ഒരു മലയാളിയും ‘തിയെത്രോ ഇന്ത്യാനോ റോമാ’യും

മരിയ ജോസ്

‘തിയെത്രോ ഇന്ത്യാനോ റോമാ’ – ഒരു ഇറ്റാലിയൻ പേരല്ലേ ഇത്? അതെ, ഇറ്റാലിയൻ തന്നെ. ആംബുലൻസിന്റെ ശബ്ദങ്ങളും ആശുപത്രി വാർത്തകളും മരണങ്ങളും മാത്രം കേൾവിയിൽ നിറഞ്ഞ കൊറോണക്കാലത്ത് അൽപം ആശ്വാസം പകരുവാൻ കലകളെ നെഞ്ചോടു ചേർത്ത ഒരു മലയാളിയുടെ ശ്രമഫലമാണ് ‘തിയെട്രോ ഇൻഡ്യാനോ റോമാ.’ നൂറു ശതമാനം വിജയമായിരുന്ന ഈ സംരംഭത്തിന്റെ ആശയത്തിനു പിന്നിൽ പ്രവർത്തിച്ച ആ മലയാളിയാണ്, കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി ജോബി അഗസ്റ്റിൻ ചൂരയ്ക്കൽ.

മലയാള സിനിമാ മേഖലയില്‍ പ്രവർത്തിച്ച് പരിചയമുള്ള ഈ കലാസ്‌നേഹി ഇന്ന് ഇറ്റലിയിലെ മലയാളികൾക്കിടയിൽ-ഇന്ത്യക്കാർക്കിടയിൽ ശ്രദ്ധാകേന്ദ്രമാവുകയാണ്. തന്റെ കലാ- പ്രവാസജീവിതാനുഭവങ്ങളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് ജോബി അഗസ്റ്റിൻ ചൂരയ്ക്കൽ.

നാടകങ്ങളോടുള്ള പ്രണയത്തിൽ വളർന്ന ബാല്യം

കൊരട്ടിയിലെ തിരുമുടിക്കുന്ന് എന്ന സ്ഥലത്ത് ചൂരയ്ക്കൽ അഗസ്റ്റിൻ – ലീലാമ്മ ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ മകനായിട്ടായിരുന്നു ജോബിയുടെ ജനനം. അവിടുന്ന് പിന്നീട് മഞ്ഞപ്രയിലേയ്ക്കും തവളപ്പാറയിലേയ്ക്കും താമസം മാറി. തവളപ്പാറയിലെ ജീവിതമാണ് പിന്നീട്, കലാപരമായ കഴിവുകളിലേയ്ക്ക് തന്നെ കൂടുതൽ വളർത്തിയതെന്ന്‌ ജോബി പറയുന്നു. അന്ന് അവിടെ ഒരു ഇടവക പള്ളി ഉണ്ടായിരുന്നില്ല. ഒരു കപ്പേള മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ കാലചക്രത്തിന്റെ ഗതിവിഗതികളിൽ ആ കപ്പേളയും വളർന്നു. ഒരു ഇടവക ദേവാലയവും വൈദികനും ഒക്കെയുള്ള നിലയിലേയ്ക്ക് അത് വളർന്നു. “കപ്പേളയുടെ വളർച്ചയ്‌ക്കൊപ്പം ആ നാടും മനുഷ്യരും ഞങ്ങളുമൊക്കെ വളർന്നു” ജോബി തന്റെ പഴയ കാലത്തെ ഓർത്ത് പറഞ്ഞുതുടങ്ങി.

തവളപ്പാറയിൽ വച്ചാണ് ജീവിതം ശരിയായ ഒരു ദിശയിലേയ്ക്ക് ഓടിത്തുടങ്ങിയത്. പത്താം ക്ലാസിലെ പരാജയം ഒരു കറുത്ത അദ്ധ്യായമായി നിന്നിരുന്ന സമയത്ത്, ഇനിയും നിങ്ങള്‍ക്ക് ജയിക്കുവാനുള്ള അവസരമുണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ക്ളീറ്റസ് സാർ കടന്നുവന്നു. അദ്ദേഹത്തിന്റെ ശിഷ്യത്വത്തിൽ വീണ്ടും പരീക്ഷയെഴുതി വിജയം വരിച്ചപ്പോൾ, ‘ഇനിയും നിങ്ങൾക്കു ജയിക്കുവാൻ അവസരമുണ്ട്’ എന്ന ആ ഗുരുവിന്റെ  പ്രചോദനാത്മകമായ വാക്കുകൾ മനസ്സിൽ പതിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് മുന്നോട്ട് കുതിക്കുവാനുള്ള ശക്തിയും പ്രചോദനവും ആ ഗുരുവരുളുകൾക്കുണ്ടായിരുന്നു എന്ന് ജോബി ഓർക്കുന്നു. പരാജയത്തിന്റെ കയ്പ്പുരസത്തിൽ തടഞ്ഞുനിന്നിരുന്ന പഠനം പിന്നീട് നിർത്തിയത് എംഫിൽ എടുത്തതിനുശേഷമാണ്.

വിജയ-പരാജയങ്ങൾ ജീവിതയാഥാർത്ഥ്യമായി മുന്നോട്ട് പോകുമ്പോഴും ജോബിയെ ആകർഷിച്ച ഒന്നായിരുന്നു നാടകങ്ങൾ. അദ്ദേഹത്തിന്റെ ബാല്യത്തിൽ ഏകാങ്കനാടകങ്ങൾ ഏറെ പരിചിതമായിരുന്നു ആളുകൾക്ക്. നാടകമത്സരങ്ങളും കുടുംബയോഗവുമായി ബന്ധപ്പെട്ട് മത്സരങ്ങളും മറ്റും നടക്കുന്ന കാലഘട്ടം. ഇന്നത്തെപ്പോലെ ആധുനികമാധ്യമങ്ങൾ ഗ്രാമത്തിന്റെ ഒത്തുചേരലിന്റെ വിശുദ്ധിക്ക് ഭംഗം ഏൽപ്പിക്കാത്ത ഒരു കാലമായതിനാൽ തന്നെ, തവളപ്പാറയിലെ കുട്ടിക്കൂട്ടത്തിനൊപ്പം സൈക്കിൾ ചവിട്ടി, എവിടെ നാടകമുണ്ടെങ്കിലും പോകുന്നത് ഒരു പതിവായിരുന്നു. അങ്ങനെ നാടകങ്ങൾ കണ്ടുകണ്ട് നാടകത്തോടും അഭിനയത്തോടുമുള്ള ഇഷ്ടം തലയ്ക്കു പിടിച്ചു. പിന്നീട് നാടകമത്സരങ്ങളിൽ ഭാഗമാകുവാൻ തുടങ്ങി. ഈ സമയം പ്രീഡിഗ്രി എന്ന കടമ്പയും ജോബി കടന്നിരുന്നു.

സ്‌കൂൾ ഓഫ് ഡ്രാമയിലേയ്ക്ക്

നാടകങ്ങളോടുള്ള ഇഷ്ടം. പ്രീഡിഗ്രി കഴിഞ്ഞു നിൽക്കുന്ന സമയവും. തുടർപഠനത്തിനായി സ്വാഭാവികമായും കലകളുടെ വഴിതേടുക എന്നത് ഉറപ്പ്. അങ്ങനെയുള്ള ആ തേടൽ എത്തിനിന്നത് തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയുടെ വാതിൽപടിയിൽ. നാടകം ഡിഗ്രി കോഴ്സ് പഠിപ്പിക്കുന്ന സ്ഥലം. അവിടെ അഡ്മിഷൻ ലഭിക്കുക എളുപ്പമല്ലാതാനും. എങ്കിലും ദൈവാനുഗ്രഹത്താൽ ആ കടമ്പ കടക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു.

സ്‌കൂൾ ഓഫ് ഡ്രാമയിലെ പഠനം അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നാടകങ്ങളോടുള്ള കഴ്ചപ്പാടുകകളെത്തന്നെ മാറ്റിമറിക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാടകങ്ങൾ, അഭിനയം തുടങ്ങി നാടകവും മീഡിയയുമായി ബന്ധപ്പെട്ടുള്ള എല്ലാ മേഖലകളെയും കുറിച്ചുള്ള ആഴമായ പഠനമായിരുന്നു അവിടെ സാധ്യമായത്. ലോക കലകളെക്കുറിച്ചുള്ള ഒരു ബോധമായിരുന്നു ഈ കാലയളവിൽ ജോബി സ്വായത്തമാക്കിയത്.

ട്രെയിനിംഗുകളുമായി സഭയോട് ചേർന്നുനിന്ന സമയം

ഒരുപക്ഷേ, എറണാകുളം രൂപതയിൽ നിന്ന് സ്‌കൂൾ ഓഫ് ഡ്രാമയിലേയ്ക്ക് എത്തിയ ചുരുക്കം ചിലരിൽ ഒരാളാണ് അദ്ദേഹം. അതിനാൽ തന്നെ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഇറങ്ങിയശേഷം സഭയോട് കൂടുതൽ ചേർന്നുനിന്നു കൊണ്ടുള്ള പ്രവർത്തനങ്ങൾ ഏറെയായിരുന്നു എന്ന് ജോബി ഓർക്കുന്നു. സെമിനാരികളിൽ ക്ലാസെടുക്കാൻ പോവുക, മതബോധന ക്ലാസുകൾ എളുപ്പമാക്കുന്നതിനുള്ള പരിശീലനങ്ങൾ നൽകുക, ടീച്ചേഴ്സ്  ട്രെയിനിംഗുകൾ തുടങ്ങി നിരവധി പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരുന്നു.

ഈ സമയം തന്നെ ധാരാളം സെമിനാരികളിൽ മാധ്യമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഡീക്കൻ പട്ടം കിട്ടിയ വൈദികർത്ഥികൾക്ക് ഇടവക സമൂഹത്തിൽ അവരുടെ അജപാലനദൗത്യം ഫലപ്രദമാകുന്നതിനുള്ള പരിശീലനങ്ങൾ നൽകിയിരുന്നു. പ്രധാനമായും കുട്ടികളെ കൂടുതൽ ആക്റ്റീവ് ആയി നിർത്തുന്നതിനുള്ള പരിശീലനം, പ്രസംഗപരിശീലനം, ചില ശൈലികളിലെ മാറ്റങ്ങൾ തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളവയായിരുന്നു ഇവയൊക്കെ. ഇത്തരം പരിശീലനങ്ങളുടെ ഭാഗമായി വൈദികർക്ക്, അവരെ ഭരമേല്പിച്ചിരിക്കുന്ന സമൂഹവുമായി കൂടുതൽ അടുക്കുവാനും ഇടപെടുവാനും സാധിച്ചിരുന്നു. തന്നെയുമല്ല, മാധ്യമപഠന മേഖലയിലേയ്ക്ക് കൂടുതൽ വൈദികർ കടന്നുവരുന്നതിനും ഇത്തരം പരിശീലനം വഴിയൊരുക്കി.

ഇതിനിടയ്ക്കു തന്നെ പിൽഗ്രിം കമ്മ്യൂണിക്കേഷനോടൊപ്പവും തദ്ദേവൂസ് അരവിന്ദ് അച്ചനോടൊപ്പം ആയിരുന്നു ജോബി ജോലി ചെയ്തിരുന്നത്. അച്ചനോടൊപ്പം ഏറെ നാളുകൾ പ്രവർത്തിച്ചു. പിന്നീട് റ്റി.എം. എബ്രഹാം സാറിനൊപ്പം നാടകങ്ങൾക്ക് ദീപസംവിധായകൻ (സ്റ്റേജ് ലൈറ്റ് ഡിസൈനിങ്) എന്ന നിലയിൽ പ്രവർത്തിച്ചു. പിന്നീട് നിരവധി സ്റ്റേജ് പരിപാടികൾക്ക് ദീപസംവിധായകൻ എന്ന നിലയിൽ പ്രവർത്തിക്കുവാൻ ഈ കാലയളവിൽ ജോബിക്കു കഴിഞ്ഞു. കൂടാതെ, ഉദയ ലൈറ്റ് ആൻഡ് സൗണ്ടുമായി ചേർന്ന് നിരവധി സ്റ്റേജ് പരിപാടികളിൽ ലൈറ്റ് ഡിസൈനർ ആയി പ്രവർത്തിച്ചതും ഈ കാലയളവിൽ തന്നെയായിരുന്നു.

സിനിമയിലേയ്ക്കുള്ള വഴി

നാടകമേഖലകളിലെ അനുഭവസമ്പത്ത് സിനിമയിൽ കൂടുതൽ ഗുണം ചെയ്യാനിടയുണ്ടെന്നും സിനിമാ മേഖലയിൽ കൂടുതൽ വളരണം എന്നുമുള്ള ആഗ്രഹവുമായി ജോബി എത്തിച്ചേർന്നത് ഒരു പരസ്യ കമ്പനിയിലാണ്. എന്നാൽ കാര്യമായ വളർച്ച ഉണ്ടായില്ല. എങ്കിൽ തന്നെയും അഞ്ചോളം സിനിമകളുടെ ഭാഗമാകുവാൻ ഈ സമയത്ത് ജോബിക്ക് കഴിഞ്ഞു. ജബ്ബാർ കല്ലറയ്ക്കൽ എന്ന ആളുടെ പരസ്യ കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് സൂര്യവനം എന്ന ചിത്രത്തിൽ സഹായിക്കുവാനായി എത്തുന്നത്. എൻ. ജീവൻ എന്ന പ്രൊഡക്ഷൻ കൺട്രോളർ വഴി വന്ന അവസരത്തിൽ, ആ ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ജോബിക്ക് അവിചാരിതമായി ലഭിച്ചു. അങ്ങനെയാണ് മലയാള സിനിമയിലേയ്ക്ക് ജോബി എത്തുന്നത്.

പിന്നീട് കൂടുതലും ക്യാമറാ വിഭാഗവുമായി ബന്ധപ്പെട്ടാണ് ജോബി ജോലി ചെയ്തിരുന്നത്. ഇന്ത്യയിലെ പ്രമുഖ ക്യാമറാമാനായ രവിവർമ്മനൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചു. സത്യം ശിവം സുന്ദരം, ശാന്തം, വക്കാലത്ത് നാരായണൻകുട്ടി, വെള്ളിത്തിര (സംവിധാന സഹായി) തുടങ്ങിയ ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിക്കുവാൻ ഈ കാലയളവിൽ അദ്ദേഹത്തിനു കഴിഞ്ഞു.

ഒപ്പം തന്നെ ഈ കാലഘട്ടത്തിൽ സംവിധായകൻ ലിയോ തദ്ദേവൂസിനു ഒപ്പവും സിനിമകളിൽ ജോബി പ്രവർത്തിച്ചിരുന്നു. കൂടാതെ, ശാലോം ചാനൽ ആരംഭിച്ച സമയത്ത് ആ ചാനലിൽ ജോലി ചെയ്യുവാനും ജോബിക്ക് കഴിഞ്ഞു.

ക്രൈസ്തവരെ പിന്തള്ളുന്ന സിനിമാലോകം

സിനിമയിൽ വളർന്നുവരേണ്ടിയിരുന്ന ഒരു വ്യക്തിത്വമായിരുന്നു ജോബി അഗസ്റ്റിൻ. എന്നാൽ പല കാരണങ്ങളാലും അദ്ദേഹം മാറ്റിനിര്‍ത്തപ്പെട്ടു. അതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് താൻ മുറുകെപ്പിടിച്ച തന്റെ വിശ്വാസത്തെയായിരുന്നു. ക്രൈസ്തവരുടെ കലാമൂല്യത്തെ അല്ലെങ്കിൽ ക്രിസ്തീയ ആശയങ്ങളെ ഉൾക്കൊള്ളാൻ പ്രാപ്തമായ രീതിയിൽ അന്ന് സിനിമ വിശാലമായിരുന്നില്ല എന്ന് ജോബി വെളിപ്പെടുത്തുന്നു. അതിന് ഏതാനും ഉദാഹരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്.

ഫ്രാൻസിസ് മാട്ടേൽ എന്ന പാലാക്കാരന് സിനിമാലോകത്ത് ക്ലച്ച് പിടിക്കാൻ ‘ഭദ്രൻ’ എന്ന് പേര് മാറ്റേണ്ടിവന്നു. ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്.

ക്രൈസ്തവന് എന്ത് കല? കല മറ്റു മതക്കാര്‍ക്ക് അവകാശപ്പെട്ടതല്ലേ തുടങ്ങിയ ചിന്തകളായിരുന്നു പലയിടത്തും തെളിഞ്ഞിരുന്നത്. സിനിമയിൽ പിടിച്ചുനിൽക്കുന്ന ക്രൈസ്തവരുടെ എണ്ണം നോക്കിയാൽ നമുക്ക് മനസിലാകും ക്രൈസ്തവരോടുള്ള വിവേചനം. കുറച്ചു മാറ്റങ്ങളൊക്കെ ഈയടുത്ത കാലത്ത് ഇക്കാര്യത്തില്‍ വന്നിട്ടുണ്ടെങ്കിലും, പൂർണ്ണമായും മാറിയിട്ടില്ല എന്നതു തന്നെയാണ് ജോബിക്ക് പറയാനുള്ളത്.

കലാസ്നേഹവുമായി ഇറ്റലിയുടെ മടിത്തട്ടിലേയ്ക്ക്

അഞ്ചുകൊല്ലം നാടകവും മറ്റുമായി നടന്നിരുന്ന സമയം ശരീരത്തിന്റെ ഒരു വശം തളർന്നുപോകുന്ന അവസ്ഥയിലേയ്ക്ക് ജോബി എത്തിയിരുന്നു. ഈ സമയത്താണ് കാലടി സംസ്കൃത സർവ്വകലാശാലയിൽ പി.ജി. പഠിക്കുന്നതിന് ചേരുന്നത്. പിന്നീട് എം.ജി. സർവ്വകലാശാലയിൽ നിന്നും എംഫിൽ എടുത്തു. പഠനവും ചെറിയ ജോലികളുമൊക്കെയായി ജീവിതം മുന്നോട്ട് തള്ളിനീക്കുന്നതിനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. വിവാഹം കഴിഞ്ഞ് കുടുംബമായതോടെ ജീവിതഭാരം ഏറി. ഈ സമയത്ത് യെസ് ഇന്ത്യാവിഷനിൽ പ്രവർത്തിച്ചു. തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ അവിടെ നിന്നും പോരേണ്ടിവന്നു. സാമ്പത്തിക ഭദ്രതയ്ക്കായി മറ്റു പല കലാകാരന്മാരെയും പോലെ കടൽ കടക്കേണ്ടിവന്നു ജോബിക്കും. പ്രവാസജീവിതം ആരംഭിക്കുന്നത് കെയർ അസിസ്റ്റന്റ് ആയാണ്.

പിന്നീട് കുറച്ചു വർഷങ്ങൾക്കുശേഷം ഇറ്റലിയിലെ ചാനലുകളിൽ ഫ്രീലാൻസ് ജോലികൾ ചെയ്യുവാൻ ആരംഭിച്ചു. കൂടാതെ, പല ചാനൽ ഷോകളിലും മറ്റും സഹായിയായി പോയിത്തുടങ്ങി. ശാലോം വേൾഡ് തുടങ്ങിയ സമയത്ത്, അതിന്റെ റോമിലെ കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ ജോബിയും ഉണ്ടായിരുന്നു. ഇന്ന് ഇപ്പോൾ പ്രവാസജീവിതം ആരംഭിച്ചിട്ട് 11 വർഷങ്ങൾ പൂർത്തിയാകുന്നു. ഭാര്യ പ്രസീതയും മക്കൾ ഇയയും എസയും എല്ലയും ഒപ്പമുണ്ട്.

ആത്മീയതയിൽ വളർത്തിയ കാലടി എംസിബിഎസ് ആശ്രമം

ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും സ്വാഭാവികം തന്നെ. എങ്കിൽ തന്നെയും ഈ ഉയർച്ച താഴ്ചകളിൽ പിടിച്ചു നിൽക്കുവാൻ ആത്മീയവും മാനസികവുമായ ശക്തി ആവശ്യമാണ്. ജീവിതത്തിൽ കൂടുതൽ ആത്മീയതയിൽ ഉറപ്പിക്കുവാനും പ്രാർത്ഥനയുടെ പിൻബലം നൽകുവാനും കാലടിയിലെ എംസിബിഎസ് ആശ്രമവും അവിടുത്തെ വൈദികരും നൽകിയ പിന്തുണ വളരെ വലുതാണെന്ന് ജോബി വെളിപ്പെടുത്തുന്നു. അനുദിനം അർപ്പിക്കുന്ന വിശുദ്ധ കുർബാനകളിൽ തനിക്കായി പ്രാർത്ഥിക്കുന്ന വൈദികർ നൽകുന്ന ബലം, അത് പറയാതെ പോയാൽ വലിയ ഒരു കുറവായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘തിയെത്രോ ഇന്ത്യാനോ റോമാ’

ഇൻഡോ – ഇറ്റാലിയൻ കൾച്ചറൽ സൊസൈറ്റി അതാണ് ‘തിയെട്രോ ഇൻഡ്യാനോ റോമാ’. ഇറ്റലിയിലെ വരും തലമുറയ്ക്കുവേണ്ടി ഇന്ത്യൻ സംസ്കാരവും കലാസാഹിത്യ പാരമ്പര്യവും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ജോബിയും കൂട്ടുകാരും ചേർന്ന് സാധ്യമാക്കിയതാണ് ‘ തിയെട്രോ ഇൻഡ്യാനോ റോമാ’. ഇതിന്റെ നേതൃത്വത്തിലാണ് കൊറോണ കാലത്ത് ഓൺലൈൻ മത്സരങ്ങൾ നടത്തിയത്. കൊറോണ വൈറസ് ഇറ്റലിയിലെ മനുഷ്യരെ വ്യാപകമായി കൊന്നൊടുക്കിയപ്പോൾ മനുഷ്യരെല്ലാം ഭയചകിതരായി. ഇനി എന്തുചെയ്യണം എന്നറിയില്ല. ജോലി നഷ്ട്ടപ്പെട്ടു, കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ കഴിയുന്നില്ല, ആശ്വാസം തേടി അൽപം യാത്രയോ ബന്ധുക്കളുടെയോ വീട്ടിലേയ്ക്ക് പോകാമെന്നു കരുതിയാലോ അതും നടക്കില്ല. മൊത്തത്തിൽ ഒറ്റപ്പെടലിലായ അവസ്ഥ. ഒപ്പം പുറത്ത് ചീറിപ്പായുന്ന ആംബുലൻസുകളുടെ ശബ്ദവും മരണവാർത്തകളും. എന്തുചെയ്യണം എന്നറിയാതെ പകച്ചിരുന്ന ജനത. അവരുടെ മുന്നിലേയ്ക്ക് ദുരന്തവാർത്തകളിൽ നിന്നും അൽപം ശ്രദ്ധ തിരിക്കുക, ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് ‘കോവിഡ്- 2020’ ഓൺലൈൻ മത്സരങ്ങൾ നടത്തിയത്. ഇറ്റലിയിലുള്ള ഇന്ത്യൻ കുടുംബങ്ങൾ അത് ഏറ്റെടുത്തു. കുട്ടികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അതിൽ പങ്കെടുത്തവർ അത് വിജയകരമാക്കിത്തീർത്തു.

കവിതാ പാരായണം, ഉപകരണ സംഗീതം, ഏകപാത്രാഭിനയം തുടങ്ങിയവയായിരുന്നു മത്സരങ്ങൾ. ഇതു കൂടാതെ, കൊറോണ മഹാമാരിക്കിടയിലും ‘കടലിന്റെ കരച്ചിൽ’ എന്ന നാടകം അവതരിപ്പിക്കുവാൻ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. കുട്ടികളെ സംരക്ഷിക്കുക എന്ന ആശയത്തെ കേന്ദ്രീകരിച്ച് സമകാലീന സംഭവങ്ങളുടെ വെളിച്ചത്തിൽ തയ്യാറാക്കിയ ഒന്നായിരുന്നു ഇത്. ഓഗസ്റ്റ് മുപ്പതിന് ഈ നാടകത്തിന്റെ അവതരണം നടന്നു.

കലകളെ സ്നേഹിക്കുക, വിവാഹശേഷവും ആ സ്നേഹം നിലനിർത്തുക, കൂടാതെ പ്രവാസിയായതിനുശേഷം അന്യനാട്ടിൽ കലകൾക്കായി നിലനിൽക്കുക ഇതൊക്കെ എല്ലാവരെയും കൊണ്ട് സാധിക്കുന്ന കാര്യമല്ല. ജീവിതപ്രാരാബ്‌ധങ്ങൾക്കിടയിൽ കലകളോടുള്ള സ്നേഹം മറക്കുവാൻ നിർബന്ധിതരാകുന്നവരുടെ ഇടയിൽ പ്രവാസജീവിതത്തിനിടയിൽ നുറുങ്ങുവെട്ടം പോലെ വീണുകിട്ടുന്ന അവസരങ്ങൾ കലകളെ വളർത്തുവാനായും അതിനോടുള്ള ആഭിമുഖ്യം സമൂഹത്തിൽ ജനിപ്പിക്കുവാനും പരിശ്രമിക്കുന്ന ഈ ജോബി മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തനാണ്. വ്യത്യസ്തതകളും നൂതന ആശയങ്ങളും തേടിയുള്ള ഈ കലാസ്നേഹിയുടെ ജീവിതത്തിൽ എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു.

ഒരു മണിക്കൂറിലേറെ നീണ്ട ഞങ്ങളുടെ സംഭാഷണം അവസാനിപ്പിച്ചത് ചങ്ങനാശേരിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം സൂചിപ്പിച്ചുകൊണ്ടാണ്. ചങ്ങനാശേരി എസ്.ബി കോളേജിലെ ഷേക്സ്പിയർ നാടകങ്ങളിലും ഷാജി തുമ്പേച്ചിറ അച്ചന്റെ നല്ലിടയൻ മെഗാ ഷോയിലും ഒക്കെ സഹകരിച്ച വ്യക്തിയാണ് ജോബി.

ലൈഫ് ഡേയ്ക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് സംഭാഷണം അവസാനിപ്പിച്ചു.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

2 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.