“എന്റെ കുടുംബത്തെ കൊന്നൊടുക്കിയ വ്യക്തിയോട് ഞാൻ ക്ഷമിക്കുന്നു”: പതിനാലാം വയസ്സിൽ അനാഥനാക്കപ്പെട്ട ഒരു ജെസ്യൂട്ട് വൈദികന്റെ സാക്ഷ്യം

ആഫ്രിക്കയിലെ റുവാണ്ട നേരിട്ട ഏറ്റവും വലിയ ആഭ്യന്തര കലാപമായിരുന്നു 1994 -ൽ നടന്നത്. ഹുട്ടു- തുത്സി ഗോത്രക്കാർ തമ്മിലുള്ള സംഘർഷത്തിൽ ഏകദേശം പത്തു ലക്ഷത്തോളം ആളുകളായിരുന്നു കൊല്ലപ്പെട്ടത്. അതും വെറും മൂന്നു മാസത്തിനുള്ളിൽ! ആഭ്യന്തര യുദ്ധം എന്ന് ഒറ്റവാക്കിൽ ഒതുക്കാമെങ്കിലും കണ്മുന്നിൽ നടന്ന ക്രൂരകൃത്യങ്ങളെ മറക്കാനാകാതെ ജീവിക്കുന്ന ഒരുപാട് ഇരകളുണ്ട് റുവാണ്ടയിൽ. കുടുംബാഗങ്ങൾ പരസ്പരം കൊന്നൊടുക്കിയ അവസ്ഥ. അയൽക്കാർ ആരാച്ചാർമാരായിത്തീർന്ന കാലഘട്ടം. രക്തക്കടലിൽ നിന്നും തിന്മയുടെയും സഹനത്തിന്റെയും നടുവിൽ നിന്നും ക്ഷമ എന്ന അവസാന വാക്കിലേക്കെത്തുവാൻ ഒരുപാട് യാത്ര ചെയ്യേണ്ടി വന്നു അവർക്കെല്ലാം. ഈ യുദ്ധത്തിൽ അനാഥമാക്കപ്പെട്ട മാർസെൽ യുവിനെസ എന്ന പതിനാല് വയസുകാരൻ പിന്നീട് ഒരു ജെസ്യൂട്ട് വൈദികനായി തീർന്നു. തന്റെ പ്രിയപ്പെട്ടവരെ കൊന്നൊടുക്കിയവരെ ക്ഷമകൊണ്ടും സ്നേഹം കൊണ്ടും തോൽപിച്ച ഈ വൈദികന്റെ ജീവിതം വായിച്ചറിയാം.

ഉറ്റവരെല്ലാം മരിച്ച് അനാഥമാക്കപ്പെട്ട ജീവിതം

പതിനാലാം വയസ്സിൽ ഒറ്റ നിമിഷം കൊണ്ട് സ്വന്തമായവരെ എല്ലാം നഷ്ടപ്പെട്ട അവസ്ഥ. മാർസെൽ യൂവിനെസയുടെ പിതാവും മാതാവും രണ്ടു സഹോദരൻമാരും ഒരു സഹോദരിയുമാണ് കണ്മുന്നിൽ കിടന്നു പിടഞ്ഞു മരിച്ചത്. അവരെ യാതൊരു കരുണയും കൂടാതെ കൊല ചെയ്തതോ അടുത്ത ദിവസം വരെയും അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരായിരുന്നവരും! ആരുമില്ലാത്തവനായി, അഭയത്തിനായി നിരവധി വാതിലുകൾ മുട്ടിയെങ്കിലും മാർസെലിനു ആരും അഭയം നൽകിയില്ല. വംശഹത്യയുടെ ഏറ്റവും ക്രൂരമായ അക്രമമായിരുന്നു അന്ന് അവിടെ നടന്നത്.

അഭയം തേടി ഒരു വൈദികന്റെ മുൻപിലെത്തിയെങ്കിലും സ്വന്തം ജീവൻ രക്ഷിക്കാനുള്ള വ്യഗ്രതയിൽ മാർസെലിനെ അദ്ദേഹവും കൈവെടിഞ്ഞു. ഈ ക്രൂരതയ്ക്ക് അടിപ്പെട്ടവരിലും അതിജീവിച്ചവരിലും കുറ്റവാളികളിലും മായാത്ത ആഘാതങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇതാണ് യുദ്ധത്തിന്റെ അങ്ങേയറ്റത്തെ ക്രൂരതയെന്നു പറയുന്നത്. കണ്മുന്പിലെ ദുരിതക്കയത്തിൽ നിന്നും പ്രിയപ്പെട്ടവരെ വേർതിരിച്ചെടുക്കുക എന്ന് പറയുന്നത് എത്രയോ ദുഷ്കരമാണ്!

മാർസലിനെയും മൂന്നു ഇളയ സഹോദരങ്ങളെയും കൂടി അക്രമികളിലൊരാൾ രക്ഷപെടുത്തി. ആരാച്ചാരാകേണ്ട ഒരാൾ തന്നെ രക്ഷകനായിത്തീർന്ന ഒരു നന്മയുടെ അംശവും ആ വംശഹത്യയുടെ പിന്നാമ്പുറക്കാഴ്ചയായി മാറി. തേനീച്ചയുടെ കൂടുകൾക്കു പിന്നിലായിരുന്നു അയാൾ ഈ നാല് കുട്ടികളെയും ഒളിപ്പിച്ചത്. എങ്കിലും ആ സുരക്ഷതത്വത്തിനു നടുവിലും ഇന്ന് പുരോഹിതനായ ആ കുട്ടിയുടെ മനസ്സ് നീറി. “എന്റെ മനസ്സിൽ ഒരു ആന്തരിക യുദ്ധമായിരുന്നു അപ്പോൾ നടന്നുകൊണ്ടിരുന്നത്. ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് എങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ. കാരണം മൂന്നു വർഷത്തിൽ ഒരിക്കൽ പോലും ഞാൻ ദൈവാലയത്തിൽ കാലുകുത്തിയിട്ടില്ല. നമ്മെ രക്ഷിക്കുമെന്ന് വിചാരിച്ചവർ പോലും തിരസ്കരിച്ചപ്പോൾ ഉള്ളിലുണ്ടാക്കിയ വേദന അത്രെയും എന്നെ തളർത്തി കളഞ്ഞു.” -മാർസൽ പറയുന്നു.

ചെറുതും വളരെ പ്രധാനപ്പെട്ടതുമായ ഔഷധമാണ് ക്ഷമ

മാർസലിന് ഡോക്ടർ ആയ ഒരു അമ്മാവൻ ഉണ്ടായിരുന്നു. അദ്ദേഹമായിരുന്നു കുട്ടിയായിരുന്ന മാർസലിന്റെ ഉള്ളിൽ രൂപപ്പെട്ട അരക്ഷിതാവസ്ഥയുടെയും വെറുപ്പിന്റെയും ഏടുകളെ വളരെ വേഗം മാറ്റിമറിച്ചത്. അദ്ദേഹം മാർസലിന് ദൈവത്തിന്റെ സൗഹാർദ്ദപരമായ മുഖം കാണിച്ചുകൊടുത്തു. ദൈവാലയത്തിൽ പോയിത്തുടങ്ങിയപ്പോഴാണ് അവന്റെ ഹൃദയത്തിൽ ഉരുത്തിരിഞ്ഞ മാരകമായ വിഷത്തെ ഇല്ലായ്‌മ ചെയ്യാൻ സാധിച്ചത്. ആത്മാവിന്റെ ആഴത്തിലുള്ള മുറിവുകളെ സുഖപ്പെടുത്താൻ കഴിയുന്ന ഒരു ശബ്ദം ദൈവത്തിന്റേതുമാത്രമാണെന്നു അവൻ തിരിച്ചറിഞ്ഞു. സൗഖ്യം എന്നത് അമാനുഷികമായ ഒന്നാണ്. അത് ക്ഷമയെന്ന വലിയ പുണ്യംകൊണ്ട് നേടിയെടുക്കാൻ സാധിക്കുന്ന ഒരു ദൈവികമായ അനുഭവമാണെന്ന് അവൻ തിരിച്ചറിഞ്ഞു. അങ്ങനെ മാർസെൽ ഒരു ജെസ്യൂട്ട് വൈദികനാകുവാൻ തീരുമാനിച്ചു.

നൊവിഷ്യേറ്റ് കഴിഞ്ഞ ഉടനെ മാർസെലിനു വിദേശത്ത് പോയി പഠിക്കാൻ അവസരം ലഭിച്ചു. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കല്ലറയ്ക്കുമുന്പിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. പെട്ടന്ന് മുൻപിൽ വന്നു ഒരാൾ മുട്ടുകുത്തി. തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊല ചെയ്ത വ്യക്തിയാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മാർസലിന് മനസ്സിലായി. ആരുമില്ലാത്ത ആ സെമിത്തേരിയിൽ തന്റെ പ്രിയപ്പെട്ടവരെ കൊലപ്പെടുത്തിയ കൊലപാതകി. രണ്ടു തരത്തിൽ ഹൃദയത്തിൽ മുറിവേൽക്കപ്പെട്ട രണ്ടു വ്യക്തികൾ. എന്നാൽ ക്ഷമിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പാണെന്ന് മാർസലിന് അറിയാമായിരുന്നു. അദ്ദേഹം അവനോട് ക്ഷമിച്ചു. കൊലപാതകം ചെയ്ത വ്യക്തി അതിനുശേഷം അയാളുടെ ജീവിതത്തിൽ സംഭവിച്ച പരിവർത്തനത്തെക്കുറിച്ച് വിവരിച്ചു.

“ഞങ്ങൾ രണ്ടുപേരും എത്ര ദുര്ബലരാണെന്നു ആ സമയം ഞാൻ മനസ്സിലാക്കി. രണ്ടുപേരും ഹൃദയത്തിൽ മുറിവും പേറി ജീവിക്കുന്നവരാണ്. ചെയ്ത കുറ്റത്തിന്റെ പേരിൽ നീറുന്ന അദ്ദേഹവും അയാളോടുള്ള വെറുപ്പിന്റെ മുറിവ് എന്റെ ഉള്ളിലും. ഞാൻ അദ്ദേഹത്തോട് ക്ഷമിച്ചു എന്ന് പറയുന്നതിന് തൊട്ടു മുൻപുവരെ യാതൊരു നന്മയുമില്ലാത്ത വ്യക്തി എന്നാണ് അദ്ദേഹത്തെ കുറിച്ച് എനിക്ക് തോന്നിയിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ക്ഷമാപണത്തിന്റെ ആത്മാർഥത എന്റെ ഉള്ളിൽ നന്മയുടെ നാമ്പുകൾ വിടർത്തി. ക്ഷമയെ ഒരു വെല്ലുവിളിയും അവസരവുമായി ഞാൻ ഏറ്റെടുത്തു. ആ വലിയ അവസരത്തെ ഞാൻ ഇന്ന് ‘ദൈവം’ എന്ന് വിളിക്കുന്നു. ജീവിതത്തിലെ പരീക്ഷണങ്ങൾ നമ്മെ വലിയ വലിയ പരിവർത്തനങ്ങളിലേക്ക് ക്ഷണിക്കുന്നു. എന്നാൽ എല്ലാ അഗ്നി പരീക്ഷണങ്ങളിലും ദൈവം നമ്മോടൊപ്പമുണ്ട്. നമ്മുടെ ശബ്ദം ക്ഷമയുടെ രൂപത്തിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ കൈ. വിദ്വേഷത്തിന്റെ ശ്വാസംമുട്ടലിനെ ഒരു ഒറ്റ ആലിംഗനത്തിലൂടെ പരാജയപ്പെടുത്താമെന്നു ലോകത്തെ മുഴുവൻ ഓർമ്മിപ്പിക്കാൻ അതാണ് കാരണം!” -ഫാ. മാർസെൽ വെളിപ്പെടുത്തി.

2019 -ൽ യുണൈറ്റഡ് നേഷൻസിന്റെ ഒരു മീറ്റിംഗിൽ അദ്ദേഹം ക്ഷമയെന്ന വലിയ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ചിരുന്നു. തന്റെ ജീവിത കഥ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വിവരിച്ചത് ഇപ്രകാരമായിരുന്നു: “ഒരു ലബോറട്ടറിയിലും പരിശോധിച്ചാലും അളക്കാനാകാത്തവിധം അത്രയധികമായി നമ്മുടെ ഉള്ളിൽ ഒരു ശക്തിയുണ്ട്. അത് നമ്മുടെ ജീവിതത്തിനു അർത്ഥം നൽകുന്നു. പക്ഷെ അത് ഒരിക്കലും വിവരിക്കാനാകില്ല. ആ ശക്തിയാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അതെ, നമുക്കും സ്വീകരിക്കാം, ക്ഷമയെന്ന ദൈവത്തിന്റെ വലിയ വിളിയെ.

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.