“ആ മരണവാർത്ത ഞങ്ങളെ തളർത്തി കളഞ്ഞു”: ഇസ്രായേലിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സഹപ്രവർത്തകയെ കുറിച്ച് കണ്ണുനീരിൽ കുതിർന്ന കുറിപ്പ്

ജിലു പ്രമോദ്
ജിലു പ്രമോദ്

“കുറച്ചു നാളുകൾ മുന്നേ വരെ വിളിച്ചാൽ വിളി കേൾക്കുന്ന ദൂരത്ത് ഉണ്ടായിരുന്ന ഒരു കൂട്ടുകാരി ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി എന്ന് കേട്ടപ്പോൾ ശരിക്കും തളർന്നു പോയി” ഇസ്രായേലിലെ അഷ്‌കിലോണിൽ ജോലിചെയ്യുന്ന ജിലു പ്രമോദ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ പ്രിയ കൂട്ടുകാരി സൗമ്യ എന്ന 32 കാരിയെ കുറിച്ച് കണ്ണീരോടെ എഴുതുകയാണ്. പ്രിയ സുഹൃത്തിന്റെ വേർപാടിൽ ഉള്ള ദുഃഖത്തിന്റെയും ഒപ്പം ഇസ്രയേൽ ജനത നേരിടുന്ന ഭീകരാവസ്ഥയുടെയും നേർക്കാഴ്ചയാണ് ഈ ഫേസ് ബുക്ക് പോസ്റ്റ്.

ഇപ്പോൾ രാത്രി ഒരു മണി. ഇസ്രായേലിലെ അഷ്‌കിലോണിൽ ജോലിചെയ്യുന്ന വീടിന്റെ സ്റ്റെയറിനു അടിയിൽ ഇരുന്നു ഇതെഴുതുമ്പോൾ കൈകൾ വിറക്കുന്നുണ്ട്. ഉറങ്ങാൻ പേടിയാണ്. രണ്ടുദിവസമായി തുടർച്ചയായി മുഴങ്ങുന്ന സൈറണും കാതടപ്പിക്കുന്ന സ്ഫോടനശബ്ദങ്ങളും എല്ലാകൂടെ ആകെമൊത്തം തലക്കകത്ത് ഒരു പെരുപ്പുമാത്രമേയുള്ളു. മനസ്സും ശരീരവും ഒക്കെ തളർന്നുതുടങ്ങി. ഇന്നുച്ച വരെ ഒരു ധൈര്യമുണ്ടാരുന്നു. ആ മരണവാർത്ത കേൾക്കുംവരെ. ഇപ്പോ ഒരു നിർജീവ അവസ്ഥയാണ്. കുറച്ചു നാളുകൾ മുന്നേ വരെ വിളിച്ചാൽ വിളി കേൾക്കുന്ന ദൂരത്ത് ഉണ്ടായിരുന്ന ഒരു കൂട്ടുകാരി ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി എന്ന് കേട്ടപ്പോൾ ശരിക്കും തളർന്നു പോയി. ഇസ്രായേലിൽ ആദ്യമായി വന്നിറങ്ങുന്ന സമയം എന്ത് ചെയ്യണമെന്നറിയാതെ പതറി നിന്ന സമയത്ത് സഹായിച്ചതും വയറുനിറയെ ഭക്ഷണം തന്നതുമൊക്കെ അവളായിരുന്നു. പിന്നെ ഇങ്ങോട്ട് രണ്ടുമൂന്ന് വർഷം എന്നും കണ്ടുകൊണ്ടിരുന്ന ഒരു മുഖം. പുതിയ ജോലി കിട്ടി ഇവിടുന്ന് അവൾ പോയത് ഇങ്ങനൊരു ദുരന്തത്തിലേക്ക് ആണെന്ന് ആരും അറിഞ്ഞില്ലല്ലോ.

കുറച്ചുനേരമായിട്ട് ഇവിടം ശാന്തമാണ്. ഇനി എന്തൊക്കെയാണ് മുമ്പിൽ ഉള്ളത് എന്ന് അറിയില്ല. എല്ലാം ദൈവത്തിനു വിട്ടു കൊടുത്തിട്ടുണ്ട്. നാളെ ഒരുപക്ഷേ ഫോണിന് റേഞ്ച് ഉണ്ടാവില്ലെന്നും വൈഫൈ കട്ട് ആകും എന്നൊക്കെ കേട്ടു. അങ്ങനെയൊക്കെ ആണെങ്കിൽ ആരെയും കോൺടാക്ട് ചെയ്യാനും പറ്റില്ല. ഇന്ന് വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ട്. ഹമാസിന്റെ ആക്രമണത്തിനു തെളിവില്ലാതെയാണ് ഇസ്രായേൽ ഗാസയെ തിരിച്ചടിക്കുന്നത് എന്ന് ചില മാധ്യമങ്ങളിൽ കണ്ടു. അതിന് ജീവിച്ചിരിക്കുന്ന തെളിവുകൾ ഞങ്ങളൊക്കെ തന്നെയാണ്. ഒന്നോ രണ്ടോ അല്ല ആയിരക്കണക്കിനു ഷെല്ലുകളാണ് ഗാസ ഇവിടെ വർഷിച്ചത്. ഇനിയുള്ള രണ്ട് ദിവസങ്ങളിലും ഇതു തന്നെ ആവർത്തിക്കുമെന്ന് കേൾക്കുന്നു. മതത്തിന്റെയും വർഗീയതയുടെയും പേരിൽ രാജ്യങ്ങൾ തമ്മിൽ തല്ലുമ്പോൾ അറ്റു പോകുന്നത് നിസ്സഹായരായ കുറെ മനുഷ്യജന്മങ്ങളാണ്.

വീടും നാടും ഉപേക്ഷിച്ച്  ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾ അടക്കമുള്ള ഇവിടുത്തെ ആളുകൾ വിശ്വസിക്കുന്നത്  ഈ രാജ്യത്തിന്റെ ശക്തിയിലും ബുദ്ധിയിലുമാണ്. ഇവർ നല്കുന്ന സംരക്ഷണത്തിലാണ്. അതിലുപരി ദൈവത്തിലാണ്. ഇനിയും ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സംഭവിക്കില്ല എന്ന പ്രതീക്ഷയോടെ…

ജിലു പ്രമോദ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.