സഭാ ജീവിതത്തിലെ പ്രലോഭനങ്ങൾ

ജയ്സൺ കുന്നേൽ

ജയ്സൺ കുന്നേൽ

രണ്ടാം വത്തിക്കാൻ കൗൺസിലിൽ ശ്രദ്ധേയമായ സ്വാധീനം ചൊലുത്തുകയും ഗണ്യമായ സംഭാവനകൾ നൽകുക്കും ചെയ്ത ഫ്രഞ്ചു ദൈവശാസ്ത്രജ്ഞനാണ് ഈശോ സഭാംഗമായിരുന്ന കാർഡിൽ ഹെൻട്രി ഡി ലൂബെക് (Henri de Lubac 1896 – 1991).  ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗൽഭരായ ദൈവശാസ്ത്രജ്ഞഞന്മാരിൽ ഒരാളായ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു ഗ്രന്ഥമാണ് 1953 ഫ്രഞ്ചു ഭാഷയിൽ എഴുുതിയ  Méditation sur l’Église എന്ന പുസ്തകം. 1956 ൽ The Splendor of the Church എന്ന പേരിൽ ഈ പുസ്തകം ഇംഗ്ലീഷ് ഭാഷയിലേക്കു വിവർത്തനം ചെയ്തട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ എട്ടാം അധ്യായത്തിൽ സഭാ ജീവിതത്തിൽ നമുക്കു വന്നു ചേരുന്ന പ്രലോഭനങ്ങളെ പറ്റി അതിൽ പ്രതിപാദിക്കുന്നുണ്ട്. പ്രധാനമായും ആറു പ്രലോഭനങ്ങളാണ് ലൂബെക് ചൂണ്ടിക്കാണിക്കുന്നത്. ആറു പതിറ്റാണ്ടുകൾക്കു മുമ്പു എഴുതിയ ഗ്രന്ഥമാണങ്കിലും ഈ കാലഘട്ടത്തിലെ പല പ്രശ്നങ്ങൾക്കും പ്രലോഭനങ്ങൾക്കും അതിനോടു സാമ്യമുള്ളതുകൊണ്ടും അല്ലങ്കിൽ അവ തന്നെ ആയതുകൊണ്ടും നമുക്കു അവയൊന്നും പരിശോധിക്കാം.

1. അഹം കേന്ദ്രീകൃത അഥവാ ആത്മാരാധന (Self-centeredness)

ലൂബെക് അവതരിപ്പിക്കുന്ന ഒന്നാമത്തെ പ്രലോഭനം ലളിതമായി പറഞ്ഞാൽ സ്വാർത്ഥതയാണ്. ഈ പ്രലോഭനത്തിൽ സ്വന്തം പ്രശ്നങ്ങളെ സഭയുടെ പ്രശ്നമായി അവതരിപ്പിക്കാനുള്ള ഒരു ത്വര വ്യക്തികളിൽ ഉടലെടുക്കുന്നു. ഇവിടെ അവരുടെ ലക്ഷ്യം സഭാ നവീകരണമൊന്നുമല്ല, നേരെ മറിച്ച് സഭാ നവീകരണം എന്ന വ്യാജേനെ സ്വന്തം തെറ്റുകളെയും കുറവുകളെയും സഭയുടെ പ്രശ്നമായി അവതരിപ്പിക്കാനുള്ള ഒരു വെമ്പലാണ്. എങ്കിലേ ഈ കൂട്ടർക്കു പൊതു സമ്മതി കിട്ടുകയുള്ളു.  സ്വർത്ഥതയാണ് ഇതിന്റെ അടിസ്ഥാനം. സ്വന്തം ഇംഗിതം സാധിക്കാനായി ഏതുവിധ കുൽസിത മാർഗങ്ങളും സ്വീകരിക്കാൻ ഇക്കൂട്ടർക്കു മടിയില്ല. “അഹം” വിജയിക്കാനായി മത്സരിക്കുമ്പോൾ പലതിനെയും ഇക്കൂട്ടർ അടർത്തി വീഴ്ത്തുന്നു.

ഞാൻ കേന്ദ്രീകൃതയ്ക്കുള്ള പരിഹാരം അത്മ പരിത്യാഗമാണ്. 

2. നിഷേധാത്മകമായ വിമർശനം (Destructive Criticism)

സഭാ ജീവിതത്തിൽ അനുഭവപ്പെടുന്ന രണ്ടാമത്തെ പ്രലോഭനം വിനാശകരമായി ഭവിക്കുന്ന വിമർശനങ്ങളാണ്. നല്ല വിമർശനങ്ങൾ എപ്പോഴും ആത്മവിമർശനങ്ങളാണ്. സമഗ്രതയും എളിമയും യാദൃശ്ചികബോധവുമുള്ള വ്യക്തികൾക്കു മാത്രമേ ആത്മവിമർശനം നടത്തി നവീകരണത്തിന്റെ പാതയിൽ മുന്നേറാൻ കഴിയുകയുള്ളു. സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കെ അപരന്റെ കണ്ണിലെ കരടു കാണാൻ വെപ്രാളപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. അതിരു കവിഞ്ഞ നിഷേധാത്മക വിമർശനം ചിലപ്പോഴൊക്കെ വധശിക്ഷയെക്കാൾ ഭയാനകമാക്കുന്നു. ഇത്തരം വിമർശനങ്ങളുടെ ലക്ഷ്യം സഭാ നവീകരണമല്ല, സഭയെ തകർക്കലാണ്. വർത്തമാന കാലത്തിലെ ചില മാധ്യമ ചർച്ചകളും ഇടപെടലുകളും ലക്ഷ്യം വയ്ക്കുന്നതു സഭയുടെ തളർച്ചയാണ്. സത്യസന്ധവും നിക്ഷ്പക്ഷവുമായ വിലയിരുത്തലുകൾക്കേ നവീകരണം കൊണ്ടുവരാൻ കഴിയു, അത്തരം വിലയിരുത്തലുകൾ സ്നേഹത്തിലധിഷ്ഠിതമാണ്.  യഥാർത്ഥ സഭാ വിശ്വാസികളുടെ മാർഗ്ഗം സത്യസന്ധമായ വിമർശനങ്ങളായിരിക്കണം.

എന്റെ വിലയിരുത്തലുകളും വിമർശനങ്ങളും സഭാ ശരീരത്തിനു മുറിവേൽപ്പിക്കുന്നുവെങ്കിൽ അതിൽ നിന്നു പിന്മാറാനുള്ള ഒരു സാമാന്യബുദ്ധി നമുക്കു സ്വീകരിക്കാം.

3. ഉപരിപ്ലവമായ അനുരൂപീകരണം (Superficial Adaptation)

സഭാ ജീവതത്തിൽ സംഭവിക്കാവുന്ന മൂന്നാമത്തെ പ്രലോഭനം ഉപരിപ്ലവമായ അനുരൂപണങ്ങൾക്കു വഴങ്ങി കൊടുക്കുന്നതാണ്. പാരമ്പര്യങ്ങൾ മറന്നു കൊണ്ടു, കാലത്തിന്റെ ചുവരെഴുത്തുകൾ തിരിച്ചറിഞ്ഞു കൊണ്ടു കാലോചിതമായ നവീകരണം,  എന്ന വ്യാജേന കൈയ്യടി വാങ്ങിക്കാനായി സഭാ ജീവിതത്തിൽ വരുത്തുന്ന അനുരൂപരണങ്ങൾ സഭയുടെ നിയതമായ ക്രമങ്ങളെയും ചട്ടകൂടുകളെയും ചിലപ്പോഴൊക്കെ പ്രതിരോധത്തിലാക്കുന്നു.

ദൈവീക നിയമങ്ങളെയും വിശുദ്ധമായ സഭാപാരമ്പര്യക്കളെയും മറന്നു കൊണ്ടുള്ള എല്ലാ അനുരൂപണങ്ങളും സഭ ഗാത്രത്തെ തളർത്തിയിട്ടേ ഉള്ളു. 

4. വിജയകരമായ അനുരൂപീകരണം (Successful Adaptation)

ചില  അനുരൂപീകരണങ്ങളുടെ വിജയവും ഫലദായകത്വവും അളന്നു കൊണ്ടു എല്ലായിടത്തും അതു പ്രാവർത്തികമാക്കാനുള്ള പ്രലോഭനമാണ് നാലാമത്തേത്. വൈവിധ്യങ്ങളുടെ സൗന്ദര്യവും ശ്രേഷ്ഠതയും മനസ്സിലാക്കാനുള്ള വിശാലത ഇല്ലാത്തതുകൊണ്ടാണ് ഈ പ്രലോഭനത്തിൽ സഭാ തനയർ വീണുപോകുന്നത്. ഭൗതീകമായ നേട്ടം നോക്കിയല്ല ഒരു അനുരൂപണത്തെ വിജയമോ പരാജയമോ ആയി നാം പ്രഖ്യാപിക്കേണ്ടത്. മറിച്ചു അതു പ്രദാനം ചെയ്ത ആത്മീയ ഉന്നതി അറിഞ്ഞായിരിക്കണം. ദൈവരാജ്യത്തിന്റെ ഫലയദായകത്വം ആത്മീയമാണ്. ദൈവാത്മാവിന്റെ നിമന്ത്രണങ്ങൾ ശ്രവിക്കാതെ കാലത്തിന്റെ അരൂപി മാത്രം തിരിച്ചറിഞ്ഞു കൊണ്ടുള്ള നവീകരണ ശ്രമങ്ങൾക്കു അല്പായുസു മാത്രമേ ഉള്ളു. കൈയ്യടികൾ നേടി തരുന്ന അനുരൂപണങ്ങൾ എപ്പോഴും എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. സഭാ ജീവിതത്തിലെ അനുരൂപണങ്ങൾ സ്വീകരിക്കാൻ അതിനു ഒരു സംവിധാനമുണ്ട്,  നിയതമായ ഒരു ക്രമമുണ്ട്. വ്യക്തിതാൽപര്യങ്ങൾ അനുരൂപണത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കാനുള്ള വികല ശ്രമങ്ങൾ സഭാ വിശ്വാസികൾ തിരിച്ചറിയണം.

ഒരു യാഥാർത്ഥ സഭാ വിശ്വസി ഫലദായകത്വത്തിന്റെ മരീചകയിൽ നിന്നു യഥാർത്ഥ ഫലം ശ്രദ്ധാപൂർവ്വം വിവേചിച്ചറിയാൻ പഠിക്കണം.

5. അതിരു കവിഞ്ഞ ഉന്നത മനോഭാവം (Elitism)

അഞ്ചാമത്തെ ഈ പ്രലോഭനം പലപ്പോഴും സഭാ ജീവിതത്തിൽ മുറിവുകൾ ഉണ്ടാക്കുന്നു. മനുഷ്യവതാരത്തിന്റെ യുക്തിയിൽ ചിന്തിച്ചാൽ സഭ തന്നെത്തന്നെ ശൂന്യനാക്കിയ, എളിമപ്പെടുത്തിയ ക്രിസ്തുവിന്റെ ശരീരമാണ്. അവിടെ സമ്പന്നനോ ദരിദ്രനോ എന്ന തിരിവു പാടില്ല. ക്രിസ്തുവിൽ എല്ലാവരും സമൻമാരാണ്. സഭയിൽ അഭിപ്രായം പറയുവാനുള്ള അവകാശം അധികാരമുള്ളവനും കുലമഹിമയുള്ളവനുമായി പരിമിതപ്പെടുത്തുവാനുമുള്ള ഒരു ത്വര എല്ലാക്കാലത്തും സഭയിൽ ഉണ്ടായിട്ടുണ്ട്. ദരിദ്രയായി പിറവി എടുത്ത ക്രിസ്തുവിന്റെ സഭ ദരിദ്രരെ മറക്കുമ്പോൾ സഭാഗാത്രം വിഭജിക്കപ്പെടുകയാണു ചെയ്യുക.

സഭയിൽ എക്കാലവും മുഴങ്ങേണ്ടതു ക്രിസ്തുവിന്റെ ശബ്ദമാവണം, സഭയിൽ നടപ്പിൽ വരുത്തേണ്ടത് അവന്റെ നിലപാടുകൾ ആയിരിക്കണം. ആരുടെയും മുഖം നോക്കാതെ  ക്രിസ്തുവിന്റെ പക്ഷം ചേർന്നു കൊണ്ടുള്ള സഭാ ശുശ്രൂഷകൾ സഭാ സമൂഹത്തെ പടുത്തുയർത്തും ഈ പ്രലോഭനത്തെയാണ് ലൂബെക് സഭാ സമൂഹം നേരിടുന്ന എറ്റവും ഗൗരവ്വമേറിയ പ്രലോഭനമായി ’Splendor  of the Church ന്റെ എട്ടാം അധ്യായത്തിൽ കാണുന്നത്.

6. ആത്മീയ ലൗകികത്വം (Spiritual Worldliness)

The Splendor of the Church അവസാനിക്കുമ്പോൾ സഭ അഭിമുഖീകരിക്കുന്ന ഏറ്റവും ഭയാനകമായ പ്രലോഭനമായി ഹെൻട്രി ലൂബക്  മനസ്സിലാക്കുന്നത്  ആത്മീയ ലൗകികത്വത്തെയാണ്. ലൂബെകിന്റെ അഭിപ്രായത്തിൽ ഏറ്റവും വിധസ്വകവും  ഇടവിട്ടുസംഭവിക്കുന്നതും എല്ലാം അവസാനിച്ചു എന്നു കരുതുമ്പോൾ വീണ്ടും ഹീനമായി പ്രത്യക്ഷപ്പെടുന്നതുമായ വലിയ പ്രലോഭനമാണ് ആത്മീയ ലൗകികത്വം. ധാർമ്മിക ക്രമത്തിൽ ലൗകികത്വം കയറ്റുന്നതിനെക്കാൾ അപകടകരമാണ് ആത്മീയതയിൽ അവയ്ക്കു സ്ഥാനം നൽകുന്നത്. കാരണം ഇതു ദൈവമഹത്വം എന്ന സഭയുടെ അത്യുന്നതമായ ലക്ഷ്യത്തെ മാനവികതയ്ക്കു മുമ്പിൽ അടിയറവു വയ്പ്പിക്കുന്നു. സഭയിലെ ആത്മീയവശത്തെ വെറും മാനുഷിക ജല്പനങ്ങളിലേക്കു  തരം താഴ്ത്തുന്നു. സഭയുടെ അത്യന്തിക ലക്ഷ്യം പരിശുദ്ധ ത്രിത്വത്തിന്റെ ഹൃദയ ഐക്യത്തിൽ പങ്കുചേരുക എന്നതാണ്. മാനവികത അതിന്റെ പൂർണ്ണതയിൽ എത്തുന്നത് ദൈവവുമായി ഒന്നാകുമ്പോഴാണ്. ആത്മീയ കാര്യങ്ങളിൽ മാനവികതയ്ക്കും പ്രാപഞ്ചികതയ്ക്കും അതിരുകടന്ന സ്ഥാനം നൽകുമ്പോൾ    പരാജയം സംഭവിക്കുന്നു. ആന്തരിക ചൈതന്യം മറന്നു കൊണ്ടുള്ള സാംസ്കാരികവും ഭൗതീകവുമായ അനുരൂപണങ്ങൾ സഭയെ അധികകാലം ശരിയായ ദിശയിൽ നയിക്കുകയില്ല. ആത്മീയതയെ മാനവികതയിലേക്കു ചുരുക്കുമ്പോൾ ദൈവീകത തനിയെ നഷ്ടപ്പെടുന്നു. ദൈവീക ചൈതന്യമില്ലാതെ ഒരു ആത്മീയ ആചാരത്തിനും ജീവൻ ലഭിക്കുകയില്ല. മനുഷ്യ മനസ്സിനു സംതൃപ്തി പകരാനും കഴിയുകയില്ല.

ആത്മീയ ലൗകീകത്വം സഭാതനയർ നേരിടുന്ന ഏറ്റവും വലിയ പ്രലോഭനമാണ് കാരണം ഇതു നന്മയുടെ പ്രച്ഛന്നവേഷം ധരിച്ചു സഭയുടെ ആത്മീയവും അലൗകികവുമായ ഉന്നത വിളിയെ അതിനെക്കാൾ ലഘുവായ ഒന്നിലേക്കു തരംതാഴ്ത്തുന്നു.

കേരള സഭ ഇന്നു നേരിടുന്ന പ്രലോഭനങ്ങൾ ഒരു പരിധി വരെ ഇവ തന്നെയല്ലേ. ആത്മപരിശോധനയോടെ നമുക്കു വിലയിരുത്താം. സഭാ നവീകരണം എന്നിൽ നിന്നാരംഭിക്കട്ടെ.

ജയ്സൺ കുന്നേൽ