വചനങ്ങൾ ഓർത്തിരിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കണോ..? മൂന്ന് മാർഗ്ഗങ്ങൾ ഇതാ…

‘ചുട്ടയിലെ ശീലം ചുടല വരെ’ എന്ന ചൊല്ല് നമുക്കെല്ലാവർക്കും പരിചിതമാണല്ലോ. ചെറുപ്പത്തിൽ പകർന്നു കൊടുക്കുന്നവയാണ് ഒരു വ്യക്തിയെ മരണം വരെ നയിക്കുന്നത് എന്ന സത്യം വരുന്ന ഈ ചൊല്ലിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് നമുക്ക് നമ്മുടെ വിശ്വാസജീവിതത്തെ നിരീക്ഷിക്കാം. ഏതൊക്കെ കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾ ശൈശവത്തിലേ വിശ്വാസത്തിന്റെ പാഠങ്ങൾ പകർന്നു നൽകുന്നുവോ ആ കുഞ്ഞുങ്ങൾ വിശ്വാസത്തിൽ വളരുക തന്നെ ചെയ്യും.

ക്രിസ്തീയജീവിതത്തിന്റെ ആധാരം വിശുദ്ധ ഗ്രന്ഥം ആണ്; ഈശോയുടെ വചനങ്ങൾ. ഈ വചനങ്ങൾ അധാരത്തിലും ഹൃദയത്തിലും ഉള്ളിടത്തോളം കാലം ലോകത്തിന്റെ അധിപത്യങ്ങൾക്ക് ഒരാളെയും കീഴ്പ്പെടുത്താൻ കഴിയുകയില്ല. അതിനാൽ, കുഞ്ഞുങ്ങൾക്ക് ശൈശവകാലം മുതൽ തന്നെ വചനത്തെക്കുറിച്ചുള്ള അറിവ് പകർന്നുകൊടുക്കാൻ ശ്രമിക്കാം. നഴ്സറി പ്രായം മുതലുള്ള കുഞ്ഞുങ്ങളെ വചനം പഠിപ്പിക്കുവാനും അത് അവരുടെ ഓർമ്മയിൽ നിന്ന് മായാതെ പതിപ്പിക്കുന്നതിനും മാതാപിതാക്കളെ സഹായിക്കുന്ന മൂന്ന് മാർഗ്ഗങ്ങൾ ഇതാ …

1. സംഗീതരൂപത്തിൽ പഠിപ്പിക്കാം

സംഗീതത്തിന്റെ ശക്തി എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഒരു വചനം പറയിച്ച് പഠിപ്പിക്കുന്നതിനേക്കാൾ കൂടുതൽ എളുപ്പത്തിൽ സംഗീതരൂപത്തിൽ കുട്ടികൾ പഠിക്കും. അത് അവർക്ക് ഇഷ്ടമുള്ള ഈണത്തിൽക്കൂടി ആണെങ്കിൽ ഓർത്തിരിക്കുവാനും കുട്ടികൾക്ക് സാധിക്കും. അതിനാൽ കുട്ടികൾക്ക് ഇഷ്ടമുള്ള ട്യൂണിൽ അവരെ വചനം പഠിപ്പിക്കാം. അത് പാടിപ്പാടി പഠിക്കുകയും അവരുടെ ഓർമ്മയിൽ നിലനിൽക്കുകയും ചെയ്യും. ഇടയ്ക്കിടെ കുഞ്ഞുങ്ങളെ വചനം പാടിപ്പിക്കുവാന്‍  പ്രോത്സാഹിപ്പിക്കുവാനും മാതാപിതാക്കൾ ശ്രദ്ധിക്കണം.

2. ഓരോ വാക്യങ്ങൾ മായിക്കാം

കുഞ്ഞുങ്ങളുള്ള വീട്ടിൽ മിക്കവാറും ബോർഡോ മാജിക് സ്ലെയിറ്റോ ഒക്കെ ഉണ്ടാകും. ഈ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളുടെയുള്ളിൽ വചനം എത്രത്തോളം പതിഞ്ഞു എന്ന് നമുക്ക് വിലയിരുത്താം. ബോർഡിൽ അല്ലെങ്കിൽ സ്ളേറ്റിൽ അതുമല്ലെങ്കിൽ ഒരു ബുക്കിൽ വചനം എഴുതണം. അത് കുട്ടികളെക്കൊണ്ട് ഉറക്കെ വായിപ്പിക്കാം. കുറച്ചു തവണ വായിപ്പിച്ചശേഷം ഇടയിലുള്ള ഓരോ വാക്കുകൾ മായിക്കാം. എന്നിട്ട് കുട്ടികളോട് ആ മായിച്ചുകളഞ്ഞ വാക്കുകൾ ചേർത്തു വായിക്കുവാൻ പറയാം. അപ്പോൾ കുട്ടികൾ മറക്കുകയാണെങ്കിൽ അവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. ഇങ്ങനെ അവരുടെയുള്ളിൽ വചനത്തെ പകരാം. വായിക്കാൻ തുടങ്ങുന്ന കുട്ടികളിൽ ഈ മാർഗ്ഗം പരീക്ഷിക്കാം.

3. അഭിനയിപ്പിക്കാം

അഭിനയിക്കാനും ചിലരെയൊക്കെ അനുകരിക്കാനും കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാണ്. അവരുടെ ഈ ഒരു ഇഷ്ടത്തെ വചനം ഓർമ്മയിൽ സൂക്ഷിക്കുവാനുള്ള ഒരു അവസരമാക്കി മാറ്റാം. ചില ആംഗ്യങ്ങൾ, ചലനങ്ങൾ അത് വാക്കുകളെക്കാൾ കൂടുതൽ കുട്ടികളുടെ മനസ്സിൽ തങ്ങിനിൽക്കും. അതിനാൽ വിശുദ്ധ ഗ്രന്ഥ ഭാഗങ്ങൾ അഭിനയിച്ചു കാണിക്കുകയും അത് കുട്ടികളെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യാം. അതുമല്ലെങ്കിൽ കുട്ടികളെക്കൊണ്ടു തന്നെ വചനഭാഗങ്ങൾ അഭിനയിപ്പിക്കാം. അഭിനയിക്കുമ്പോൾ അത് കുട്ടികളുടെ മനസിലും ഓർമ്മയിലും പതിയുകയാണ്.

ഇത് മാതാപിതാക്കളുടെ പിന്തുണയോടു കൂടി മാത്രമേ കുട്ടികൾക്ക് ചെയ്യാൻ കഴിയുകയുള്ളു. അതിനാൽ സമയമെടുത്ത് സാവകാശം കുട്ടികളുടെ ഉള്ളിലേയ്ക്ക് ദൈവത്തിന്റെ വചനത്തെ പകരുവാൻ മാതാപിതാക്കൾക്ക് കഴിയണം.