തമിഴ്നാട്ടിൽ കപ്പൂച്ചിൻ വൈദികനെ ദൈവദാസൻ പദവിയിലേക്ക് ഉയർത്തി

തങ്ങളുടെ പ്രിയ വൈദകൻ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെടുന്ന സന്തോഷം പങ്കുവച്ച് തമിഴ്‍നാട്ടിലെ കത്തോലിക്കർ. ഡിസംബർ മൂന്നാം തീയതിയാണ് തമിഴ്‍നാട്ടില്‍ നിന്നുള്ള കപ്പൂച്ചിൻ വൈദികനായ ജോൺ പീറ്റർ സവരിനായഗത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്.

തിരുച്ചിറപ്പള്ളിയിലെ അമലാശ്രം പള്ളിയിൽ നടന്ന ദൈവദാസ പദവി പ്രഖ്യാപനത്തിൽ തമിഴ്നാടിന്റെ വിവിധ മേഖലകളിൽ നിന്ന് അയ്യായിരത്തിലധികം വിശ്വാസികളാണ് പങ്കെടുത്തത്. വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിന്റെ മേധാവി കർദ്ദിനാൾ ആഞ്ചലോ ബെച്ചു ഒപ്പിട്ട പൊന്തിഫിക്കൽ ഡിക്രീ വായിച്ചുകൊണ്ടാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്.

1979-ൽ തന്റെ മുപ്പത്തിയെട്ടാം വയസിൽ ക്യാൻസർ ബാധിതനായി മരണമടഞ്ഞ ഈ വൈദികൻ വിശുദ്ധിയുടെ മാതൃകയായിരുന്നു. പാവങ്ങൾക്ക് സഹായം നൽകുന്നതിലും സെമിനാരിക്കാരുടെ ശരിയായ പരിശീലനത്തിലും സന്യാസജീവിതം ഏറ്റവും വിശുദ്ധിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിലും അതീവ തീക്ഷ്ണമതിയായിരുന്നു അദ്ദേഹം. വിശുദ്ധമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. തിരക്കുകൾക്കിടയിലും അർദ്ധരാത്രികളിലും ദിവ്യകാരുണ്യനാഥന്റെ പക്കലായിരുന്നുകൊണ്ട് തീക്ഷ്ണമായി പ്രാർത്ഥിച്ചിരുന്ന ഈ സന്യാസി മറ്റുള്ളവർക്ക് മാതൃകയായിരുന്നു.

1979 മാർച്ച് രണ്ടാം തീയതി മരണമടഞ്ഞ ഈ വൈദികന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന അമലാശ്രം കപ്പൂച്ചിൻ ദൈവാലയത്തിൽ നിരവധി ആളുകളാണ് ദിവസവും പ്രാർത്ഥിക്കുവാൻ എത്തുന്നത്.