“മുട്ടിന്മേൽ നിന്ന് കുമ്പസാരം കേട്ട ആ വൈദികൻ തന്റെ ദൈവവിളി ഉറപ്പിച്ചു”: ഒരു വൈദികന്റെ സാക്ഷ്യം

പലപ്പോഴും പലരും ഭീതിയോടെ സമീപിക്കുന്ന ഒരു സ്ഥലമാണ് കുമ്പസാരക്കൂട്. എന്നാൽ, ഒരു കുമ്പസാര അനുഭവം, തന്റെ ദൈവവിളിയെ ഉറപ്പിക്കുകയും ആഴപ്പെടുത്തുകയുമാണെന്ന് വെളിപ്പെടുത്തുകയാണ് ലോസ് ആഞ്ചൽസിൽ നിന്നുള്ള വൈദികനായ ഗോയോ ഹിൻഡാൽഗോ എന്ന വൈദികന്‍. അദ്ദേഹം പങ്കുവച്ച തന്‍റെ കുമ്പസാര അനുഭവവും ചിത്രവുമാണ് ഇപ്പോൾ  വൈറലായി മാറുന്നത്.

2011-ൽ മാൻഡ്രിഡിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ നിന്നാണ് അദ്ദേഹം തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച കുമ്പസാരക്കാഴ്ച്ച കാണുന്നതും ആ ചിത്രം പകർത്തുന്നതും. അന്ന് ആദ്യവർഷ സെമിനാരി വിദ്യാർത്ഥിയായിരുന്നു ഫാ. ഗോയോ. തന്റെ ദൈവ-വിളിയെക്കുറിച്ച് ഇടയ്ക്കിടെയുള്ള സംശയങ്ങൾ അടിക്കടി അലട്ടിയിരുന്ന സമയം. അതിനിടയിലാണ് യുവജന സമ്മേളനത്തിൽ എത്തുന്നത്. അന്ന് അപ്രതീക്ഷിതമായിട്ടാണ് ആ സംഭവം കാണുന്നത്.

“കുമ്പസാരം നടക്കുകയാണ്. കുമ്പസാരിക്കാനായി ധാരാളം യുവജനങ്ങൾ കൂടിയിരിക്കുന്നു. അവർക്കു അൽപം മുന്നിലായി ഒരു വൈദികൻ മുട്ടുകുത്തി നിൽക്കുന്നു. അദ്ദേഹത്തിന്റെ സമീപത്തു വന്ന് യുവജനങ്ങൾ കുമ്പസാരിക്കുന്നു. ഓരോരുത്തരായി കുമ്പസാരിച്ചു കടന്നുപോവുകയാണ്. അപ്പോഴും ആ വൈദികൻ പ്രാർത്ഥനാപൂർവം മുട്ടുകുത്തി അവിടെത്തന്നെ നിൽക്കുന്നു. ദൈവമേ, എന്നൊരു വിളി ആ നിമിഷം എന്റെയുള്ളിൽ ഉയരുകയായിരുന്നു. ആ നിമിഷം ഒരു വൈദികനാകണം എന്ന അതിയായ ആഗ്രഹം എന്നിൽ നിറയുകയായിരുന്നു” – അദ്ദേഹം വെളിപ്പെടുത്തി.

തന്റെ ദൈവവിളിയെ ഏറെ സ്വാധീനിച്ച ആ കാഴ്ച, ദൈവത്തിന്റെ കരുണയെക്കുറിച്ച് ചിന്തിക്കുവാനും കുമ്പസാരത്തെ പേടി കൂടാതെ അഭിമുഖീകരിക്കുവാനും തന്നെ പ്രാപ്തനാക്കി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.