റഷ്യന്‍ ആക്രമണത്താല്‍ ഉറക്കം നഷ്ടപ്പെട്ട മൈക്കോളൈവ് നിവാസികള്‍

ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ നിരന്തരമായ റഷ്യന്‍ ബോംബാക്രമണത്തിന് വിധേയമായ യുക്രേനിയന്‍ നഗരം എന്ന നിലയില്‍ മൈക്കോളൈവിലെ ആളുകള്‍ക്ക് ഉറക്കം എന്നത് ഇപ്പോള്‍ കിട്ടാക്കനിയാണ്. ഉറങ്ങാന്‍ കിടന്നാലും ഒന്നുകില്‍ മനസ്സ് അസ്വസ്ഥതപ്പെട്ടുകൊണ്ടിരിക്കും. അല്ലെങ്കില്‍ മിസൈലിന്റെയോ റോക്കറ്റിന്റെയോ ശബ്ദം കേട്ട്, അല്ലെങ്കില്‍ ജനാലകള്‍ വിറയ്ക്കുന്ന ശബ്ദം കേട്ട് അതുമല്ലെങ്കില്‍ എയര്‍ റെയ്ഡിന്റെ സൈറണ്‍ മുഴക്കം കേട്ട് അവര്‍ ഞെട്ടി എഴുന്നേല്‍ക്കും.

നഗരത്തിലെ ആളുകളുടെ മുഖത്തു നിന്നു തന്നെ ഉറക്കമില്ലായ്മ അവരെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നു എന്ന് വായിച്ചെടുക്കാം. യുദ്ധത്തിന് മുമ്പ് അസാമാന്യമാംവിധം ഊര്‍ജസ്വലരായിരുന്ന പല മുഖങ്ങളും ഇന്ന് വാടിയും തളര്‍ന്നും കാണപ്പെടുന്നു. വീടുകളില്‍ നിലവറയുള്ളവര്‍ രാത്രി അവിടെയാണ് ചെലവഴിക്കുന്നത്. അതില്ലാത്തവര്‍ ഇരുട്ടില്‍ സ്‌ഫോടനങ്ങളുടെ ശബ്ദം തുടരെ കേട്ട്, ആക്രമണം പ്രതീക്ഷിച്ച് തങ്ങളെത്തന്നെ ധൈര്യപ്പെടുത്തി കിടക്കും. ഉറങ്ങാന്‍ ശ്രമിച്ചാലും അത് പലപ്പോഴും സാധ്യമാകാറില്ല.

“സാധാരണയായി അര്‍ദ്ധരാത്രിക്ക് ശേഷമാണ് സ്‌ഫോടനങ്ങള്‍ ആരംഭിക്കുന്നത്. അതുകൊണ്ട് ഞാനിപ്പോള്‍ വളരെ നേരത്തെ ഉറങ്ങാന്‍ ശ്രമിക്കും. ഏകദേശം 7 അല്ലെങ്കില്‍ 8 മണിയോടെ. അങ്ങനെയെങ്കില്‍ ആക്രമണങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് നല്ല ഉറക്കത്തിലേയ്ക്ക് എത്താം” -നഗരത്തില്‍ കട നടത്തുന്ന അറുപതുകാരന്‍ പറയുന്നു.

മൈക്കോളൈവില്‍ ഫെബ്രുവരി മുതല്‍ റഷ്യന്‍ മിസൈലുകളാല്‍ 130 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 589 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തിന് മുമ്പ് അഞ്ച് ലക്ഷത്തോളം ആളുകളുണ്ടായിരുന്ന ഈ നഗരത്തില്‍ ഇപ്പോള്‍ ഏകദേശം 250,000 ആളുകള്‍ മാത്രമാണുള്ളത്. അവരാകട്ടെ, രാത്രി ബോംബാക്രമണങ്ങള്‍ വരുത്തുന്ന ശാരീരികവും മാനസികവുമായ ആഘാതത്തില്‍ പെട്ട് വലയുകയും ചെയ്യുന്നു.

‘റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ ഞങ്ങളുടെ ഉറക്കത്തെയും സ്വപ്നങ്ങളെയും നശിപ്പിക്കുന്നു. ഇത് ആളുകളുടെ നാഡീവ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും ഭയവും പരിഭ്രാന്തിയും ഉളവാക്കുകയും ചെയ്യുന്നു. ഇത് വളരെ ബുദ്ധിമുട്ടാണ്. ഇനി ഉറങ്ങിയാലോ യുദ്ധത്തെ കുറിച്ച് സ്വപ്നം കാണുന്നു’. ഡോക്ടര്‍ ഒലെക്സാണ്ടര്‍ ഡെമിയാനോവ് പറഞ്ഞു.

‘യാതൊരു ശല്യവുമില്ലാതെ ശാന്തമായ മനസോടെ ഉറങ്ങാന്‍ കഴിയുന്ന ദിവസങ്ങള്‍ക്കായി ഞങ്ങള്‍ കൊതിയോടെ കാത്തിരിക്കുകയാണ്’. ഡോ. ഒലെക്‌സാണ്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയ ഒരു സ്ത്രീ പറഞ്ഞു.

കീർത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.