‘എല്ലാവരുടെയും ജീവന് മൂല്യമുണ്ട്’ – വൈകല്യമുള്ള കുഞ്ഞിനെ ദത്തെടുത്ത ഒരു കുടുംബത്തിന്റെ സാക്ഷ്യം

നാഷണൽ ബാസ്‌ക്കറ്റ്‌ ബോൾ അസോസിയേഷൻ ബ്രോഡ്കാസ്റ്റർ എർണി ജോൺസന്റെയും കുടുബത്തിന്റെയും കഥ ആരെയും വിസ്മയിപ്പിക്കുന്നതാണ്. കാരണം, അദ്ദേഹവും കുടുംബവും വ്യത്യസ്തരാകുന്നത് വൈകല്യമുള്ള ഒരു കുഞ്ഞിനെ ദത്തെടുത്തതിലൂടെയാണ്. ‘വൈകല്യമുള്ളവരുടെയും ജീവന് മൂല്യമുണ്ട്’ എന്ന്, മൂന്ന് വയസുള്ള റൊമേനിയക്കാരനായ ഒരു കുഞ്ഞിനെ ദത്തെടുത്തതിലൂടെ അദ്ദേഹം ഈ ലോകത്തിന് പറഞ്ഞുതരുന്നു. അദ്ദേഹത്തിന്റെ മാതൃകാപരമായ ജീവിതം വായിച്ചറിയാം…

വർഷങ്ങൾക്ക് മുമ്പാണ് ഏർണി ജോൺസണും ഭാര്യയും കൂടി അനാഥനും വൈകല്യമുള്ളവനുമായ മൂന്ന് വയസ്സുള്ള റൊമാനിയൻ കുഞ്ഞിനെ ദത്തെടുക്കുന്നത്. ഡുചെൻ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് മുപ്പത്തിമൂന്നാമത്തെ വയസിൽ ആ മകൻ മരിച്ചു. 1991 ലാണ് ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന് ജോൺസന്റെ കുടുംബം തീരുമാനിക്കുന്നത്. തങ്ങളുടെ കുടുംബം വിപുലീകരിക്കാൻ ദമ്പതികൾ തീരുമാനിച്ചു. ഇതിനെ തുടർന്ന് ജോൺസന്റെ ഭാര്യ ഒരു കുഞ്ഞിനെ ദത്തെടുക്കാനായി റൊമാനിയയിലേക്ക് പറന്നു. അപ്പോഴൊന്നും തങ്ങൾക്ക് ഒരു കുഞ്ഞിനെ ലഭിക്കുമോ എന്നൊന്നും ഇവർക്ക് നിശ്ചയമില്ലായിരുന്നു. എങ്കിലും അനാഥനായ ഒരു കുഞ്ഞിന് മാതാപിതാക്കളാകുവാൻ ആ കുടുബം മനസു കൊണ്ട് വളരെയേറെ ആഗ്രഹിച്ചു.

അനാഥാലയത്തിൽ വച്ച് ജോൺസന്റെ ഭാര്യ ചെറിൽ ആദ്യമായി കണ്ടുമുട്ടിയത്, ജനിച്ച ദിവസം തന്നെ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെ ആയിരുന്നു. ജന്മം നൽകിയ അമ്മ തന്നെ അവനെ പാർക്കിൽ ഉപേക്ഷിച്ചു. ചെറിൽ ആ കുട്ടിയെ കണ്ടയുടനെ അവനെ ദത്തെടുക്കാൻ തീരുമാനിച്ചു. അപ്പോൾ അനാഥാലയത്തിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീ അവളെ താക്കീത് ചെയ്തു. “ഈ കുട്ടിയെ ദത്തെടുക്കരുത്; അവന്‍ വൈകല്യങ്ങള്‍ ഉള്ള കുഞ്ഞാണ്.”

എന്നാൽ ചെറിൽ ഈ മുന്നറിയിപ്പ് അവഗണിച്ചു. മൈക്കിൾ എന്ന ആ മൂന്ന് വയസുകാരന് നടക്കാനോ, സംസാരിക്കാനോ കഴിയുമരുന്നില്ല. അവൾ തന്റെ ഭർത്താവിനെ വിളിച്ച് അദ്ദേഹത്തോട് പറഞ്ഞു: “ഇവിടെയുള്ള മൈക്കിൾ എന്ന കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് ആകുലപ്പെട്ടുകൊണ്ട് ജീവിതകാലം മുഴുവൻ ആയിരിക്കാൻ എനിക്ക് കഴിയില്ല. അതിനാൽ, ഞാനവനെ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരികയാണ്.”

ഇതൊരു വെല്ലുവിളിയാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ ആ മാതാപിതാക്കൾ മൈക്കിളിനെ അവരുടെ മകനായി സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോന്നു. പിന്നീടാണ് മൈക്കിളിന് പേശികളെ ബാധിച്ചിരിക്കുന്ന ഡുചെൻ മസ്കുലർ ഡിസ്ട്രോഫി എന്ന രോഗമാണെന്ന് കണ്ടെത്തുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെ വരെ ജീവിക്കേണ്ട നിരവധി സാഹചര്യങ്ങൾ മൈക്കിളിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. വീൽചെയർ ഉപയോഗിച്ചായിരുന്നു അവൻ സഞ്ചരിച്ചിരുന്നത്. എങ്കിലും ജോൺസൺ അവനെ എല്ലായിടത്തും അഭിമാനത്തോടെ പങ്കെടുപ്പിച്ചു. മൈക്കിൾ തന്റെ സ്കൂളിലെ ബാസ്ക്കറ്റ് ബോൾ ടീമിലെ വളരെ പ്രിയപ്പെട്ട അംഗമായിരുന്നു. അവിടെ എല്ലാവരുമായും വളരെ നല്ല സ്നേഹബന്ധത്തിലായിരുന്നു മൈക്കിൾ.

‘എല്ലാവരിലും മൂല്യം’ ഉണ്ടെന്ന് ഉയർത്തിക്കാട്ടാൻ ജോൺസൺ തന്റെ മകന്റെ ജീവിതത്തിലൂടെ പരിശ്രമിച്ചു. അവനെ അതിന് ഉപയോഗിക്കാൻ ആഗ്രഹിച്ചു. “മൈക്കിൾ വൈകല്യങ്ങൾക്കിടയിലും കൂടുതൽ കാര്യങ്ങൾ ചെയ്തു. ഞാൻ പ്രതീക്ഷിക്കുന്നതിലും കൂടുതൽ ആളുകളെ സ്വാധീനിച്ചു. കാരണം എല്ലാവരുടെയും ഉള്ളിൽ മൂല്യമുണ്ട്” – ജോൺസൺ പറയുന്നു. മുപ്പത്തിമൂന്നു വർഷം ഗാഢമായി സ്നേഹിച്ച മകന്റെ വേർപാട് ആ കുടുംബത്തെ വളരെയേറെ വേദനിപ്പിച്ചു. വീണ്ടും സ്വർഗത്തിൽ കണ്ടുമുട്ടാമെന്ന പ്രതീക്ഷയിലാണ് ജോൺസണും കുടുംബവും.

വൈകല്യങ്ങളെ സ്നേഹിക്കാൻ അനേകരെ സ്വമാതൃക കൊണ്ട് ഓർമ്മിപ്പിച്ച കുടുംബമാണ് ജോൺസന്റേത്. ‘വൈകല്യമുള്ളവരുടെയും ജീവന് മൂല്യമുണ്ട്’ എന്ന് ജോൺസൺ തന്റെ ജീവിതം കൊണ്ട് ലോകത്തിന്റെ മുൻപിൽ സാക്ഷ്യപ്പെടുത്തുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.