തീവ്രവാദി ആക്രമണം: രണ്ട് ആഫ്രിക്കൻ പട്ടണങ്ങളിലായി കൊല്ലപ്പെട്ടത് നൂറോളം പേർ

നൈജറിലെ രണ്ട് ആഫ്രിക്കൻ പട്ടണങ്ങൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടു. മാലി, ബുർകിന ഫാസോ എന്നിവയുടെ അതിർത്തിയ്ക്കടുത്താണ് ഈ പ്രദേശം. ജനുവരി രണ്ടിനാണ് ആക്രമണം നടന്നത്. 75-ഓളം പേർക്ക് പരിക്കേറ്റു.

ശനിയാഴ്ച, തീവ്രവാദിസംഘം ടൊകോമ ബംഗോ പട്ടണത്തിൽ ആക്രമണം നടത്തി. അവിടെ 70-ഓളം പേരാണ് കൊല്ലപ്പെട്ടത്. അതേസമയം തന്നെ സരോമദാരെയിലും ആക്രമണം നടത്തി. ഈ ആക്രമണത്തിൽ 30 പേർ മരിച്ചു. പരിക്കേറ്റവരെ രാജ്യതലസ്ഥാനമായ നിയാമി, ഓവല്ലം എന്നിവിടങ്ങളിലെ ആശുപത്രികളിലേയ്ക്കു മാറ്റി.

നൂറോളം മോട്ടോർ സൈക്കിളുകളിൽ എത്തിയാണ് തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് ഇരുനഗരങ്ങളെയും നിയന്ത്രിക്കുന്ന ടോണ്ടിക്കിവിണ്ടി ഗ്രാമീണ കമ്യൂൺ മേയർ, അൽമൂ ഹസാനെ പറഞ്ഞു. രണ്ട് ഗ്രാമങ്ങളിലും ഒരേസമയം ആക്രമണം നടത്താൻ തീവ്രവാദികളെ ഏഴ് കിലോമീറ്റർ അകലെ വച്ച് രണ്ട് ഗ്രൂപ്പുകളായി തിരിക്കുകയായിരുന്നു. നൈജറിൽ വളരെ കാലമായി തീവ്രവാദികൾ വ്യാപകമായ ആക്രമണങ്ങളാണ് നടത്തിവരുന്നത്. അൽ ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട തീവ്രവാദികളുമാണ് ആക്രമണങ്ങൾക്കു പിന്നിൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.