സീറോ മലങ്കര ഡിസംബര്‍ 08 ലൂക്ക. 1:46-56 നീ സ്‌തോത്രഗീതം ആലപിച്ചിട്ടുണ്ടോ?

പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളിന്റെ അനുഗ്രഹങ്ങള്‍ ഏവര്‍ക്കും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഇന്ന് നാം ധ്യാനവിഷയമാക്കുന്ന വചനഭാഗത്ത് പരിശുദ്ധ കന്യകാമറിയം, ദൈവം തനിക്ക് ചെയ്ത വലിയ കാര്യങ്ങളെപ്രതി ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുകയാണ്. കാരണം ദൈവത്തിന്റെ ദാസിയില്‍ നിന്ന് ദൈവത്തിന്റെ അമ്മയിലേയ്ക്കുള്ള യഥാര്‍ത്ഥദൂരം ആ സാധാരണ പെണ്‍കുട്ടിക്ക് അറിയാമായിരുന്നു. ഇവിടെ മറിയം മനുഷ്യകുലത്തിന് തന്നെ വലിയ മാതൃകയായി നിലകൊള്ളുകയാണ്.

എത്രമാത്രം നന്മകളാണ് ഈ നിമിഷം വരെ ദൈവം നമുക്ക് ചെയ്തു തന്നിട്ടുള്ളത്. ഒരിക്കലെങ്കിലും സന്തോഷം കൊണ്ട് തുള്ളിച്ചാടി പരിശുദ്ധ മറിയത്തെപ്പോലെ ദൈവത്തെ സ്തുതിക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാന്‍ മറന്നുപോയ ദിവസങ്ങള്‍ നമ്മിലുണ്ടായിട്ടുണ്ടോ? കാര്യസാധ്യത്തിന് ശേഷം, കാര്യം നടത്തിത്തന്നവനെ മറന്നുകളയുന്ന മാറുന്ന ലോകത്തിന് മാതൃകയാക്കാവുന്ന സുകൃതമാണ് പരിശുദ്ധ കന്യകാമറിയം.

ചെറിയ കൃപകള്‍ പോലും ദൈവം നമുക്കായി ചൊരിയുമ്പോള്‍ നന്ദിയുള്ളവരാകാം. ദൈവനാമത്തെ മഹത്വപ്പെടുത്തി ജീവിക്കാം. കാരണം ‘അവിടുത്തെ ഭക്തരുടെ മേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും’ (ലൂക്ക. 1:50). അത്രമാത്രം അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നു. തലമുറകളെ സംരക്ഷിക്കുന്ന ദൈവത്തിന് നമുക്കും സ്‌തോത്രമാലപിക്കാം.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.