പറയാതെ യാത്രയായ പ്രിയ ഗുരു 

ഡോ. ജി. കടൂപ്പാറയിൽ എം.സി.ബി.എസ്. 

ഗുരു എന്ന് തികച്ച് വിളിക്കാവുന്ന ഒരാളായിരുന്നു അദ്ദേഹം – ഡോ. ജേക്കബ് സ്രാമ്പിക്കല്‍ എസ്.ജെ. എന്റെ വ്യക്തി ജീവിതത്തെ എറെ സ്വാധീനിക്കുകയും അക്കാദമിക് ജീവിതത്തെ നയിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ജേര്‍ണലിസത്തില്‍ ഡോക്ടറേറ്റ് എന്ന സ്വപ്നം എന്റെ മനസ്സിലുണ്ടായപ്പോള്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ ഏറ്റവും അധികം ശ്രമിച്ചത് സ്രാമ്പിക്കലച്ചനാണ്. സ്‌കോളര്‍ഷിപ്പിനുള്ള കാര്യങ്ങള്‍ ക്രമീകരിക്കാനും റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനത്തിനുള്ള കടമ്പകള്‍ കടക്കാനും അച്ചന്‍ സഹായിച്ചു. പക്ഷേ, അദ്ദേഹം ഇന്നില്ല.

ഇന്ത്യന്‍ കത്തോലിക്കാ സഭ ജന്മം നല്‍കിയിട്ടുള്ള, കമ്യൂണിക്കേഷന്‍ രംഗത്തെ ഏറ്റവും പ്രഗത്ഭനായിരുന്നു റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ കമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ഡയറക്ടറായിരുന്ന ജേക്കബ് സ്രാമ്പിക്കലച്ചന്‍. രണ്ടു തവണയായി ആറു വര്‍ഷമാണ് അദ്ദേഹം അവിടെ ഡയറക്ടറായിരുന്നത്.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു ക്ലാസില്‍. ഒരിക്കല്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ വിഷയവുമായി ബന്ധപ്പെട്ട ഒരു കാര്യം സംസാരിച്ചു തുടങ്ങി. ആ ആശയം എവിടെയോ കേട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നി. എവിടെ നിന്ന് എന്ന് കൃത്യമായി ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല. പക്ഷേ എനിക്കറിയാവുന്ന കാര്യമാണ് അത് എന്ന് ഉറപ്പായിരുന്നു.

ആശയം പറഞ്ഞവസാനിപ്പിച്ചിട്ട് അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു: ‘ഇതെഴുതിയ ആള്‍ ഇവിടെ നിങ്ങള്‍ക്കിടയില്‍ ഇരിപ്പുണ്ട്.’ എന്നിട്ട് എന്റെ നേരെ വിരല്‍ ചൂണ്ടി പറഞ്ഞു: ‘ഇദ്ദേഹത്തിന്റെ ഒരു പുസ്തകത്തിലെ ഒരാശയമാണ് ഞാനിപ്പോള്‍ പറഞ്ഞത്.’ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അധ്യാപകന്‍ തന്റെ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥി എഴുതിയ പുസ്തകത്തിലെ കാര്യം ആ വിദ്യാര്‍ത്ഥിയിരിക്കെത്തന്നെ പറയുന്നത് എത്രയോ മഹത്തരമാണ്, അതും ഒരു ഇന്റര്‍നാഷണല്‍ യൂണിവേഴിസിറ്റി ക്ലാസ് റൂമില്‍ വച്ച്. അത്രയും ഹൃദയ വിശാലതയുണ്ടായിരുന്നു ‘സ്രാമ്പിക്കലച്ചാ,’ എന്ന് ഞങ്ങൾ വിളിച്ചുകൊണ്ടിരുന്നു ഡോ. ജേക്കബ് സ്രാമ്പിക്കലിന്.

എന്റെ ഡോക്ടറേറ്റ് ഗവേഷണവും അദ്ദേഹത്തിന്റെ കീഴിലായിരുന്നു. ഗവേഷകന് അദ്ദേഹം അനുവദിച്ചിരുന്നത് വലിയ സ്വാതന്ത്ര്യമാണ്. എന്നാല്‍ സ്‌നേഹവും കരുതലും തിരുത്തലും ഏത് കൂടിക്കാഴ്ചയിലും പ്രകടവുമായിരുന്നു. യൂണിവേഴ്‌സിറ്റിയുമായി ചില അക്കാദമിക് പ്രശ്‌നങ്ങള്‍ എനിക്കുണ്ടായപ്പോള്‍, അദ്ദേഹം തന്നെ ഏറ്റവും ഉന്നതാധികാരിയെ കണ്ട് പ്രശ്‌നം പരിഹരിച്ചതും ഒരിക്കലും മറക്കാന്‍ സാധിക്കുന്ന കാര്യമല്ല.

ഒരു സഹായവും മറ്റുള്ളവർക്ക് ചെയ്തു കൊടുക്കാതിരിക്കുകയും, എന്നാൽ മറ്റുള്ളവർ വിജയിച്ചു കഴിയുമ്പോൾ എല്ലാ നന്മകളുടെയും ക്രെഡിറ്റ് എടുക്കുകയും ചെയ്യുന്നവരുടെ ഇടയിൽ തികച്ചും വ്യത്യസ്തനായിരുന്നു അദ്ദേഹം. താൻ ചെയ്ത മഹത് കാര്യങ്ങൾ പോലും അദ്ദേഹം ആരെയും അറിയിച്ചിരുന്നില്ല!

പക്ഷേ എന്റെ ഗവേഷണം അവസാനിക്കുന്നതിന് രണ്ട് മാസം മുമ്പ് അദ്ദേഹം യാത്രയായി. 2012 ഏപ്രില്‍ മാസത്തില്‍ വിയന്നായില്‍ വച്ചായിരുന്നു മരണം. അതിനുമുമ്പ് പൂനെയില്‍ വച്ചുണ്ടായ സ്‌ട്രോക്കിനെ അത്ഭുതകരമായി അതിജീവിച്ച് വീണ്ടും റോമിലെത്തിയതായിരുന്നു. യൂണിവേഴ്‌സിറ്റിയിലെ ഉത്തരവാദിത്വങ്ങള്‍ അവസാനിപ്പിച്ചിട്ട് ഡല്‍ഹിയിലെ സിബിസിഐ മീഡിയാ ഇന്‍സ്റ്റിറ്റ്യൂട്ട് – നിസ്‌കോര്‍ട്ട് – ന്റെ ഡയറക്ടറായി ചാര്‍ജെടുക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു അദ്ദേഹം.

സ്രാമ്പിക്കലച്ചന്‍ വിയന്നായ്ക്ക് പോകുന്നത് 2012-ലെ ഓശാന ഞായറാഴ്ചയ്ക്ക് മുമ്പുള്ള വെള്ളിയാഴ്ചയായിരുന്നു. അതിന്റെ തലേന്നായിരുന്നു ഞങ്ങള്‍ അവസാനമായി കണ്ടതും സംസാരിച്ചതും. ആദ്യമായിട്ടാണ് ഞാന്‍ സ്രാമ്പിക്കലച്ചന്റെ സ്വന്തം മുറിയില്‍ കയറുന്നത്. വളരെ ലളിതമായ ഒന്ന്. ആഡംബരത്തിന്റെ അംശം പോയിട്ട് ആവശ്യത്തിനുള്ള സാധനങ്ങള്‍ പോലും അതിനുള്ളിലുണ്ടോ എന്ന് സംശയമാണ്. തീരെ ദുര്‍ബലനായി കാണപ്പെട്ടു അദ്ദേഹം. ഉറച്ച സ്വരത്തിലാണ് സംസാരിക്കാന്‍ ശ്രമിച്ചതെങ്കിലും സ്വരത്തില്‍ തളര്‍ച്ചയുണ്ടായിരുന്നു. താന്‍ എഴുതിക്കൊണ്ടിരുന്ന നാല് പുതിയ പുസ്തകങ്ങളെ കുറിച്ചും ഡല്‍ഹിയില്‍ പുതുതായി തുടങ്ങാന്‍ പോകുന്ന കോഴ്‌സുകളെക്കുറിച്ചും എത്രയും പെട്ടെന്ന് എന്റെ പഠനം കഴിഞ്ഞ് തിരിച്ചു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡല്‍ഹിയില്‍ അദ്ദേഹത്തോടൊപ്പം പഠിപ്പിക്കാന്‍ തുടങ്ങേണ്ടതിന്റെ കാര്യങ്ങളെക്കുറിച്ചും ആണ് കൂടുതലും സംസാരിച്ചത്. തലേന്ന് മലയാളി സുഹൃത്തുക്കള്‍ കൊടുത്ത കേരള ഭക്ഷണത്തെക്കുറിച്ചും പറഞ്ഞു.

ഇത്രയും ക്ഷീണമുള്ളപ്പോള്‍ വിയന്നായ്ക്ക് പോകണോ എന്ന ചോദ്യത്തിന് ഒരു ചെറുചിരിയോടെ, ‘എന്നാല്‍ താനും കൂടെ വരുന്നോ’ എന്നായിരുന്നു മറുപടി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ചില പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് നല്‍കി അധികം വൈകാതെ യാത്ര പറഞ്ഞിറങ്ങി.

പിന്നെ കേട്ടത് ഓശാനയ്ക്ക് പിറ്റേന്ന് തിങ്കളാഴ്ച ഓസ്ട്രിയായിലെ ഗ്രാസില്‍ വച്ച് അദ്ദേഹത്തിന് വീണ്ടും സ്‌ട്രോക്ക് വന്ന് അബോധാവസ്ഥയിലായി എന്നാണ്. തനിക്ക് അധികം പരിചയക്കാരില്ലാത്ത ഗ്രാസില്‍ വച്ച് 2012 ഏപ്രില്‍ 14-ന് അദ്ദേഹം മരണമടഞ്ഞു. മഹനീയമായ ഒരു ജന്മം! അദ്ദേഹത്തിന് പ്രിയപ്പെട്ട ഡല്‍ഹിയിലോ, അദ്ദേഹത്തിന്റെ ജസ്യൂട്ട് പ്രവിശ്യയായ പാറ്റ്‌നയിലോ, ജനിച്ച കേരളത്തിലോ സംസ്‌ക്കരിക്കണം എന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ആഗ്രഹം പൂര്‍ത്തിയായില്ല.

ആഴ്ചകള്‍ക്ക് ശേഷം റോമിലെ വെറാനോ സെമിത്തേരിയില്‍ സ്രാമ്പിക്കലച്ചന്റെ മറ്റൊരു ശിഷ്യനായ എം.എസ്. റ്റി. സഭാഗം ഫാ. സിബി നെല്ലൂരിനൊപ്പം ഞാനും എത്തി. സെമിത്തേരി ശാന്തമായിരുന്നു. വിശാലമായി നീണ്ടുകിടക്കുന്ന വെറാനോ സെമിത്തേരി –  ചെറു പള്ളികളോളം പോന്ന അനേകം കല്ലറകളും  ഉയര്‍ന്നു നില്‍ക്കുന്ന ശവകുടീരങ്ങളിലെ കുരിശുകളും തണല്‍ മരങ്ങളുടെ നിഴലുകളും ഒരിലപോലും വീഴാത്ത വഴികളും! ഞങ്ങള്‍ നിശബ്ദമായി സ്രാമ്പിക്കലച്ചന്റെ ശവകുടീരത്തിന് അല്‍പം അകലെയായി മരങ്ങളുടെ തണലില്‍ ഇരുന്നു. പരസ്പരം സംസാരിച്ചില്ല ഞങ്ങള്‍. നിശബ്ദതയില്‍ സ്രാമ്പിക്കലച്ചനെ ഓര്‍ക്കുകയായിരുന്നു. കുറെ കഴിഞ്ഞ് സിബിയച്ചന്‍ മൗനം മുറിച്ചു, “എന്തു പറയാനാണ്. നമ്മളോടൊന്നും പറയാതെ അദ്ദേഹം പോയില്ലേ?”

God always  gives  the very best  to those who leave the choice to Him – എന്നായിരുന്നു അദ്ദേഹത്തിന്റെ എല്ലാ ഇ-മെയിൽ സന്ദേശങ്ങളുടെയും ഒടുവിൽ കൊടുത്തിരുന്നത്. ദൈവത്തിന്റെ ചോയ്സ് അദ്ദേഹത്തെ ഭൂമിയിൽനിന്ന്  ഉടനെ തിരിച്ചു വിളിക്കണമെന്നായിരുന്നു!

പറയാതെ യാത്രയായ ആ പ്രിയ ഗുരുവിനെ ആദരവോടെ ഈ അധ്യാപക ദിനത്തില്‍ ഓര്‍മ്മിക്കുന്നു…

ഡോ. ജി. കടൂപ്പാറയിൽ എം.സി.ബി.എസ്. 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.