ശ്രീലങ്കൻ കത്തോലിക്കാ പള്ളികളിൽ താല്‍ക്കാലികമായി വിശുദ്ധ കുർബാന അർപ്പണം നിർത്തലാക്കി

ആക്രണമസാധ്യത തുടരുന്ന സാഹചര്യത്തിൽ പരസ്യമായ വിശുദ്ധ കുർബാന അർപ്പണം താല്‍ക്കാലികമായി നിർത്തിവയ്ക്കുവാൻ ശ്രീലങ്കൻ കത്തോലിക്കാ സഭ തീരുമാനിച്ചു. രാജ്യം സുരക്ഷിതമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതുവരെ പള്ളികളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുകയില്ല എന്ന് കൊളംബോ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ രഞ്ജിത് മാല്‍കത്തിന്റെ ഓഫീസിൽ നിന്ന് അറിയിപ്പ് നൽകി.

ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി സ്ഥലങ്ങളിൽ നിന്ന് ബോംബുകൾ കണ്ടെത്തിയിരുന്നു. തുടർന്നും ആക്രമണസാധ്യത ഉള്ളതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് എത്തിയതെന്ന് രൂപതാ അധികൃതർ അറിയിച്ചു. രാഷ്ട്രീയപരമായ ഭിന്നതകൾ മറന്ന് രാജ്യം നേരിടുന്ന ഭീകരാവസ്ഥയെ നേരിടുവാൻ ഒറ്റക്കെട്ടായി മുന്നേറണം എന്നും രൂപതാധികൃതർ നേതാക്കളെ ഓർമ്മിപ്പിച്ചു. സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 360-ൽ എത്തിയിരുന്നു. 500-ൽ അധികം ആളുകൾക്ക് പരിക്കുണ്ട്.