ജീവിതത്തിൽ ആനന്ദം കണ്ടെത്തുന്നതിന് ഫ്രാൻസിസ് പാപ്പാ നിർദ്ദേശിക്കുന്ന 10 കാര്യങ്ങൾ

    സന്തോഷത്തിനായുള്ള ത്വര സകല മനുഷ്യന്‍റെയും ഭാഗധേയമാണെന്ന് ഫ്രാന്‍സിസ് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. അത് ദൈവം ഓരോ മനുഷ്യന്‍റെയും ഹൃദയത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള അപ്രതിരോധ്യമായ അഭിലാഷമാണ്. എന്നാല്‍ മനുഷ്യഹൃദയങ്ങള്‍ യഥാര്‍ത്ഥമായി എത്തിച്ചേരേണ്ടത് ദൈവികവും സമ്പൂര്‍ണ്ണവുമായ ആനന്ദത്തിലാണ്. അത് നമ്മെ സൃഷ്ടിച്ച നിത്യമായ സ്നേഹവും, ആനന്ദവും സമാധാനവും സൗന്ദര്യവും സത്യവുമായ ദൈവത്തിനായുള്ള ത്വരയാണ്.

    പാപ്പാ ഫ്രാന്‍സിസ് വിവിധ അവസരങ്ങളില്‍ യുവജനങ്ങള്‍ക്കു നല്കിയ പ്രബോധനങ്ങളില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തകളാണ് ആനന്ദത്തിന്‍റെ ഈ 10 പ്രമാണങ്ങള്‍.

    1. അയല്‍പക്കങ്ങളോടു പരിഗണനയുള്ള ജീവിതം

    സ്വാര്‍ത്ഥത വിട്ട് സഹോദരങ്ങളോടും അയല്‍പക്കങ്ങളോടും പരിഗണനയുള്ള ജീവിതശൈലിയാണ് ആനന്ദത്തിന്‍റെ ആദ്യ ഉറവിടം. “സന്തോഷപൂര്‍വ്വം നല്കുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത്,” പൗലോസ് അപ്പസ്തോലന്‍ പ്രബോധിപ്പിക്കുന്നുണ്ട് (2 കൊറി. 9, 7). ഹൃദയത്തില്‍ സ്നേഹമില്ലാതാകുമ്പോള്‍ നാം മറ്റുള്ളവര്‍ക്കായ് ഹൃദയം കൊട്ടിയടയ്ക്കുന്നു. അവരോടു സ്നേഹമില്ലാതാകുന്നു. മറ്റുങ്ങളവരുടെ സന്തോഷത്തില്‍ പങ്കുചേരാനും അവരുടെ ജീവിതത്തില്‍ സന്തോഷം പകരാന്‍ സാധിക്കുന്നതും നമ്മുടെ ജീവിതത്തിന് അര്‍ത്ഥം നല്കുന്നതാണ് (സുവിശേഷ സന്തോഷം, 182).

    2. ജീവിതത്തിലെ ഭിന്നതയും വിഷാദഭാവവും വെടിയാം

    ആത്മീയമായി നിത്യതയുടെ സന്തോഷത്തിലേയ്ക്ക് വിളിക്കപ്പെട്ടവനാണ് മനുഷ്യന്‍. എന്നാല്‍ ഈ ഭൂമിയില്‍ നാം സന്തോഷമുള്ളവരായി ജീവിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു. അവിടുന്ന് ഈ പ്രപഞ്ചത്തില്‍ എല്ലാം നല്ലതായി സൃഷ്ടിച്ചത്, മനുഷ്യര്‍ അതു സന്തോഷത്തോടെ ഉപയോഗിച്ചും പങ്കുവച്ചും ജീവിക്കാനാണ്. നമുക്കായി ദൈവം മനോഹരമായ പ്രപഞ്ചം നല്കിയത് നിഷേധങ്ങളുടെ ആജ്ഞയോടെയല്ല, മറിച്ച് അവയെല്ലാം വളര്‍ത്തിയും വലുതാക്കിയും ഉപയോഗിച്ചും പങ്കുവച്ചും ആനന്ദത്തോടെ ജീവിക്കാനാണ്.

    3. സ്നേഹമാണ് സന്തോഷത്തിന് ആധാരം

    അധികാരമോ, സമ്പത്തോ, ഭൗമികസുഖങ്ങളോ അല്ല സന്തോഷത്തിന് ആധാരം. സന്തോഷം വാങ്ങാവുന്നതുമല്ല. അത് സ്നേഹമുള്ള ജീവിതത്തില്‍നിന്നും വളര്‍ത്തിയെടുക്കേണ്ടതാണ്. സ്ഥാനവും വിജയവും നേട്ടവും സ്വാര്‍ത്ഥമായി കണ്ണിട്ടു ജീവിക്കുന്നവര്‍ സംതൃപ്തിയുടെ പൊയ്മുഖം പേറുകയും, അതിന്‍റെ ഉന്മത്തതയില്‍ താല്ക്കാലിക ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. എന്നാല്‍ ഓര്‍ക്കുക, യഥാര്‍ത്ഥമായ ആനന്ദം കൂട്ടായ്മയിലും മറ്റുള്ളവരുമായുള്ള നല്ല ബന്ധങ്ങളിലുമാണ് അടങ്ങിയിരിക്കുന്നത്. സഹോദരങ്ങള്‍ക്കിടയില്‍ അംഗീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും ചെയ്യുന്ന വിധത്തില്‍ തുറവോടെ ജീവിക്കുമ്പോഴാണ് ജീവിതാനന്ദം അനുഭവിക്കാന്‍ സാധിക്കുന്നത്.

    4. നര്‍മ്മബോധത്തിന്‍റെ ആനന്ദവഴികള്‍

    ജീവിത യാഥാര്‍ത്ഥ്യങ്ങളെ നോക്കി സത്യസന്ധമായി ചിരിക്കാനുള്ള കഴിവാണ് നര്‍മ്മരസം. പച്ചയായ മനുഷ്യന്‍റെയും തുറവുള്ള വ്യക്തിയുടെയും അടയാളമാണ് നര്‍മ്മരസം. അത് ദൈവകൃപയോടു ചേര്‍ന്നുള്ള വ്യക്തിയുടെ മനോഭാവവുമാണ്. ഇങ്ങനെയുള്ള ആനന്ദത്തിന്‍റെ അറിവും ആപേക്ഷികതയും ദൈവാത്മാവില്‍നിന്നും ലഭിക്കുന്നതാണ്. അതിനാല്‍ സത്യസന്ധമായ ആനന്ദത്തിന് ദൈവാരൂപിയോടു തുറവുള്ളവരായിരിക്കാം.

    5. നന്ദിപറയാന്‍ മനസ്സുണ്ടായിരിക്കുക

    നന്ദിയുള്ള ജീവിതം ആനന്ദത്തിന്‍റേതാണ്. അങ്ങനെയുള്ളവര്‍ ജീവിതത്തിലെ ചെറുതും വലുതമായ വസ്തുതകള്‍ക്ക് സഹോദരങ്ങളോടും ദൈവത്തോടും നന്ദിയുള്ളവരായി ജീവിക്കും. തനിക്കു കിട്ടിയ ഒരു ചെറിയ അപ്പക്കഷണത്തിനും, തന്നെ തഴുകിപ്പോയ ഒരു മന്ദമാരുതനും ദൈവത്തോടുള്ള നന്ദിയാല്‍ അവിടുത്തെ സ്തുതിച്ച് നൃത്തംചവിട്ടിയ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ആത്മീയതയുടെ എന്നപോലെ ആനന്ദത്തിന്‍റെയും ഉദാത്ത മാതൃകയാണ്.

    6. ക്ഷമിക്കാന്‍ അറിയണം, ക്ഷമ ചോദിക്കണം!

    ഹൃദയത്തില്‍ വിദ്വേഷവും വെറുപ്പുമായി നടക്കുന്നവര്‍ക്ക് സന്തോഷമുള്ളവരായിരിക്കാനാവില്ല. സഹോദരങ്ങളോടു ക്ഷമിക്കാത്തവന്‍ തന്നെത്തന്നെയാണ് മുറിപ്പെടുത്തുന്നത്. വെറുപ്പില്‍നിന്നു ദുഃഖമേ പുറത്തുവരൂ! ദൈവം നമ്മോടു ക്ഷമിക്കുന്നതുകൊണ്ടാണ് നാം ജീവിക്കുന്നത് എന്ന തിരിച്ചറിവാണ് സന്തോഷത്തിന്‍റെ മൂലം. ദൈവത്തില്‍നിന്നു ക്ഷമയും കാരുണ്യവും സ്വീകരിച്ചിട്ടുള്ളവര്‍ അത് അംഗീകരിച്ചും ഏറ്റുപറഞ്ഞും ജീവിക്കുമ്പോള്‍ അവരുടെ ജീവിതം ആനന്ദദായകമായിരിക്കും.

    7. സമര്‍പ്പണത്തിലെ സന്തോഷം

    മറ്റുള്ളവര്‍ക്കൊപ്പം നന്മയുടെയും നീതിയുടെയും ഒരു ലോകം വളര്‍ത്താന്‍ കൈകോര്‍ക്കുന്ന സമര്‍പ്പണമുള്ള ജീവിതം നമുക്കു സന്തോഷം തരും. സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിക്കുന്നത് ക്രിസ്തു തരുന്ന വിപ്ലവാത്മകമായ ആനന്ദവഴികളാണ്. ലാളിത്യമുള്ളവരും വിനയമുള്ളവരും, എളിമയുള്ളവരുമാണ് സന്തുഷ്ടിയുള്ളവര്‍. അവര്‍ ഭാഗ്യവാന്മാരായിരിക്കും, ആത്മീയാനന്ദമുള്ളവരായിരിക്കും.

    8. പ്രാര്‍ത്ഥനയും സാഹോദര്യവും

    ജീവിതത്തില്‍ നാം സൃഷ്ടിക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും നമ്മെ നിരാശയിലാഴ്ത്തുകയും നമ്മുടെ സന്തോഷം കെടുത്തിക്കളയുകയും ചെയ്യുന്നു. അതിനാല്‍ പ്രത്യാശ വെടിയാതെയും നിരാശരാകാതെയും, ദൈവത്തില്‍ ആശ്രയിച്ചും, സഹോദരങ്ങളോടു ചേര്‍ന്നു കൂട്ടായ്മയില്‍ ജീവിക്കാം. പ്രാര്‍ത്ഥന ജീവിതത്തെ മാറ്റിമറിക്കും. പ്രാര്‍ത്ഥന ഏകാന്തതയ്ക്കും നിരാശയ്ക്കുമുള്ള മറുമരുന്നാണ്.

    9. ദൈവത്തില്‍ ശരണം തേടാം

    ജീവതത്തില്‍ കുരിശുകളുണ്ടാകും, അരണ്ടയാമങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമാണ്. ദൈവം നമ്മെ കൈവെടിഞ്ഞോ എന്നും സംശയിക്കാം. എന്നാല്‍ എല്ലാം ദൈവകരങ്ങളില്‍ സമര്‍പ്പിക്കാം. ദൈവത്തില്‍ അഭയം തേടാം. അപ്പോള്‍, ഒന്നിനും നശിപ്പിക്കാനാവാത്ത അഭൗമമായ ആനന്ദം നമുക്കു ലഭിക്കും. ദൈവത്തിന്‍റെ കരുണയും വിശ്വസ്തതയും അനന്തമാകയാല്‍, എല്ലാം അറ്റുപോകുമ്പോഴും, എല്ലാം അന്യമായ്ത്തീരുമ്പോഴും ദൈവകൃപയുടെ ചെറുവെളിച്ചം നമ്മുടെ ജീവിതത്തെ ആനന്ദഭരിതമാക്കും.

    10. യേശു എന്നെ സ്നേഹിക്കുന്നു!

    തന്‍റെ ജീവന്‍ നല്കുമാറ് ലോകത്തെ സ്നേഹിച്ച ക്രിസ്തു എന്നെയും സ്നേഹിക്കുന്നു (Jesus loves me) എന്ന ചിന്ത, പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ച് അനുസ്മരിപ്പിക്കുന്ന മഹത്തരമായ ആനന്ദസ്രോതസ്സാണ്. ക്രിസ്തു എന്നെ സ്നേഹിക്കുന്നു എന്ന വിശ്വാസം, എന്നെ ദൈവപിതാവിലേയ്ക്കു നയിക്കും. കാരണം, പിതൃസ്നേഹം പകര്‍ന്നുനല്കിയത് അവിടുന്നാണ്.

    അനുദിനജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ തൊട്ടുരുമ്മി നില്ക്കുന്നതാണ് പാപ്പാ ഫ്രാന്‍സിസ് പ്രബോധനങ്ങളില്‍ എടുത്തുപറയുന്ന ആനന്ദസ്രോതസ്സുകള്‍.