ഫ്രാൻസിലെ കത്തീഡ്രലില്‍ ഭീകരാക്രമണം

ഫ്രാൻസിലെ നിത്സായിലെ നോത്രെ ഡാമെ കത്തീഡ്രലിലും സൗദിയിലെ ഫ്രഞ്ച് എംബസിക്കുനേരെയും ഭീകരാക്രമണം. ഫ്രാൻസിലെ നിത്സായിലെ നോത്രെ ഡാമെ കത്തീഡ്രൽ ദൈവാലയത്തിൽ-അളളാഹു അക്ബർ- എന്ന് ഉറക്കെ വിളിച്ചുകൊണ്ടു വന്ന അക്രമി മൂന്നു പേരെ കൊലപ്പെടുത്തിയെന്നും, അതിൽ ഒരു സ്ത്രീയെ കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നും ഫ്രാൻസിൽ നിന്നുളള പത്രറിപ്പോർട്ടില്‍ പറയുന്നു.

അക്രമിയെ പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തിയതിനുശേഷം ചികിത്സ നല്കിയപ്പോളും അളളാഹു അക്ബർ വിളി അക്രമി തുടർന്നു. ഭീകരാക്രമണത്തിൽ പങ്കെടുത്ത മറ്റൊരു ഭീകരനെ ഫ്രാൻസിലെ അവിഞ്ഞോണിൽ നടന്ന ഏറ്റുമുട്ടലിൽ പോലീസ് വധിച്ചുവെന്നാണ് ഒടുവിൽ കിട്ടിയ റിപ്പോർട്ട്. ഫ്രാൻസിലെ ആക്രമണത്തിനുശേഷം ഏതാനും മണിക്കൂറുകൾക്കുളളിൽ സൗദിയിലെ ഫ്രഞ്ച് എംബസിക്കുനേരെയും അക്രമണം നടക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഈ മാസം ഫ്രാൻസിൽ നടന്ന മറ്റൊരു അക്രമത്തിൽ പതിനെട്ടുവയസ്സുകാരനായ ഒരു തീവ്രവാദി ഫ്രഞ്ച് പൗരനായ അധ്യാപകനെ കഴുത്തറത്തുകൊന്നിരുന്നു. ഇതിനെതുടർന്ന് ഫ്രഞ്ച് പ്രസിഡൻറ് എമ്മാനുവേൽ മക്രോൺ തീവ്രവാദികൾക്ക് എതിരെ കടുത്ത നടപടി എടുക്കുകയും ഏതാനും പേരെ നാടുകടത്തുകയും ചെയ്തിരുന്നു.

ഇതിനെ തുർക്കി പ്രസിഡൻറ് എർദൊഗാൻ വിമർശിക്കുകയും ഫ്രാൻസിൽ നിന്നുളള വിൽപനവസ്തുക്കൾ തുർക്കിയിൽ നിരോധിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. കൊറോണയുടെ സംഹാരതാണ്ഡവം തുടരുന്ന ഫ്രാൻസിലെ ജനങ്ങൾ ഇന്ന് നടന്ന ഭീകരാക്രമണത്തോടുകൂടി കൂടുതൽ ഭയത്തിലായിരിക്കുകയാണ്.

ഫാ. മാത്യു മുര്യങ്കരി, റോം 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.