സീറോ മലങ്കര മെയ്‌ 13 ലൂക്കാ 24: 50-53 ഈശോയുടെ സ്വര്‍ഗ്ഗാരോഹണം

ഫാ. ജെറോം കുന്നിന്‍പുറത്ത്

ഇന്ന് സ്വര്‍ഗ്ഗാരോഹണത്തിരുനാളാണ്. അവന്‍ പീഡ അനുഭവിച്ച്, മരിച്ച്, അടക്കപ്പെട്ട്, പാതാളത്തിലേയ്ക്കിറങ്ങി മരിച്ചവരുടെ ഇടയില്‍ നിന്ന് മൂന്നാം നാള്‍ ഉയിര്‍ത്ത് സ്വര്‍ഗ്ഗത്തിലേയ്ക്കു കരേറി പിതാവിന്റെ വലതുഭാഗത്തിരിക്കുന്നു എന്നത് വിശ്വാസപ്രമാണമാണ്‌. കര്‍ത്താവായ ക്രിസ്തു തന്റെ പരസ്യജീവിതം അവസാനിപ്പിച്ച് മരിച്ചടക്കപ്പെട്ട്, ഉയിര്‍പ്പിക്കപ്പെട്ട് തന്റെ ശിഷ്യന്മാരോടൊപ്പം നാല്പതു ദിവസക്കാലം ഈ ഭൂമിയില്‍ ആയിരുന്ന് അവരെ വിശ്വാസത്തില്‍ ഉറപ്പിച്ചു. അതിനുശേഷം സുവിശേഷപ്രകാരം അവിടുന്ന് 11 ശിഷ്യന്മാരെ കൂട്ടിക്കൊണ്ട് ഒലിവുമലയില്‍ പോയി അവരെ അനുഗ്രഹിച്ചു. അപ്പോള്‍ തന്നെ അവന്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് സംവഹിക്കപ്പെട്ടു.

കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം അവര്‍, ലൂക്കായുടെ സുവിശേഷത്തില്‍ വായിച്ചുകേട്ടത്‌ തിരികെ പോയി അവര്‍ കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് സദാ ദേവാലയത്തില്‍ കഴിച്ചുകൂട്ടി. അവര്‍ ഒരു വലിയ കാത്തിരിപ്പിന്റെ ദിവസങ്ങള്‍ അനുഷ്ഠിക്കുകയാണ് ചെയ്തത്. കാരണം കര്‍ത്താവ് തന്റെ സ്വര്‍ഗ്ഗാരോഹണത്തിനു മുമ്പ് അവര്‍ക്ക് കല്പന കൊടുത്തിരുന്നു. നിങ്ങള്‍ പരിശുദ്ധാത്മാവിനെ ധരിക്കുന്നതുവരെ ജറുസലേം വിട്ടു പോകരുതെന്ന്. ആയതിനാല്‍ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷമുള്ള ആ ദിവസങ്ങള്‍ വലിയ കാത്തിരിപ്പിന്റെ ദിവസങ്ങള്‍ ആയിരുന്നു. പരിശുദ്ധാത്മാവിന്റെ ആഗമനത്തിനുവേണ്ടി അവര്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍ നല്‍കുന്ന സന്ദേശം, ഒന്നാമതായി ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്തത് നാം ഓരോരുത്തരെയും സ്വര്‍ഗ്ഗത്തിലേയ്ക്ക് ഒരു ദിവസം എടുക്കുന്നതിനു വേണ്ടിയിട്ടാണ്. ഭൂമിയില്‍ സ്ഥിരമായ ഒരു വാസസ്ഥലം നമുക്കില്ല. നാം കടന്നുപോകേണ്ടിയിരിക്കുന്നു. നമ്മുടെ ലക്ഷ്യസ്ഥാനം കര്‍ത്താവിനൊപ്പമുള്ള സ്വര്‍ഗ്ഗീയപ്രവേശനമാണ്. ആയതിനാല്‍ ഈ സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍ നാം സ്വര്‍ഗ്ഗത്തിലേയ്ക്ക് നോക്കി, സ്വര്‍ഗ്ഗാരോഹിതനായ കര്‍ത്താവിനെ നോക്കി നാം നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തണം എന്ന് ഉദ്ബോധിപ്പിക്കുകയാണ്.

ഈ സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍ നമ്മെ ഉദ്ബോധിപ്പിക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം, ഈ തിരുനാളിനു ശേഷം വരുന്ന ദിവസങ്ങള്‍, വലിയ കാത്തിരിപ്പിന്റെ ദിവസങ്ങള്‍, പെന്തക്കൊസ്തിക്കു വേണ്ടിയുള്ള കാത്തിരിപ്പ്, പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായുള്ള കാത്തിരിപ്പ്… ശിഷ്യന്മാര്‍ എപ്രകാരം പരിശുദ്ധ അമ്മയോട് ചേര്‍ന്നുനിന്ന്‍ സെഹിയോന്‍ മാളികയില്‍ പ്രാര്‍ത്ഥിച്ച്, സ്തുതിച്ച്, പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായി ഒരുങ്ങിയോ അതോപോലെ നാമും പരിശുദ്ധാത്മാവിന്റെ ശക്തി ലഭിക്കാനായിട്ട് ഈ ദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കണം. പെന്തക്കൊസ്തിയുടെ വലിയ അനുഭവത്തിലേയ്ക്ക് കടന്നുവരണം. അങ്ങനെ സ്വര്‍ഗ്ഗാരോഹിതനായ യേശുവിന്റെ കല്പന അനുസരിച്ച് ജീവിക്കുവാനായി പരിശ്രമിക്കാം.

ഫാ. ജെറോം കുന്നിന്‍പുറത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.