

നിരവധി ധ്യാനങ്ങളിൽ ദൈവവചനം പങ്കുവയ്ക്കുന്ന ഒരു വൈദികനുണ്ട്. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഡിബിൻ ആലുവശ്ശേരി വി.സി. വചനശുശ്രൂഷയിൽ മറ്റുള്ളവരുടെ അനുഭവങ്ങൾ ശ്രവിക്കാനും അത് പറയിപ്പിക്കാനും താൻ ഇന്ന് ജീവിച്ചിരിക്കുന്നതിന്റെ കാരണം പരിശുദ്ധ അമ്മയാണെന്ന സത്യം പങ്കുവയ്ക്കുകയാണ് അദ്ദേഹം.
“വർഷങ്ങൾക്കു മുമ്പ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഒരു കുഞ്ഞു ജനിച്ചു. അവൻ ജനിച്ചുകഴിഞ്ഞപ്പോൾ തലയുടെ ഇടതുഭാഗത്ത് ഒരു മുഴ; അതിൽ പഴുപ്പ്. അതോടൊപ്പം കുഞ്ഞിന് പനിയും. ഓപ്പറേഷൻ ചെയ്താൽ ആ കുഞ്ഞു രക്ഷപ്പെടുമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ ഓപ്പറേഷന്റെ സമയത്ത് പനിയുണ്ടാകാൻ പാടില്ല താനും.”
ഏതൊരമ്മയും ആഗ്രഹിക്കുന്നതുപോലെ തന്റെ മകനെ നഷ്ടപ്പെടരുതെന്ന് ആ അമ്മയും ആഗ്രഹിച്ചു. പല തവണ അവർ കുഞ്ഞിനെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി. എന്നാൽ അനസ്തേഷ്യ കൊടുക്കേണ്ടതു കൊണ്ട് രാവിലെ മുതൽ കുഞ്ഞിന് അമ്മിഞ്ഞപ്പാൽ കൊടുക്കാതെ ഇരിക്കുന്നതിനാൽ കുഞ്ഞു വിശന്നുകരയും; പനി കൂടുകയും ചെയ്യും. ഇത് ഡോക്ടറെയും കുഞ്ഞിന്റെ പ്രിയപ്പെട്ടവരെയും കൂടുതൽ പ്രതിസന്ധിയിലാഴ്ത്തി. ഒടുവിൽ ആ അമ്മ സ്വർഗ്ഗത്തിലെ പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കാൻ തുടങ്ങി.
ജപമാലയെടുത്ത് കൈകളിൽ വച്ചുകൊണ്ട് പരിശുദ്ധ അമ്മയോട് ഒരു കാര്യം പറഞ്ഞു. “അമ്മേ, ഈ മോൻ നിന്റെയാ, എന്റെ അല്ല, നീ നോക്കണം.”
തന്റെ മകനെ പരിശുദ്ധ അമ്മയുടെ കരങ്ങളിൽ ഭദ്രമായി ഏൽപിച്ചുകൊടുത്ത് ആ അമ്മ ഓപ്പറേഷന് സമ്മതം നൽകി. ഓപ്പറേഷന്റെ സമയത്ത് കുഞ്ഞിന് പനിയുണ്ടാകാൻ പാടില്ല എന്ന് ഡോക്ടർമാർ ആവർത്തിച്ചു പറഞ്ഞെങ്കിലും ആ അമ്മ തന്റെ ഉറപ്പുള്ള വിശ്വാസത്തോടെ ‘കുഞ്ഞിന് പനിക്കില്ല, ധൈര്യമായി ഓപ്പറേഷൻ നടത്തിക്കോളൂ’ എന്ന് പറഞ്ഞുകൊണ്ട് കുട്ടിയെ കൈമാറുകയാണ്.
ഓപ്പറേഷൻ നടക്കുന്ന സമയമത്രയും പുറത്തിരുന്ന് ആ അമ്മ തന്റെ കുഞ്ഞിനായി പരിശുദ്ധ അമ്മയോട് കേണപേക്ഷിച്ചു. അത്ഭുതകരമായി ആ കൊച്ചുകുഞ്ഞിന്റെ ജീവിതത്തിൽ സ്വർഗ്ഗീയ അമ്മ ഇടപെട്ടു. സർജറിയുടെ സമയമത്രയും കുഞ്ഞിന് പനിയുണ്ടായില്ല എന്നു മാത്രമല്ല, ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.
മാതാവിന്റെ അത്ഭുതകരമായ മാദ്ധ്യസ്ഥ്യത്തിലൂടെ ജീവിതത്തിലേയ്ക്ക് പിച്ചവച്ച ആ കുഞ്ഞ് വളർന്നുവലുതായി ഒരു പുരോഹിതനായി മാറി. ആ വൈദികനാണ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഇന്ന് അനേകർക്ക് സാക്ഷ്യമായിക്കൊണ്ടിരിക്കുന്ന ഫാ. ഡിബിൻ ആലുവശ്ശേരി. വിൻസെൻഷ്യൻ സമൂഹാംഗമായ ഈ പുരോഹിതൻ തന്റെ ജീവിതം പരിശുദ്ധ അമ്മ തിരികെ നൽകിയതാണെന്ന് ഉറപ്പിച്ചു പറയുകയാണ്.
“നമുക്ക് ഒരു അമ്മയുണ്ട്. ആ അമ്മ വെറുതെയൊന്നുമല്ല, നമ്മളെ സഹായിക്കും. ഓരോ നിമിഷവും നമ്മുടെ കൂടെ നിൽക്കും. എന്റെ അമ്മ ചെറുപ്പം മുതൽ പറയുന്ന ഒന്നാണ് ഈ ഓപ്പറേഷന്റെ കഥ. ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നതിന്റെ കാരണം എപ്പോഴും നന്മ നേരാൻ മാത്രം അറിയുന്ന സ്വർഗ്ഗീയ അമ്മയാണ്” – ഡിബിൻ അച്ചൻ പറയുകയാണ്. തന്റെ ജീവിതം മുഴുവൻ പരിശുദ്ധ അമ്മയോട് കടപ്പെട്ടിരിക്കുകയാണെന്ന് ഈ പുരോഹിതൻ പറയുകയാണ്. അമ്മ നൽകിയ തന്റെ ജീവിതം ദൈവത്തിനായി ശുശ്രൂഷ ചെയ്തുകൊണ്ട് തന്നെത്തന്നെ അനേകർക്ക് സാക്ഷ്യമായി നൽകുകയാണ് ഈ വൈദികൻ. ഒരമ്മയോട് മറ്റൊരമ്മ വിശ്വാസപൂർവ്വം ചോദിച്ചതിന്റെ പ്രത്യുത്തരമാണ് തന്റെ ജീവിതമെന്ന് ഈ വൈദികൻ സാക്ഷ്യപ്പെടുത്തുന്നു.
എത്ര വലിയ പ്രതിസന്ധികൾ ഉണ്ടായാലും നമ്മളെ പൂർണ്ണമായും അമ്മയ്ക്ക് സമർപ്പിക്കുക. അമ്മ നമ്മെ നോക്കിക്കൊള്ളും എന്ന വലിയ ഉറപ്പാണ് ഈ വൈദികൻ തന്റെ ജീവിതാനുഭവത്തിലൂടെ വിവരിച്ചു തരുന്നത്. പരിശുദ്ധ അമ്മയുടെ ജന്മദിനത്തിൽ അമ്മ നൽകിയ എല്ലാവിധ അനുഗ്രഹങ്ങളെയും നമുക്കോർമ്മിക്കാം. ഓരോ നിമിഷവും അമ്മയെ നമ്മുടെ ജീവിതത്തോട് ചേർത്തുനിർത്തിക്കൊണ്ട് നമുക്ക് മുന്നേറാം.
സുനീഷ വി.എഫ്.