ഒരു ടി ഷർട്ട് പോലും സുവിശേഷ പ്രഘോഷണത്തിന് മാർഗ്ഗമാകുന്നതെങ്ങനെ..?

ഈശോയോടുള്ള സ്നേഹവും വിശ്വാസവും മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നതിനേക്കാൾ മനോഹരമായി മറ്റൊന്നും ഈ ലോകത്തില്ല. എങ്കിലും മറ്റ് വിശ്വാസങ്ങളിൽ കഴിയുന്നവരോട് ഇതേക്കുറിച്ച് പറയുക എന്നത് വൈകാരികത നിറഞ്ഞ കാര്യവുമാണ്. മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ ലോറൻ വൈറ്റ് എന്ന സ്ത്രീ ഇക്കാര്യം തിരിച്ചറിഞ്ഞതോടെ സുവിശേഷവത്കരണത്തിന് വ്യത്യസ്തമായ ഒരു മാർഗ്ഗം കണ്ടെത്തി.

എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജനിച്ച് ജീവിച്ച ആളുകളെ സംബന്ധിച്ച് ക്രിസ്തുവിനെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുക, അവരെ വിശ്വാസത്തിലേയ്ക്ക് കൊണ്ടുവരിക എന്നതായിരുന്നു ഈ ലോകത്തിൽ – തന്റെ ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും മികച്ച കാര്യമെന്ന്, ഒരു പഠന റിപ്പോര്‍ട്ട് വായിച്ചതിലൂടെ വൈറ്റിന് മനസിലായി. പിന്നീടാണ് ബിസിനസിന്റെ ഒപ്പം സുവിശേഷപ്രഘോഷണവും വൈറ്റ് തുടങ്ങിവച്ചത്.

ട്രെൻഡിയായി, ഫാഷനബിളായുള്ള ഒരു സുവിശേഷപ്രഘോഷണം. കത്തോലിക്കാ വിശ്വാസം വിളിച്ചോതുന്നതും ദിവസം മുഴുവനും ആത്മവിശ്വാസവും പ്രചോദനവും ലഭിക്കുന്നതുമായ ഒരു പ്രവൃത്തി. ടി ഷർട്ടുകളിൽ വചനവും വിശുദ്ധരുടെ ചിത്രങ്ങളും നല്ല ചിന്തകളും കോറിയിട്ടുകൊണ്ടുള്ള ബിസിനസ് കം സുവിശേഷപ്രഘോഷണം.

സ്ത്രീകളുടെ ടി ഷർട്ടുകളിലാണ് പ്രധാനമായും വൈറ്റ് ഈ പരീക്ഷണം നടത്തിയത്. അത് വലിയ വിജയമാവുകയും ട്രെന്റാവുകയും ചെയ്തു. ഈ ടി ഷർട്ട് ധരിക്കുന്നവർ പരസ്പരം കണ്ടുമുട്ടുമ്പോൾ ഇതേക്കുറിച്ച് സംസാരിക്കുകയും വചനം പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നുണ്ട്. നിരവധി സ്ത്രീകൾ ഇതുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ തന്നോട് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും വൈറ്റ് പറയുന്നു.

ചിലരാകട്ടെ, തങ്ങളുടെ പ്രത്യേക നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ ടീഷർട്ടിൽ ആലേഖനം ചെയ്യാൻ ആവശ്യപ്പെട്ടും സമീപിക്കുന്നുണ്ടത്രേ. ഇതുവഴി മനസിലാക്കേണ്ടത് ഇതാണ്, എത്ര ചെറുതെന്ന് കരുതുന്ന കാര്യമാണെങ്കിലും അതിലൂടെയും ദൈവനാമം പ്രഘോഷിക്കാൻ നമുക്ക് സാധിക്കും. അതിനുള്ള മനസാണ് ഉണ്ടാവേണ്ടത്.