സീറോ മലങ്കര സെപ്റ്റംബർ 08 യോഹ. 19: 25-27 പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാൾ

ഫാ. തോമസ് തൈക്കാട്ട്

കുരിശിൻചുവട്ടിൽ യേശുവിന്റെ പ്രിയപ്പെട്ടവർ നിൽക്കുന്നു. പ്രത്യേകിച്ച് യേശുവിന്റെ അമ്മയും അവൻ ഏറെ സ്നേഹിച്ചിരുന്ന ശിഷ്യനും. സൃഷ്ടികർമ്മത്തിനു ശേഷം സൃഷ്ടിച്ചതെല്ലാം നല്ലതെന്നു കണ്ട ദൈവം ഇതാ കുരിശിൽ കള്ളമുള്ളവനായി കിടക്കുന്നു. കുരിശുമരണം വലിയ കുറ്റവാളികൾക്ക് നൽകപ്പെടുന്ന ശിക്ഷയായതിനാൽ തന്നെ എല്ലാവരും ഓടിയൊളിക്കുന്നു. പക്ഷേ, യഥാർത്ഥ സ്നേഹം കുരിശിന്റെ ചുവട്ടിലും വിട്ടുപിരിയുന്നില്ല. അതുകൊണ്ടു തന്നെ കുരിശിൻചുവട്ടിൽ ഒരു ബന്ധം ജനിക്കുന്നു.

ലോകജനതക്ക് യേശുതമ്പുരാൻ തന്റെ അമ്മയെ അമ്മയായി നൽകുന്നതിന് കുരിശ് സാക്ഷി. കുരിശിനെ വന്ദിക്കുന്ന ഏതൊരു വ്യക്തിക്കും ദൈവം ഈ അമ്മയെ സമ്മാനമായി നൽകുന്നുണ്ട്. കുരിശിനെ വന്ദിക്കുന്നവന്റെ ജീവിതത്തിൽ ഈ ഒരു ബന്ധം ജനിക്കുന്നു. ഇതാ നിന്റെ അമ്മ എന്ന് യോഹന്നാനോട് (യേശു സ്നേഹിച്ചിരുന്ന ശിഷ്യൻ) പറയുമ്പോൾ അവൻ മറിയത്തെ അവന്റെ വീട്ടിൽ സ്വീകരിക്കുന്നു. അതുകൊണ്ടു തന്നെ യോഹന്നാൻ ശ്ലീഹ വെളിപാടിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തപ്പെടുകയാണ്.

ഇന്ന് പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാൾ നാം ആഘോഷിക്കുകയാണ്. അമ്മ വളർത്തിയ ആദ്യമകൻ കാൽവരിയിൽ കുരിശിലേക്കും അവിടെ നിന്ന് സ്വർഗ്ഗത്തിലേക്കും ആനയിക്കപ്പെട്ടു. അമ്മയുടെ അടുത്ത മകൻ വെളിപാടിൽ സ്വർഗം കണ്ട് നിർവൃതി അടയുന്നു. പരിശുദ്ധ മറിയത്തെ അമ്മയായി സ്വീകരിക്കുന്നവർ വെളിപാടിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തപ്പെട്ടു. അവന് നിത്യജീവൻ സമ്മാനമായി ലഭിക്കും.

ഈ ജനനത്തിരുനാളിൽ അമ്മ ജനിക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങളിലാവട്ടെ. അമ്മയുടെ സാന്നിദ്ധ്യമറിഞ്ഞ കുടുംബങ്ങൾ കാനായിലെ കുടുംബം, എലിസബത്തിന്റെ ഭവനം, യോഹന്നാന്റെ ഭവനം പരിശുദ്ധാത്മനിറവിലും അത്ഭുതങ്ങളുടെ പെരുപ്പത്തിലും ആയതുപോലെ നമ്മുടെ കുടുംബങ്ങളും ദൈവമാതാവിന്റെ സാന്നിദ്ധ്യത്താൽ അനുഗ്രഹങ്ങളുടെ നിറവിലാകട്ടെ.

ഫാ. തോമസ് തൈക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.