കുട്ടികളിലെ ഇന്റർനെറ്റ് അടിമത്വം ഇല്ലാതാക്കാം ഈ മാർഗ്ഗങ്ങളിലൂടെ

മാതാപിതാക്കളെ ഏറ്റവും കൂടുതൽ ആകുലപ്പെടുത്തുന്ന ഒന്നാണ് കുട്ടികളിലെ അല്ലെങ്കിൽ കൗമാരക്കാരിലെ  ഇന്റർനെറ്റ് അഡിക്ഷൻ. കുടുംബ ബന്ധങ്ങളിൽ നിന്ന് കൂടുതൽ അകന്നു ഒറ്റയ്ക്ക് ആയിരിക്കുകയും കമ്പ്യൂട്ടർ/ സോഷ്യൽ മീഡിയ തുടങ്ങിയ ആധുനിക മാധ്യമങ്ങളിലേയ്ക്ക് ചുരുങ്ങി മുറിക്കുള്ളിൽ തന്നെ ഒതുങ്ങി കൂടുന്ന കുട്ടികൾ. എനിക്കെന്തെങ്കിലും പറ്റിയാലും അവൻ ഫോണിൽ നോക്കിയിരിക്കുകയെ ഉള്ളു എന്ന് പരാതിപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം എന്ന് കൂടി വരികയാണ്. ഈ സാഹചര്യത്തിൽ കുട്ടികളെ ഇന്റർനെറ്റ് അഡിക്ഷനിലേയ്ക്ക് എത്തിക്കാതിരിക്കുന്നതിനുള്ള ചില പൊടിക്കൈകൾ ഇതാ…

1. കമ്പ്യൂട്ടർ പൊതുവായ ഒരു സ്ഥലത്ത് വയ്ക്കുക

കമ്പ്യൂട്ടർ എല്ലാവർക്കും കാണത്തക്ക വിധത്തിൽ വയ്ക്കുക എന്നതാണ് ആദ്യത്തെ വഴി. പഠിക്കുന്ന കുട്ടികൾക്ക് അവരുടെ മുറിയിൽ കമ്പ്യൂട്ടർ സജ്ജീകരിച്ചു കൊടുത്താല്‍ കൂടുതൽ സമയം അതിനു മുന്നിൽ ചിലവഴിക്കുവാൻ ഉള്ള സാഹചര്യം കുട്ടികൾക്ക് ലഭിക്കും. ഇത് ഒഴിവാക്കിയാൽ മാതാപിതാക്കൾക്ക് കുട്ടികളെ നിയന്ത്രിക്കുവാനും അവർ ഇന്റർനെറ്റിന്റെ അടിമത്വത്തിലേയ്ക്ക് വീഴുന്നത് തടയുവാനും കഴിയും.

2. കുടുംബത്തിൽ ആശയവിനിമയം വര്‍ദ്ധിപ്പിക്കുക

പലപ്പോഴും ആധുനിക മാധ്യമങ്ങളുടെ അടിമത്വത്തിലേയ്ക്ക് കുട്ടികൾ വീഴുന്നതിനു കാരണം കുടുംബം ഒന്നിച്ചിരിക്കുന്ന സമയം കുറയുകയും അവിടെ പരസ്പരം ഉള്ള സംസാരം കുറയുകയും ചെയ്യുമ്പോഴാണ്. തിരക്ക് പിടിച്ചുള്ള ജീവിതത്തിൽ കുഞ്ഞുങ്ങളെ അടക്കിയിരുത്താൻ മാധ്യമങ്ങൾക്കു മുന്നിൽ ഇരുത്തുന്ന മാതാപിതാക്കൾ ഈ ഒരു അടിമത്വത്തിലേയ്ക്ക് നയിക്കുകയാണ് കുട്ടികളെ. അതിനാൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവിടുവാൻ ശ്രമിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കൂടാതെ വീട്ടിൽ മുതിർന്ന ആളുകളുടെ പ്രത്യേകിച്ച് മുത്തശീ മുത്തശ്ശന്മാരുടെ സാന്നിധ്യം കുട്ടികളെ കൂടുതൽ ഊർജസ്വലമാക്കുകയും ഇന്റെർനെറ്റ് അടിമത്വത്തിലേയ്ക്ക് പോകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുകയും ചെയ്യുന്നു.

3. മാധ്യമങ്ങളുടെ ഉപയോഗത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക

ചെറുപ്പത്തിൽ തന്നെ കുട്ടികൾക്ക് മാധ്യമങ്ങളുടെ ശരിയായ ഉപയോഗത്തെ കുറിച്ച് അവബോധം നൽകുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. എന്റെ കുട്ടി നല്ലവനാ അവൻ മോശമായത് ഒന്നും ചെയ്യില്ല എന്ന ചിന്ത പൂർണ്ണമായും ഒഴിവാക്കി അങ്ങനെ ഒരു സാധ്യത മുന്നിൽ കണ്ടുകൊണ്ട് അവർക്കു ആവശ്യമായ അവബോധം നൽകണം. അത് ചെയ്യുവാൻ മാതാപിതാക്കൾ മടിക്കുന്നിടത്താണ് കുഞ്ഞുങ്ങളുടെ അധഃപതനം തുടങ്ങുന്നത്. ഒപ്പം തന്നെ അപരനെ മാനിക്കേണ്ടതിന്റെ ആവശ്യകതയും പറഞ്ഞു മനസിലാക്കാം.

4. ഇന്റർനെറ്റിന്റെ ഗുണദോഷ വശങ്ങളെ തുറന്നു കാട്ടാം

ഇന്റർനെറ്റിന്റെ ഗുണവും ദോഷവും കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കാം. എന്തുകൊണ്ടന്നാൽ, കുഞ്ഞുങ്ങൾക്ക് ഒരു പക്ഷെ ഇതിന്റെ ഗുണദോഷ വശങ്ങളെ കുറച്ചു മനസിലാക്കുവാൻ കഴിയില്ല. അതിനാൽ വ്യക്തമായ ഒരു വിശദീകരണം അതും സാധ്യമായ രീതിയിൽ മാതാപിതാക്കളുടെ ഭാഗത്തു നിന്നും കുട്ടികൾക്ക് നൽകണം. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് മാതാപിതാക്കളുടെ മാതൃകയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.