സീറോ മലങ്കര ഡിസംബര്‍ 05 യോഹ. 10: 1-6 നല്ല ഇടയന്‍

ആടുകള്‍ക്ക് രാത്രി വിശ്രമിക്കുവാനായി ചുറ്റുവേലികളാല്‍ വേര്‍തിരിക്കപ്പെട്ട വലിയ പ്രദേശമാണ് ആട്ടിന്‍തൊഴുത്ത്. തൊഴുത്തിലേയ്ക്ക് പ്രവേശിക്കുവാനും പുറത്തേക്ക് പോകുവാനുമായി ഒരു വാതിലും ഉണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇത്തരം ആട്ടിന്‍തൊഴുത്തില്‍ പല ഇടയന്മാരുടെ ആടുകള്‍ ഉണ്ടാകും എന്നതാണ്. പ്രഭാതത്തില്‍ ഇടയന്‍ വന്ന് ആടുകളെ വിളിക്കുമ്പോള്‍ ആടുകള്‍ തങ്ങളുടെ ഇടയന്മാരുടെ സ്വരം തിരിച്ചറിയുന്നു. തുടര്‍ന്ന് അവര്‍ അവരവരുടെ ഇടയന്മാരെ അനുഗമിക്കുന്നു.

നാം വസിക്കുന്ന ലോകം നമുക്ക് അദ്ധ്വാനിക്കുവാനും വിശ്രമിക്കുവാനുമായി ദൈവം ഒരുക്കിയ ഭവനമാണ്. ഒരുപാട് ആടുകള്‍ ഈ ഭവനത്തില്‍ വസിക്കുന്നു. ദൈവമക്കളായ നമ്മുടെ ഇടയന്‍ കര്‍ത്താവായ യേശുക്രിസ്തുവാണ്. വഴിയും സത്യവും ജീവനും ഞാനാകുന്നു എന്നരുളിയ നല്ല ഇടയനായ യേശുവിന്റെ സ്വരം തിരിച്ചറിഞ്ഞ് യേശുവിനെ നമുക്ക് അനുഗമിക്കാം.

ഇവിടെ വചനം എടുത്തുപറയുന്ന ഒരു കാര്യമുണ്ട്; ‘അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല’ (10:5).

അനുകരണക്കാര്‍ ഏറെയുള്ള ഈ കാലഘട്ടത്തില്‍ ക്രിസ്തുവിന്റെ വേഷം, ശബ്ദം അനുകരിച്ച് കൊണ്ട് ഒരുപാട് അപരിചിതര്‍ നാം വസിക്കുന്ന തൊഴുത്തില്‍ വാതിലിലൂടെയല്ലാതെ പ്രവേശിച്ചേക്കാം. ‘അവരില്‍ നിന്ന് ഓടിയകലുവിന്‍’ എന്നാണ് യേശു പറഞ്ഞു തരുന്നത്. നാം അപരിചിതരുടെ പിടിയില്‍ അകപ്പെടാതിരിക്കാനാണ്, അവരില്‍ നിന്ന് ഓടിയകലുവിന്‍ എന്ന് യേശു നമ്മോട് പറയുന്നത്. വിശുദ്ധനായ പൗലോസ് ശ്ലീഹായും പറയുന്നു: ‘പാപത്തിന്റെ സാഹചര്യത്തില്‍ നിന്ന് ഓടിയകലുവിന്‍’ എന്ന്.

ദൈവസ്‌നേഹത്തില്‍ നിന്ന് നമ്മെ പറിച്ചെറിയുവാന്‍ പതിയിരിക്കുന്ന അപരിചിതരില്‍ നിന്ന് ഓടിയകന്ന് ദൈവത്തിങ്കലേയേ്ക്ക് ഓടി അവനില്‍ നമുക്ക് ആശ്രയിക്കാം. ആടുകള്‍ക്ക് വേണ്ടി ജീവന്‍ വരെ ബലിയര്‍പ്പിച്ചവനായ നല്ല ഇടയന്‍ യേശു നമ്മുടെ ചാരത്തുണ്ട്. ആ നല്ല ഇടയനില്‍ നമുക്ക് അഭയപ്പെടാം.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.