അവർ നടന്നു, പീഡനങ്ങൾക്കു നടുവിൽ നിന്നും കർത്താവിന്റെ പൗരോഹിത്യത്തിലേയ്ക്ക് 

ഒഡീഷയിലെ കാണ്ഡമാൽ. പത്തു വർഷങ്ങൾക്കു മുൻപ് കൊടിയ മതപീഡനങ്ങളുടെ പേരിൽ പത്ര മാധ്യമങ്ങളിൽ നിറഞ്ഞ സ്ഥലം. വിശ്വാസത്തിന്റെ പേരിൽ ബലിയാടുകളാകുവാൻ വിധിക്കപ്പെട്ട ആളുകളുടെ പേരിൽ അറിയപ്പെട്ടിരുന്ന കാണ്ഡമാൽ ഇന്ന് ദൈവവിളികളുടെ പേരിൽ അറിയപ്പെട്ടു തുടങ്ങി. അതിനു തെളിവാണ് പീഡനങ്ങളിൽ നിന്നു അൾത്താരയിലേയ്ക്ക് യാത്ര ചെയ്ത നാല് വൈദികർ.

വിശ്വാസത്തിന്റെ പേരിൽ പൂർവികർ ചൊരിഞ്ഞ ചുടു ചോരയിൽ നിന്നും വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയവർ. പീഡനങ്ങൾ വിശ്വാസത്തെ തളർത്തുകയല്ല കൂടുതൽ ശക്തിപ്പെടുത്തുകയാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് കാണ്ഡമാലിൽ നിന്ന്  ഫാ. റാഹുൽ ബസ്ത്രേ, ഫാ.ജോർജ് പത്മാജി, ഫാ.ആനന്ദ് പ്രഥാൻ, ഫാ. അമർ കുമാർ സിങ്ങ് എന്നിവരാണ് കപ്പൂച്ചിൻ സഭയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചത്.  കട്ടക്ക് – ഭുവനേശ്വർ അതിരൂപതയുടെ സൈമൺബാദി മേരി മാത ദേവാലയത്തിൽ നടന്ന തിരുപ്പട്ട സ്വീകരണത്തിൽ അവർക്കു പറയാനുണ്ടായിരുന്നത് സങ്കടങ്ങളിലും പ്രയാസങ്ങളിലും ഒപ്പം നിന്ന ദൈവത്തിനു നന്ദി മാത്രം.

വളരെയേറെ യാതനകളിലൂടെയാണ് ഈ നാലുപേരും തങ്ങളുടെ സെമിനാരി ജീവിതം മുന്നോട്ട് കൊണ്ടുപോയത്. 2006-ൽ മൈനർ സെമിനാരിയിൽ ചേർന്ന നാല് വിദ്യാർത്ഥികൾ നൊവിഷ്യേറ്റിന്റെ ആദ്യ വർഷം ഇടുക്കിയിലെ കട്ടപ്പനയിലാണ് പൂർത്തീകരിച്ചത്. തുടർന്ന് കാണ്ഡമാലിലേയ്ക്ക് എത്തുകയായിരുന്നു.  2007-08 കാലഘട്ടത്തിൽ കാണ്ഡമാലിലെ ക്രൈസ്തവര്‍ക്ക് നേരെ നടന്ന കലാപത്തിൽ ബരക്കോമ അരുണോദയ കപ്പൂച്ചിൻ മൈനർ സെമിനാരി രണ്ടു തവണ ആക്രമിക്കപ്പെട്ടിരുന്നു. 2007 ക്രിസ്തുമസ് വേളയിലാണ് സെമിനാരിയ്ക്കു നേരെ ആദ്യത്തെ ആക്രമണമുണ്ടായത്.  തീവ്ര ഹൈന്ദവ വാദികളിൽ നിന്നും രക്ഷ നേടാൻ വനത്തിൽ ഒളിച്ച വിദ്യാർത്ഥികൾക്ക് കെട്ടിട നിർമ്മാണം പൂർത്തിയാക്കി 2008 ജൂണിലാണ് സെമിനാരിയിലേക്ക് തിരിച്ചെത്താനായത്.

തിരിച്ചെത്തിയ അവർക്ക് വീണ്ടും സ്വസ്ഥത കൈവരിക്കാൻ സാധിച്ചില്ല. രണ്ടു മാസങ്ങൾക്ക് ശേഷം സെമിനാരി കൊള്ളയടിയ്ക്കുകയും തീവയ്ക്കുകയും ചെയ്തു. തുടർന്ന്, രണ്ടാഴ്ച സമീപ ഗ്രാമത്തിൽ ക്രൈസ്തവരോടൊപ്പം താമസിച്ചാണ് അവര്‍ ദിവസങ്ങള്‍ തള്ളിനീക്കിയത്. വീണ്ടും പ്രക്ഷോഭം രൂക്ഷമായപ്പോൾ അവർ കാട്ടിൽ അഭയം തേടി. ജില്ലയില്‍ വർഗ്ഗീയ ഇടപെടല്‍ രൂക്ഷമാണെങ്കിലും വൈദിക പഠനം പൂർത്തിയാക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇവർ.

2008 ആഗസ്റ്റ് 23-ന് സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് കാണ്ഡമാലില്‍ അരങ്ങേറിയ ആക്രമണത്തില്‍ നൂറോളം ക്രൈസ്തവര്‍ രക്തസാക്ഷിത്വം വരിച്ചിരുന്നു. തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ മുന്നൂറോളം  ദേവാലയങ്ങളും, ആറായിരത്തോളം ക്രൈസ്തവരുടെ വീടുകളും നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ക്രൈസ്തവരുടെ രക്തം വീണു കുതിര്‍ന്ന ഒഡീഷയിലെ കാണ്ഡമാനിലെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുവെന്നതിന്റെ തെളിവാണ് ഈ നവ വൈദികർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.