സീറോ മലങ്കര ഡിസംബര്‍ 06 യോഹ. 16: 25-33 അനാഥരാക്കരുത്

ഈ ലോകം വിട്ട് തന്റെ പിതാവിന്റെ അടുക്കലേയ്ക്ക് പോകുന്നതിന് മുമ്പായി വേദന നിറഞ്ഞ ചില യാഥാര്‍ത്ഥ്യങ്ങള്‍ യേശുതമ്പുരാന്‍ മനസ്സിലാക്കുകയാണ്. യേശു പറയുകയാണ് തന്റെ ശിഷ്യര്‍ ഓരോരുത്തരും താന്താങ്ങളുടെ വഴിക്ക് ചിതറിക്കപ്പെടുകയും തന്നെ ഏകനായി വിട്ടുപോവുകയും ചെയ്യുന്ന സമയം വരുന്നു. അല്ല, വന്നുകഴിഞ്ഞു. എങ്കിലും ഞാന്‍ ഏകനല്ല. കാരണം, പിതാവ് എന്നോടു കൂടെയുണ്ട് (യോഹ. 16:32).

തന്റെ ശിഷ്യരുടെ പരാജയം ഈശോ മുമ്പേ തന്നെ കാണുകയാണ്. തന്റെ ഇഷ്ടപ്രവാചകനായ സഖറിയ പ്രവാചകന്റെ പുസ്തകത്തിലെ വചനം ഇവിടെ ഈശോ സൂചിപ്പിക്കുകയാണ്; ‘ഇടയനെ വെട്ടുക, ആടുകള്‍ ചിതറട്ടെ’ (സഖ. 13:7). ഏകനായിത്തീര്‍ന്ന ഈശോയും താന്താങ്ങളുടെ വഴിക്ക് ചിതറിക്കപ്പെട്ട ശിഷ്യന്മാരും ഒരു വേദനയായി മനസ്സിനെ വീര്‍പ്പുമുട്ടിക്കുകയാണ്.

അനാഥമാക്കപ്പെടുന്ന അവസ്ഥയും ചിതറിക്കപ്പെടുന്ന അവസ്ഥയും ഇന്നും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ മലയാള മനോരമ ദിനപ്പത്രത്തിന്റെ പ്രധാനവാര്‍ത്ത ഇപ്രകാരമായിരുന്നു: ‘മലയാളിക്ക് വേണ്ട മാതാപിതാക്കളെ’ വാര്‍ത്തയുടെ പ്രധാന ആശയം, ഒരായുസ്സ് മുഴുവന്‍ മക്കള്‍ക്ക് വേണ്ടി പകുത്തു നല്‍കിയ വൃദ്ധരായ, രോഗികളായ, കാര്യപ്രാപ്തി കുറഞ്ഞ മാതാപിതാക്കന്മാരെ മലയാളികളായ മക്കള്‍ക്ക് മടുപ്പാണ്.

ഇന്ന് അനാഥരായി ഉള്ള് നീറിക്കഴിയുന്ന അച്ഛനമ്മമാരുടെ എണ്ണം ഞെട്ടിപ്പിക്കുംവിധം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. കേരളത്തില്‍ 9,596 അമ്മമാരും 14,227 അച്ഛന്മാരും അനാഥരായി 631-ഓളം അനാഥമന്ദിരങ്ങളില്‍ ദിനങ്ങളെണ്ണി കഴിയുന്നു. ഇതില്‍ മിക്കവരുടെയും മക്കള്‍ ജീവിച്ചിരിക്കുന്നു എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സ്വത്തെല്ലാം കൈക്കലാക്കിയ ശേഷം മക്കള്‍ ഇറക്കിവിട്ട മാതാപിതാക്കളോട് മക്കള്‍ക്കെതിരെ കേസ് കൊടുത്താല്‍ സ്വത്ത് തിരിച്ചു കിട്ടുമെന്നും മാസച്ചെലവിന് 10,000 രൂപ തരാന്‍ നിയമമുണ്ടെന്നും പറഞ്ഞാല്‍ ഭൂരിഭാഗം മാതാപിതാക്കളും 10,000 രൂപയ്ക്കു വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ പോലീസിന് കൊടുക്കാന്‍ തയ്യാറാവുന്നില്ല എന്നതാണ് ഇവിടെ കാണുന്ന മറ്റൊരു അത്ഭുതപ്പെടുത്തുന്ന കാര്യം.

പടയാളികളും പുരോഹിത പ്രമുഖന്മാരുമെല്ലാം കൂടി യേശുവിനെ ബന്ധിച്ചപ്പോള്‍ നാലുപാടും ചിതറിയോടിയ ശിഷ്യന്മാരെപ്പോലെ, മാതാപിതാക്കള്‍ പ്രായാധിക്യമാകുമ്പോള്‍ ചിതറിയോടുന്ന മക്കള്‍ ദൈവതിരുമുമ്പാകെ വലിയ നന്ദികേട് കാട്ടുന്നുവെന്ന കാര്യം മറക്കരുത്. ദൈവം മാതാപിതാക്കന്മാരിലൂടെയാണ് നമ്മെ സ്‌നേഹിക്കുന്നത്, പരിപാലിക്കുന്നത്, സംരക്ഷിക്കുന്നത്, വളര്‍ത്തുന്നത്. എന്നാല്‍ പ്രായമാകുമ്പോള്‍ നമ്മുടെ മാതാപിതാക്കള്‍ ഇന്ന് നമുക്ക് ഭാരമാകുന്നെങ്കില്‍ ഒരു തിരിഞ്ഞുനോട്ടം ആവശ്യമാണ്. സ്വന്തം മക്കളുടെ കൂടെ വസിക്കുമ്പോഴും അനാഥരായി കഴിയേണ്ടി വരുന്ന മാതാപിതാക്കളും ഇന്ന് അനവധിയാണ്.

സ്വന്തം സുഖം തേടി പാഞ്ഞു നടക്കുമ്പോള്‍ നാമൊരിക്കലും മറക്കുവാന്‍ പാടില്ലാത്ത ഒരു കാര്യം, നമുക്ക് ജന്മം നല്‍കിയ മാതാപിതാക്കന്മാരില്‍ നിന്ന് ഒരിക്കലും അകന്നുപോകരുത്. അവരുടെ മുഖം മനസ്സില്‍ നിന്നും മായ്ച്ചു കളയരുത്. നമുക്ക് ചിന്തിക്കാം, അനാഥരാക്കപ്പെട്ട മാതാപിതാക്കള്‍ നമ്മുടെ കുടുംബങ്ങളിലുണ്ടോ? ഉണ്ടെങ്കില്‍, ആരുമില്ല എന്ന ഭാരം ഇനിമേല്‍ അവര്‍ക്കുണ്ടാക്കില്ല എന്ന് പ്രതിജ്ഞയെടുക്കുക.

ഇവിടെ നെഞ്ചു നീറിക്കഴിയുന്ന മാതാപിതാക്കന്മാരോട് ഈശോയ്ക്ക് ഒന്ന് പറയാനുണ്ട്. ‘എങ്കിലും നിങ്ങള്‍ ഏകരല്ല. കാരണം, പിതാവ് നിങ്ങളോട് കൂടെയുണ്ട്’. ബെദ്‌സെയ്ദാ കുളക്കരയില്‍ ആരുമില്ലായെന്ന് വിലപിച്ച് വേദനിച്ച തളര്‍വാതരോഗിയെപ്പോലെ നിങ്ങള്‍ ഇനിമേല്‍ വിലപിച്ച് തളരരുത്. നിങ്ങള്‍ക്ക് കൂട്ടായി സ്വര്‍ഗ്ഗത്തിലെ അപ്പനുണ്ട് എന്ന് വിസ്മരിക്കരുത്. ഈശോ വചനത്തില്‍ പറയുന്നു: ‘നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാകും, എങ്കിലും ധൈര്യമായിരിക്കുവിന്‍’ (യോഹ. 16:33).

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.