിച്ചും യേശുവിനെക്കുറിച്ചും സുവിശേഷത്തെക്കുറിച്ചും ഞങ്ങൾ ഞങ്ങൾ നടത്തിയ ആദ്യത്തെ സംഭാഷണമാണ് ഇത്. സത്യം അറിയാത്ത എല്ലാവരോടും എനിക്ക് സഹതാപം തോന്നി. എന്റെ മൂത്ത സഹോദരങ്ങൾക്കു പോലും അറിയില്ലായിരുന്നു.”

പതുക്കെ കിംമിന്റെ കുടുംബം അവളെ ബൈബിളിനെക്കുറിച്ച് പഠിപ്പിച്ചു. “ബൈബിൾ വാക്യങ്ങളും അപ്പസ്തോലിക പ്രബോധനങ്ങളും മനഃപാഠമാക്കുവാൻ എന്റെ അമ്മ എന്നെ സഹായിച്ചു. കൂടാതെ സുവിശേഷം മുഴുൻ എനിക്ക് വിശദീകരിച്ചുതന്നു. എങ്ങനെ പ്രാർത്ഥിക്കണമെന്ന് എന്റെ മുത്തച്ഛൻ എനിക്ക് കാണിച്ചുതന്നു. ‘ദൈവത്തോട് സംസാരിക്കുക മാത്രമാണ് ചെയ്യേണ്ടത്. ഇതിൽ കൂടുതലോ കുറവോ ഇല്ല’ അദ്ദേഹം പറഞ്ഞു. യേശുവിന്റെ രണ്ടാം വരവിനെക്കുറിച്ച് കിംമിന്റെ മുത്തച്ഛൻ ധാരാളം സംസാരിച്ചു. അദ്ദേഹം അതിനായി ശരിക്കും ആഗ്രഹിച്ചു.

“എന്നെ സംബന്ധിച്ചിടത്തോളം ആ കഥകളും ആശയങ്ങളും അവളരെ രസകരമായിരുന്നു. ഞാൻ സ്വയം ബൈബിൾ വായിച്ചു. പക്ഷേ അത് അപകടകരമാണെന്നും മനസ്സിലാക്കി. മറ്റാരുമായും ഒന്നും പങ്കിടരുതെന്നും എന്റെ പിതാവ് ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ചിലപ്പോൾ ആർക്കും കേൾക്കാൻ സാധിക്കാത്ത വിധത്തിൽ അദ്ദേഹം പ്രാർത്ഥിക്കുമായിരുന്നു. ‘പിതാവേ, അങ്ങയുടെ രാജ്യം അന്വേഷിക്കാൻ ഉത്തര കൊറിയൻ ജനതയെ സഹായിക്കണമേ’ എന്നായിരുന്നു അത് എന്ന് പിന്നീട് ഞാൻ മനസ്സിലാക്കി.

തലമുറകളിലൂടെ പ്രവർത്തിക്കുന്ന ദൈവം

ക്രൈസ്തവരായ ഉത്തര കൊറിയൻ ജനതയെ ഒരിക്കൽപ്പോലും ദൈവം കൈവിടില്ലെന്ന് അവരുടെ അനുഭവങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

“ഞാൻ എന്റെ രണ്ടു മുത്തച്ന്മാമ്മാരെ ഓർമ്മിക്കുന്നു.” ചോയി യോങ് സൂക് പറയുന്നു. “ഞാൻ ഗൃഹപാഠം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് എന്റെ രണ്ട് മുത്തച്ഛന്മാരുടെ സംസാരം കേൾക്കാൻ ഇടവന്നത്. യേശുവിന്റെ രണ്ടാം വരവിനെക്കുറിച്ചായിരുന്നു അവർ സംസാരിച്ചുകൊണ്ടിരുന്നത്. പിന്നീട് എന്റെ പിതാവും മുത്തച്ഛനും ക്രിസ്ത്യാനികളാണെന്നു ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടു. അവർ കഠിനമായ പീഡനങ്ങളായിരുന്നു ജയിലിൽ അനുഭവിച്ചത്. പീഡനങ്ങളെ തുടർന്ന് ഗ്രാമത്തിൽ നിന്നും അവർ പാലായനം ചെയ്തു. എന്നാൽ എന്റെ മുത്തച്ഛൻ എന്നോട് ദൈവത്തിൽ വിശ്വസിക്കാൻ പറഞ്ഞിരുന്നു.”

പക്ഷേ പിന്നീട് ചോയിക്ക് ദൈവത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാൻ ആരും ഉണ്ടായിരുന്നില്ല. സ്വന്തം രാജ്യത്തു നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ അവൾ പിടിക്കപ്പെട്ട് ജയിലടയ്ക്കപ്പെട്ടു. ഈ സമയത്തായിരുന്നു അവൾ ദൈവത്തെ കണ്ടെത്തിയത്. അതിനു കാരണമായത് ഒരു സംഭവമായിരുന്നു.

ഭക്ഷണം മോഷ്ടിക്കപ്പെട്ട് ജയിൽവാസത്തിനു വിധിക്കപ്പെട്ട ഒരു വൃദ്ധയായിരുന്നു അവളുടെ സഹതടവുകാരി. അവർ പ്രാർത്ഥിക്കുന്നത് അവൾ കേട്ടിരുന്നു. ‘അമ്മ എന്നോട് ക്ഷമിക്കണം’ എന്നൊക്കെയായിരുന്നു അവർ പ്രാർത്ഥിച്ചിരുന്നത്. “അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ എന്റെ അമ്മയോട് പ്രാർത്ഥിക്കാൻ തുടങ്ങി. പിന്നീട് കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ എന്റെ പിതാവാണ് കുറച്ചു കൂടി ശക്തനെന്ന് എനിക്ക് തോന്നിത്തുടങ്ങി. അങ്ങനെ ഞാൻ അദ്ദേഹത്തോട് പ്രാർത്ഥിക്കാൻ തുടങ്ങി. എന്നാൽ അതിലും എനിക്ക് ഉറച്ചുനില്‍ക്കാൻ സാധിച്ചില്ല . ഒടുവിൽ വലിയ കാര്യങ്ങൾ സംസാരിച്ചിരുന്ന മുത്തച്ഛനോട് പ്രാർത്ഥിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. അങ്ങനെ അത് ആരംഭിച്ചു. പക്ഷേ എനിക്ക് പ്രാർത്ഥിക്കാൻ സാധിക്കുന്ന കുറച്ചു കൂടി ശക്തനായ ഒരാൾ ആരായിരിക്കും എന്ന് ഞാൻ കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ തുടങ്ങി. അവസാനം എന്റെ മുത്തച്ഛന്റെ ദൈവമാണ് അതിന് ഏറ്റവും അനുയോജ്യൻ എന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു.

എന്നാൽ ഞാൻ ഒരു വിശ്വാസിയല്ലായിരുന്നു. എങ്കിലും ജയിലറയ്ക്കുള്ളിലെ ആ ശ്രദ്ധേയമായ പ്രാർത്ഥനയ്ക്ക് നന്ദി. എന്റെ കുട്ടിക്കാലത്ത് ഞാൻ വായിച്ചിരുന്ന ഒരു നോവൽ എനിക്കന്നു ഓർമ്മ വന്നു. ഞാൻ അത് മോഷ്ടിച്ചു വായിച്ചതായിരുന്നു. അതിലെ പ്രധാന കഥാപാത്രം ഒരു ക്രിസ്ത്യാനിയായിരുന്നു. കൂടാതെ അദ്ദേഹം പ്രാർത്ഥിക്കുമായിരുന്നു. അദ്ദേഹം പറഞ്ഞത് എല്ലാ ദിവസവും ഞാനും ആവർത്തിച്ചു. ‘സർവ്വശക്തനും പരിശുദ്ധനും വിശുദ്ധ പിതാവും കരുണാമയനുമായ പിതാവേ…”

കൊടിയ പീഡനത്തിനിരയായി നിരവധി മാസങ്ങൾ ജയിലിൽ കഴിഞ്ഞ ശേഷം ചോയി ജയിൽമോചിതയായി. അവൾ ചൈനയിലേക്ക് രക്ഷപെട്ടു. അവിടെ വച്ചാണ് ജീവിതത്തിൽ ആദ്യമായി അവൾക്ക് ബൈബിൾ വായിക്കാൻ അവസരം ലഭിച്ചത്. അതിൽ അവളുടെ മുത്തച്ഛൻ പറഞ്ഞ ചില കഥകൾ അവൾ കണ്ടു. “എന്റെ മുത്തച്ഛൻ പറഞ്ഞത് എല്ലാം ശരിയായിരുന്നു എന്നെനിക്ക് മനസ്സിലായി. ദൈവം ഉണ്ടായിരുന്നു. അവിടുന്ന് എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകി.”

ചോയി ആദ്യമായി ഒരു ചെനീസ് ദൈവാലയത്തിൽ പോയത് അവൾക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു. “വാതിൽക്കൽ ഒരാൾ നിന്നിരുന്നു. അയാൾ എന്നെ അഭിവാദനം ചെയ്തു. ആ നിമിഷം മുതൽ എന്റെ മനസ്സ് തലകീഴായി മറിഞ്ഞു. എനിക്ക് സുരക്ഷിതത്വം തോന്നി. എന്റെ മേൽ വലിയ കൃപ നിറയുന്നതായി എനിക്ക് തോന്നി. ഞാൻ കണ്ണുകളടച്ച് ഇരുന്നപ്പോൾ സ്വയം കരയുന്ന ഒരു അവസ്ഥയായിരുന്നു. ഞാൻ കരയാൻ പോവുകയാണെന്ന് എനിക്കറിയാമായിരുന്നു. ഞാൻ വായ തുറക്കുകയാണെങ്കിൽ ഞാൻ ഒരിക്കലും കരച്ചിൽ നിർത്തുമായിരുന്നില്ല. എന്റെ നിലവിളി കേൾക്കുമ്പോൾ തന്നെ മറ്റുള്ളവർക്ക് മനസ്സിലാകും, ഞാൻ ഒരു ഉത്തര കൊറിയൻ വിശ്വാസിയാണെന്ന്. അതിനാൽ ഞാൻ എന്റെ സങ്കടം കടിച്ചുപിടിച്ചു. കുറച്ചു സമയത്തിനു ശേഷം ഞാൻ പള്ളിയിൽ നിന്നിറങ്ങി. അപ്പോൾ എന്റെ മുഖം വേദനിക്കുന്നുണ്ടായിരുന്നു.” കൂടെ വന്ന സ്ത്രീ എന്നോട് പറഞ്ഞു: ‘നിന്നെ ദൈവം ശരിക്കും സ്നേഹിക്കുന്നുണ്ട്.’ പിന്നീട് ഞാൻ വിശ്വാസിയായി മാറി.” ഇപ്പോൾ ചോയി പറയുന്നു: “ഞാൻ എന്റെ മുത്തച്ന്റെ പ്രാർത്ഥനയുടെ ഫലമാണ്.”

ഉത്തര കൊറിയക്കു വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത് അവിടെയുള്ള ക്രൈസ്തവ വിശ്വാസികൾക്കു വേണ്ടി പ്രാർത്ഥിക്കുക എന്നതാണ്. നിശബ്ദമായി മരണത്തിന്റെ നിഴലിൽ നിന്നാണെങ്കിൽ കൂടിയും ദൈവത്തെ സ്തുതിക്കാൻ അവർ ധൈര്യം കാണിക്കുന്നു. തങ്ങളുടെ മക്കളോട് സുവിശേഷം അറിയിക്കാനോ, ഒരു ക്രൈസ്തവ കുടുംബത്തിലാണ് ജീവിക്കുന്നതെന്ന് അവരെ അറിയിക്കാനോ സാധിക്കാൻ വേണ്ടിയാണ് നാം പ്രാർത്ഥിക്കേണ്ടത്. കാരണം ഇതൊന്നുമറിയാതെ എത്രയോ പേരുടെ ജീവിതങ്ങൾ അവിടെ കടന്നുപോകുന്നു. നമുക്ക് പ്രാർത്ഥിക്കാം അവർക്കു വേണ്ടി. കാരണം ജീവിച്ചിരിക്കുമ്പോൾ തന്നെ നിത്യതയിലേക്ക് പ്രവേശിക്കുന്നവരാണ് ഉത്തര കൊറിയയയിലെ ക്രൈസ്തവ സമൂഹം.

സുനീഷ വി.എഫ്.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.