വിശുദ്ധ ഫ്രാന്‍സിസ് അസീസി ഏറെ ഇഷ്ടപ്പെട്ടിരുന്ന താവു കുരിശ് 

ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവും T ആകൃതിയിലുള്ള കുരിശ് യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത്, ആ രൂപം എങ്ങനെ പിറവിയെടുത്തു എന്നൊക്കെ. വി. ഫ്രാന്‍സിസ് അസീസിയില്‍ നിന്ന് അക്കാര്യം മനസിലാക്കാന്‍ കഴിയും.

‘താവു’ (*Tau) എന്നാല്‍ ഹീബ്രു ഭാഷയിലെ അവസാനത്തെ അക്ഷരമാണ്. പഴയ നിയമത്തില്‍ താവു പ്രതീകാത്മകമായി ഉപയോഗിക്കുന്നുണ്ട്. താവു അടയാളം ഇസ്രായേലിലെ പാവപ്പെട്ടവരുടെ നെറ്റിത്തടത്തില്‍ പതിക്കുക പതിവായിരുന്നു. അകാലത്തിലും മറ്റും മരിച്ചുപോകുന്നതില്‍ നിന്ന് അവരെ രക്ഷിച്ചിരുന്നത് താവു ആയിരുന്നു. പിന്നീട് താവു അടയാളം ആദിമകാല ക്രിസ്ത്യാനികള്‍ ഏറ്റെടുത്തു. ഹീബ്രു അക്ഷരമാലയിലെ അവസാനത്തെ അക്ഷരം എന്ന നിലയില്‍ അന്ത്യദിനത്തെയും അന്ത്യവിധിയെയും അത് ഓര്‍മ്മിപ്പിച്ചിരുന്നു. ഒപ്പം, ഞാന്‍ ആദിയും അന്തവുമാണെന്ന യേശുവിന്റെ വചനങ്ങളെയും അത് സാക്ഷ്യപ്പെടുത്തിയിരുന്നു.

താവു ക്രിസ്തുവിന്റെ കുരിശിനെ ഓര്‍മിപ്പിച്ചിരുന്നതിനാല്‍ ക്രിസ്ത്യാനികള്‍ താവു അടയാളം ഏറ്റെടുത്തു. താവു കുരിശ് ക്രിസ്തീയവിശ്വാസത്തിന്റെ അടയാളമാണ്. എന്നാല്‍, അതിലുപരി അത് ദരിദ്രരോടൊപ്പം നിലകൊള്ളുന്നതിന്റെയും ക്രൂശിതനായ ക്രിസ്തുവിന്റെയും പ്രതീകമാണ്. ഈ ചിഹ്നം ഭാഗ്യം കൊണ്ടുവരുന്നു എന്നും വിശ്വസിച്ചിരുന്നു.

കുരിശുമായുള്ള രൂപസാദൃശ്യം മൂലം താവു അടയാളത്തെ വി. ഫ്രാന്‍സിസ് അസീസി വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലും കര്‍മ്മ മണ്ഡലത്തിലും താവു കുരിശ് വലിയ പ്രാധാന്യം വഹിച്ചു. കത്തുകള്‍ അയയ്ക്കുമ്പോഴെല്ലാം ഫ്രാന്‍സിസ് താവു അടയാളം വച്ചിരുന്നു. എല്ലാ പ്രവര്‍ത്തികളും താവു അടയാളത്തോടെയാണ് അദ്ദേഹം ആരംഭിച്ചിരുന്നത്. രക്ഷയുടെ അടയാളമായും സര്‍വ്വോപരി ഫ്രാന്‍സിസ്‌കന്‍ ജീവിതരീതിയുടെ ഏറ്റവും വലിയ പ്രത്യേകതയായ ദാരിദ്രത്തെ വിളിച്ചോതുന്ന രൂപം കൂടിയായതിനാലാവും അസീസി പുണ്യവാന്‍ കുരിശു രൂപത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.

കുരിശ്, യഥാര്‍ത്ഥത്തില്‍ തടി കൊണ്ടായിരുന്നല്ലോ. അതാകട്ടെ, ഏറ്റവും നിസാരതയുടെയും എളിമയുടെയും ദാരിദ്രത്തിന്റെയും പ്രതീകം. കുരിശിലാണ് സകല മര്‍ത്യരുടെയും രക്ഷ എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. വിശുദ്ധ ഗ്രന്ഥവും കുരിശിനെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്തെല്ലാം രക്ഷയുടെ അടയാളവും പ്രതീകവുമായാണ് വിവരിക്കുന്നത്.

വൃദ്ധരെയും യുവാക്കളെയും യുവതികളെയും പൈതങ്ങളെയും സ്ത്രീകളെയും നിശേഷം വധിക്കുവിന്‍. എന്നാല്‍, അടയാളമുള്ളവരെ ആരെയും തൊടരുത്. എന്റെ വിശുദ്ധമന്ദിരത്തില്‍ തന്നെ ആരംഭിക്കുവിന്‍! അവര്‍ ആലയത്തിനു മുമ്പിലുണ്ടായിരുന്ന ശ്രേഷ്ഠന്മാരില്‍ തന്നെ ആരംഭിച്ചു (എസെ. 9:6).

നെറ്റിയില്‍ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയും, ഭൂമിയിലെ പുല്ലിനെയോ പച്ചച്ചെടികളെയോ വൃക്ഷങ്ങളെയോ ഉപദ്രവിക്കരുതെന്ന് അവയോടു കല്‍പിച്ചു (വെളി. 9:4).

വേറൊരു ദൂതന്‍ ജീവിക്കുന്ന ദൈവത്തിന്റെ മുദ്രയുമായി സൂര്യനുദിക്കുന്ന ദിക്കില്‍ നിന്ന് ഉയര്‍ന്നുവരുന്നതു ഞാന്‍ കണ്ടു. കരയ്ക്കും കടലിനും നാശം ചെയ്യാന്‍ അധികാരം നല്‍കപ്പെട്ട ആ നാലു ദൂതന്മാരോട് അവന്‍ ഉറച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ഞങ്ങള്‍ നമ്മുടെ ദൈവത്തിന്റെ ദാസരുടെ നെറ്റിത്തടത്തില്‍ മുദ്ര കുത്തിത്തീരുവോളം നിങ്ങള്‍ കരയോ കടലോ വൃക്ഷങ്ങളോ നശിപ്പിക്കരുത്. മുദ്രിതരുടെ എണ്ണം ഞാന്‍ കേട്ടു: ഇസ്രായേല്‍ മക്കളുടെ എല്ലാ ഗോത്രങ്ങളിലും നിന്ന് ആകെ നൂറ്റിനാല്‍പത്തിനാലായിരം (വെളി. 7:24).